ബെംഗളൂരു: സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദം ഉന്നയിച്ചുകൊണ്ട് 117 എം.എല്‍.എമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറിയതായി ജെ.ഡി(എസ്) നേതാവ് എച്ച്.ഡി കുമാരസ്വാമി. ആവശ്യം നിയമാനുസൃതമായി പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചുവെന്നും കര്‍ണാടക ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജെ.ഡി(എസ്) ഉം കോണ്‍ഗ്രസും ഒന്നിച്ച് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള എം.എല്‍.എമാരുടെ പ്രതിനിധി സംഘമാണ് കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയുമായി കൂടിക്കാഴ്ച നടത്തിയത്. കോണ്‍ഗ്രസ് നേതാക്കളും വൈകീട്ട് അഞ്ചോടെ ഗവര്‍ണറെക്കണ്ടു.

ഭരണഘടനയ്ക്ക് അനുസൃതമായി തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണറില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം നീതികേട് കാട്ടുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അംഗബലമുണ്ട്. ഒരാള്‍പോലും നിലപാട് മാറ്റിയിട്ടില്ല. അത്തരം സംഭവങ്ങള്‍ നടക്കാന്‍ അനുവദിക്കില്ലെന്നും ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ട് പ്രതികരിച്ചു.