ബെംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ബി.ജെ.പി., ജനതാദള്‍-എസ് സ്ഥാനാര്‍ഥികളില്‍ കളങ്കിതരും.

അഴിമതിയടക്കം വിവിധ ആരോപണങ്ങള്‍ നേരിട്ടവര്‍ക്കാണ് സീറ്റുനല്‍കിയത്. കോണ്‍ഗ്രസില്‍ ഡി.കെ. ശിവകുമാര്‍, കെ.ജെ. ജോര്‍ജ്, സന്തോഷ് ലാഡ്, എച്ച്. ആഞ്ജനേയ, അനില്‍ ലാഡ്, ആനന്ദ് സിങ്, നാഗേന്ദ്ര എന്നിവര്‍ വിവിധ ആരോപണങ്ങള്‍ നേരിടുന്നവരാണ്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെതിരേ ആദായനികുതിവെട്ടിപ്പിന് കേസെടുത്തിട്ടുണ്ട്. വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തുകയും ചെയ്തു. അദ്ദേഹം കനകപുരയില്‍ സ്ഥാനാര്‍ഥിയാണ്. വൊക്കലിഗ നേതാവുകൂടിയായ ശിവകുമാര്‍ ജനപിന്തുണയുള്ള നേതാക്കളില്‍ ഒരാളാണെന്നതാണ് വീണ്ടും സീറ്റ് ലഭിക്കാന്‍ കാരണം.

ബല്ലാരിയില്‍നിന്നുള്ള സന്തോഷ് ലാഡ്, അനില്‍ ലാഡ്, നാഗേന്ദ്ര, ആനന്ദ് സിങ് എന്നിവര്‍ക്കെതിരേ അനധികൃത ഖനന പരാതി നിലവിലുണ്ട്. നാഗേന്ദ്രയും ആനന്ദ് സിങ്ങും ഈയിടെയാണ് ബി.ജെ.പി.യില്‍നിന്ന് കോണ്‍ഗ്രസിലെത്തിയത്.

ആരോപണത്തെത്തുടര്‍ന്ന് ബി.ജെ.പി. സീറ്റുനല്‍കില്ലെന്ന് അറിഞ്ഞതോടെയാണ് കോണ്‍ഗ്രസിലേക്ക് ചുവടുമാറ്റിയത്. അനില്‍ ലാഡും മുന്‍ ബി.ജെ.പി. നേതാവാണ്. അനില്‍ ലാഡ് 2008-ലാണ് കോണ്‍ഗ്രസിലെത്തിയത്. പിന്നാക്ക വിഭാഗത്തില്‍നിന്നുള്ള ആഞ്ജനേയയ്‌ക്കെതിരെയും ക്രമക്കേട് സംബന്ധിച്ച് പരാതിയുയര്‍ന്നിരുന്നു.

മംഗളൂരു ഡിവൈ.എസ്.പി.യുടെ ആത്മഹത്യയില്‍ സി.ബി.ഐ. അന്വേഷണം നേരിടുകയാണ് മന്ത്രി കെ.ജെ. ജോര്‍ജ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥ ലൈംഗിക ആരോപണമുന്നയിച്ച എച്ച്.വൈ. മേട്ടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. ആരോപണത്തെത്തുടര്‍ന്ന് മേട്ടി ഈയിടെയാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. മുന്‍ പോലീസ് ഉദ്യോഗസ്ഥ അനുപമ ഷേണായിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ പി.ടി. പരമേശ്വര്‍ നായിക്ക് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. പരമേശ്വര്‍ നായിക്കിനും കോണ്‍ഗ്രസ് സീറ്റുനല്‍കി.

ജനാര്‍ദന റെഡ്ഡിയുടെ അനുയായികളെ ബി.ജെ.പി. സ്ഥാനാര്‍ഥികളാക്കിയിട്ടുണ്ട്. റെഡ്ഡിയുടെ സഹോദരന്‍ സോമശേഖര്‍ റെഡ്ഡി, സന്ന ഫക്കീരപ്പ എന്നിവര്‍ ബല്ലാരിയില്‍ സ്ഥാനാര്‍ഥികളാണ്. അഴിമതി ആരോപണം നേരിട്ട കട്ട സുബ്രഹ്മണ്യ നായിഡു, കൃഷ്ണയ്യ ഷെട്ടി, മുരുകേഷ് നിറാനി, ലൈംഗിക ആരോപണം നേരിട്ട ഹര്‍ത്താല ഹാലപ്പ, രേണുകാചാര്യ എന്നിവരും സ്ഥാനാര്‍ഥികളാണ്. അഴിമതിക്കേസില്‍ ജയിലില്‍പ്പോയ നേതാവാണ് കട്ട സുബ്രഹ്മണ്യ നായിഡു. ഭൂമി അഴിമതിക്കേസില്‍ യെദ്യൂരപ്പയോടൊപ്പം കൃഷ്ണയ്യ ഷെട്ടിയും അറസ്റ്റിലായിരുന്നു. ജനതാദള്‍-എസില്‍ ജി.ടി. ദേവഗൗഡ, അഫ്ത്താഫ് ഖാന്‍, ഗോപാലയ്യ, മജ്ജുനാഥ ഗൗഡ എന്നിവരാണ് അഴിമതിയടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്നത്. ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട പരാതിയില്‍ ദേവഗൗഡയ്‌ക്കെതിരേ അഴിമതി നിരോധന ബ്യൂറോയുടെ അന്വേഷണം നടന്നുവരികയാണ്.