കൊച്ചി: കര്‍ണാടകയിലെ കോണ്‍ഗ്രസ്,ജെ.‍ഡി.എസ് എംഎല്‍മാരെ കേരളത്തിലേക്ക് എത്തിക്കുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് വാളയാറില്‍ എര്‍പ്പെടുത്തിയിരുന്ന അധിക സുരക്ഷ പോലീസ് പിന്‍വലിച്ചു. എംഎല്‍എമാരെ ഉടന്‍ കേരളത്തിലേക്കെത്തിക്കില്ലെന്ന് സൂചന ലഭിച്ചതോടെയാണ് അധികസുരക്ഷ പിന്‍വലിക്കാന്‍ തീരുമാനമായത്.

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ ബിജെപിയുടെ കുതിരക്കച്ചവടത്തില്‍ നിന്ന് തങ്ങളുടെ എംഎല്‍എമാരെ അകറ്റിനിര്‍ത്താനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന 78 എംഎല്‍എമാരെയും കര്‍ണാടകത്തിന് പുറത്ത് ഒരു സുരക്ഷിത സ്ഥാനത്തെത്തിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ഇതേത്തുടര്‍ന്നാണ് ഇവരെ കേരളത്തിലേക്കാണ് കൊണ്ടുവരികയെന്ന് അഭ്യൂഹങ്ങളുണ്ടായത്. വിമാനമാര്‍ഗം കൊച്ചിയിലേക്കാണ് കൊണ്ടുവരികയെന്നായിരുന്നു ആദ്യ സൂചന. എന്നാല്‍,പിന്നീട് ഇവരെ റോഡുമാര്‍ഗമാണ് കേരളത്തിലേക്ക് കൊണ്ടുവരികയെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നു.

ഇതോടെയാണ് വാളയാറില്‍ പോലീസ് സുരക്ഷ ശക്തമാക്കിയത്. ചെക്‌പോസ്റ്റിലും പരിസരപ്രദേശങ്ങളിലും കൂടുതല്‍ പോലീസിനെ വിന്യസിച്ചു. എന്നാല്‍, എംഎല്‍എമാര്‍ എത്തുമെന്ന അറിയിപ്പ് ഔദ്യോഗികമായി പോലീസിന് ലഭിച്ചില്ല. കോണ്‍ഗ്രസ് പ്രാദേശികനേതൃത്വത്തിനും ഇതു സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമായില്ല. അതിനിടെ എംഎൽഎമാർ ഹൈദരാബാദിലെത്തിയതായും വാർത്ത വന്നു. ഇതോടെയാണ് വാളയാറില്‍ ഏര്‍പ്പെടുത്തിയ അധികസുരക്ഷ പിന്‍വലിച്ചത്. 

content highlights: Karnataka Election 2018, Karnataka Election results, congress mla, valayar chekpost