ബെംഗളൂരു: അടുത്ത മാസം നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയും കേവല ഭൂരിപക്ഷം നേടില്ലെന്ന് ഇന്ത്യ ടുഡേ-കാര്‍വി അഭിപ്രായ സര്‍വ്വേ. നിലവിലെ ഭരണകക്ഷിയായ കോണ്‍ഗ്രസായിരിക്കും ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും സര്‍വ്വേ പ്രവചിക്കുന്നു. 

തിരഞ്ഞെടുപ്പ് നടക്കുന്ന 224 അംഗ നിയമസഭയില്‍ 112 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. കോണ്‍ഗ്രസ് 90 മുതല്‍ 101 സീറ്റ് വരെ നേടും. മുഖ്യ പ്രതിപക്ഷമായ ബിജെപി 78 മുതല്‍ 86 സീറ്റുകള്‍ വരെ നേടുമെന്നും അഭിപ്രായ സര്‍വേ ചൂണ്ടിക്കാട്ടുന്നു.

ദേവാ ഗൗഡയുടെ ജനതാദള്‍ എസ് ആയിരിക്കും കര്‍ണാടകത്തിലെ കിങ് മേക്കര്‍. ബിഎസ്പിയുമായി സഖ്യത്തില്‍ മത്സരിക്കുന്ന ജനതാദള്‍ എസ് 34- മുതല്‍ 43 സീറ്റുകള്‍ വരെ നേടി നിര്‍ണായക ശക്തിയാകുമെന്നാണ് കരുതുന്നത്. 

വോട്ടിങ് ഷെയറില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രണ്ടു ശതമാനത്തിന്റെ വ്യത്യാസമാണ് ഉള്ളത്. കോണ്‍ഗ്രസിന് 37 ഉം ബിജെപിക്ക് 35 ഉം  ജെഡിഎസ്-ബിഎസ്പി സഖ്യത്തിന് 19 ഉം ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

കോണ്‍ഗ്രസിനെ അപേക്ഷിച്ച നിലവില്‍ സീറ്റുകളില്‍ നിന്ന് ബിജെപി നില മെച്ചപ്പെടുത്തുമെങ്കിലും ഭരണം തിരിച്ച് പിടിക്കാനാവില്ലെന്നാണ് കണക്കാക്കുന്നത്. നിലവില്‍ കോണ്‍ഗ്രസിന് 122 ഉം ബിജെപിക്ക് 43 ഉം ജെഡിഎസിന് 29 ഉം സീറ്റുകളാണ് ഉള്ളത്. ബാക്കിയുള്ള സീറ്റുകള്‍ സ്വതന്ത്രര്‍ക്കും ചെറുപാര്‍ട്ടികള്‍ക്കുമാണ്. ഒരു മാസം മുമ്പാണ് അഭിപ്രായ സര്‍വേ നടത്തിയത്.