ബെംഗളൂരു:  യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് നാളെ ഭൂരിപക്ഷം തെളിയാക്കാന്‍ സുപ്രീംകോടതി അന്ത്യശാസനം നല്‍കിയ സാഹചര്യത്തില്‍ ബി.ജെ.പി വീരാജ്‌പേട്ട് എം.എല്‍.എ കെ.ജി ബൊപ്പയ്യയെ പ്രൊടേം സ്പീക്കറായി നിയമിച്ചു. ഗവര്‍ണര്‍ വാജുഭായ്‌ വാലയാണ് പ്രൊടേം സ്പീക്കറെ നിയമിച്ച് കൊണ്ട് ഉത്തരവിറക്കിയത്. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിക്കുന്നത് ബൊപ്പയ്യയായിരിക്കും. ബൊപ്പയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

എറെ നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ ഇന്നാണ് ബി.ജെ.പി നേതൃത്വത്തിലുള്ള യെദ്യൂരപ്പ സര്‍ക്കാരിനോട് നാളെ നാല് മണിക്ക് ഭൂരിപക്ഷം തെളിയാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്. കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം സമര്‍പ്പിച്ച ഹര്‍ജി പരഗണിക്കവെയായിരുന്നു നാളെ നാല് മണിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരപ്പയോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്. 

സഭയിലെ മുതിര്‍ന്ന നേതാവായ വി.ആര്‍ ദേശ്പാണ്ഡെയെ പ്രോടേം സ്പീക്കറാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. കുട്ടിക്കാലം മുതല്‍ ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തനത്തിലൂടെ ബി.ജെ.പിയുടെ നേതൃത്വ പദവിയിലെത്തിയ ആളാണ് കെ.ജി ബൊപ്പയ്യ. 2009-മുതല്‍ ബൊപ്പയ്യ കര്‍ണാടക നിയമസഭാ സ്പീക്കറായിരുന്നു. 2011-ല്‍ യെദ്യൂരപ്പ സര്‍ക്കാരിനെതിരെ  പ്രതിഷേധിച്ച 11 എം.എല്‍.എമാരെ അയോഗ്യരാക്കിയതും അന്ന്  സ്പീക്കറായിരുന്ന  ബൊപ്പയ്യ ആയിരുന്നു.