ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട പ്രചാരണത്തിന് തുടക്കംകുറിച്ച് ഉത്തരകന്നഡയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ റോഡ് ഷോ.

അഴിമതിക്കെതിരേയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ രാഹുല്‍ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. അഴിമതിക്കാരെ കൂടെനിര്‍ത്തിയാണ് നരേന്ദ്രമോദി അഴിമതിയെപ്പറ്റി സംസാരിക്കുന്നതെന്നും അനധികൃത ഖനനത്തില്‍ ആരോപണവിധേയരായവരെയാണ് സ്ഥാനാര്‍ഥിയാക്കിയതെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു.

'കര്‍ണാടകത്തില്‍ വരുമ്പോള്‍ പ്രധാനമന്ത്രിക്ക് പറയാനുള്ളത് അഴിമതിയെക്കുറിച്ചാണ്. നീരവ് മോദിയെ നരേന്ദ്രമോദിക്ക് നന്നായി അറിയാം. 30,000 കോടി രൂപയുമായാണ് നീരവ് മോദി രാജ്യംവിട്ടത്. അഴിമതിക്കേസില്‍ ജയിലില്‍പോയ ബി.എസ്. യെദ്യൂരപ്പയെ വേദിയില്‍ ഇരുത്തിയാണ് അഴിമതിയെക്കുറിച്ച് സംസാരിക്കുന്നത്. അഴിമതിക്കേസില്‍ ഉള്‍പ്പെട്ട എട്ടുപേര്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളാണ്'' -രാഹുല്‍ പറഞ്ഞു.

കര്‍ണാടകത്തില്‍ ഒരു വശത്ത് കോണ്‍ഗ്രസും മറുഭാഗത്ത് ബി.ജെ.പി.യും ആര്‍.എസ്.എസുമാണ്. കോണ്‍ഗ്രസിനെ പിന്തുണയ്ക്കണം. പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി ഞങ്ങള്‍ പ്രവര്‍ത്തിക്കും. ബി.ജെ.പി. കുത്തക മുതലാളിമാര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഇതാണ് കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മിലുള്ള വ്യത്യാസം. വന്‍കിട വ്യവസായികളുടെ വായ്പകള്‍ കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളുകയാണ്. രാജ്യത്തെ 15 കോടീശ്വരന്‍മാര്‍ക്കായി 2.5 ലക്ഷം കോടിയുടെ വായ്പയാണ് കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളിയത്. രാജ്യത്തിന് പുറത്തുള്ള കള്ളപ്പണം തിരിച്ചുപിടിക്കുമെന്നും ഓരോരുത്തരുടെയും അക്കൗണ്ടുകളില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്നുമായിരുന്നു മോദിയുടെ വാഗ്ദാനം. എന്നാല്‍, എന്താണ് സംഭവിച്ചതെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രി ഡി.കെ. ശിവകുമാര്‍ തുടങ്ങിയ നേതാക്കളും റോഡ്‌ഷോയില്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

കോണ്‍ഗ്രസിന്റെ പ്രകടനപത്രിക വെള്ളിയാഴ്ച പുറത്തിറക്കും. സംസ്ഥാന തലത്തിലും മേഖലാതലത്തിലുമാണ് പത്രിക പുറത്തിറക്കുന്നത്. മംഗളൂരുവില്‍ നടക്കുന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രകാശനം നിര്‍വഹിക്കും. ഇതോടൊപ്പം മേഖലാതലത്തിലും പ്രകടന പത്രിക പുറത്തിറക്കും. മംഗളൂരുവില്‍ ധര്‍മസ്ഥല ക്ഷേത്രത്തില്‍ രാഹുല്‍ഗാന്ധി ദര്‍ശനം നടത്തും. വൈകുന്നേരം അഞ്ചിന് മൈസൂരു പെരിയപട്ടണയില്‍ നടക്കുന്ന യോഗത്തിലും രാഹുല്‍ പങ്കെടുക്കും. ബെംഗളൂരുവില്‍ 28-ന് നടക്കുന്ന പത്രികപ്രകാശനച്ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, സംസ്ഥാന അധ്യക്ഷന്‍ ജി. പരമേശ്വര, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കും.