ബെംഗളൂരു: അനധികൃത ഖനനക്കേസില്‍ ജയിലിലായ ജനാര്‍ദനറെഡ്ഡിയെച്ചൊല്ലി ബി.ജെ.പി.യില്‍ വിഭാഗീയത. തിരഞ്ഞെടുപ്പില്‍ ജനാര്‍ദനറെഡ്ഡിയുടെ സഹോദരങ്ങള്‍ക്കും അനുയായികള്‍ക്കും സീറ്റ് നല്‍കിയത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ആയുധമാക്കിയതാണ് ബി.ജെ.പി.യെ പ്രതിസന്ധിയിലാക്കിയത്. സാമൂഹികമാധ്യമങ്ങളില്‍ പ്രശ്‌നം ചര്‍ച്ചയായതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് മാറിനില്‍ക്കാന്‍ കേന്ദ്രനേതൃത്വം ജനാര്‍ദനറെഡ്ഡിയോട് ആവശ്യപ്പെട്ടു. എന്നാല്‍, ജനാര്‍ദനറെഡ്ഡിയെയും അനുയായികളെയും തള്ളിപ്പറയാന്‍ ബി.ജെ.പി.യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പ തയ്യാറായിട്ടില്ല. ജനാര്‍ദനറെഡ്ഡിയുടെ സഹായത്തില്‍ പത്ത് മുതല്‍ 15 സീറ്റുവരെ കൂടുതല്‍ സീറ്റുകള്‍ ബി.ജെ.പി.ക്ക് ലഭിക്കുമെന്നാണ് യെദ്യൂരപ്പ അവകാശപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ സഹായകമാകുമെങ്കില്‍ ആരുടെ സഹായവും തേടാമെന്നാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍ദേശിച്ചതെന്നും യെദ്യൂരപ്പ വെളിപ്പെടുത്തി. ഇത് കേന്ദ്ര നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ജനാര്‍ദനറെഡ്ഡിയും അനുയായികളും പങ്കെടുക്കുന്ന ചടങ്ങ് ഒഴിവാക്കുന്നതിനുവേണ്ടി അമിത് ഷാ ബല്ലാരി റാലി ഒഴിവാക്കിയിരുന്നു.

തിരഞ്ഞെടുപ്പില്‍ ജനാര്‍ദന റെഡ്ഡിയുടെ സഹോദരങ്ങളും അനുയായികളുമായി ഏഴുപേരാണ് മല്‍സരിക്കുന്നത്. ഇവര്‍ക്ക് സീറ്റ് നല്‍കിയത് കേന്ദ്രനേതൃത്വമാണ്. ഇതിന് ശേഷം റെഡ്ഡി സഹോദരങ്ങളോട് അയിത്തം കാണിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് യെദ്യൂരപ്പ പക്ഷത്തിനുള്ളത്. മുഖ്യമന്ത്രി സിദ്ധരാമയ്യ മല്‍സരിക്കുന്ന രണ്ടാം മണ്ഡലമായ ബദാമിയില്‍ ജനാര്‍ദന റെഡ്ഡിയുടെ അനുയായി ബി. ശ്രീരാമുലുവാണ് മല്‍സരിക്കുന്നത്. പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിനാണ് ശ്രീരാമുലുവിന് രണ്ട് മണ്ഡലം അനുവദിച്ചത്. ദളിത് പിന്നാക്ക സമുദായങ്ങള്‍ക്കിടിയില്‍ ശ്രീരാമുലുവിനുള്ള പിന്തുണയാണ് ബി.ജെ.പി. തീരുമാനത്തിന് പിന്നില്‍. എന്നാല്‍ റെഡ്ഡി സഹോദരങ്ങളോടുള്ള കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് മാറ്റത്തില്‍ ശ്രീരാമുലുവിനും എതിര്‍പ്പുണ്ടെന്നാണ് അറിയുന്നത്. അനധികൃത ഖനനക്കേസില്‍ 50000 കോടി രൂപയുടെ അഴിമതി ആരോപണമാണ് ജനാര്‍ദന റെഡ്ഡി നേരിടുന്നത്. അനധികൃത ഖനനക്കേസില്‍ ജാമ്യത്തിലിറങ്ങിയ റെഡ്ഡിക്ക് ബല്ലാരിയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.

മൈസൂരുവിലെ വരുണയില്‍ യെദ്യൂരപ്പയുടെ മകന്‍ ബി. വൈ. വിജയേന്ദ്രയ്ക്ക് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് ആദ്യം പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത ഉടലെടുത്തത്. വരുണയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തകര്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുകയാണ്. നോട്ടയ്ക്ക് വോട്ടു ചെയ്യണമെന്നാവശ്യപ്പെട്ട് ലഘുലേഖകളും വിതരണം ചെയ്യുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന അധ്യക്ഷനായ യെദ്യൂരപ്പ തയ്യാറായിട്ടില്ല. ഇതിന് പിന്നാലെയാണ് ജനാര്‍ദന റെഡ്ഡിയുടെ കാര്യത്തിലും അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവന്നത്.