ന്യൂഡല്‍ഹി: ട്രോളാത്തവര്‍ പോലും ട്രോളിപ്പോകുന്ന അവസ്ഥയാണ് കര്‍ണാടകത്തിലെ സംഭവവികാസങ്ങള്‍ രാജ്യത്തുണ്ടാക്കിയിട്ടുള്ളത്. ജനാധിപത്യം നേരിടുന്ന ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയിലും വാട്‌സ്ആപ്പിലുമെല്ലാം ട്രോളുകളുടെ പെരുമഴയാണ്. സുപ്രീം കോടതിക്കും ഈ ട്രോളുകള്‍ കാണാതിരിക്കാനാവില്ല എന്നതാണ് സത്യം. ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് സോഷ്യല്‍ മീഡിയയിലെ ട്രോളും സുപ്രീം കോടതി ഉദ്ധരിച്ചത്.

യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയെ ചോദ്യംചെയ്തുകൊണ്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ ചൂടേറിയ വാദം നടക്കുന്നതിനിടെയാണ് ജസ്റ്റിസ് എ.കെ സിക്രി വാട്‌സ്ആപ്പില്‍ വന്ന ഒരു ട്രോള്‍ ചൂണ്ടിക്കാട്ടിയത്. 

'ഇതിനിടെ ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങള്‍ക്കു ലഭിച്ചു. തന്റെ കൈവശം 113 എംഎല്‍എമാര്‍ ഉണ്ടെന്നും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിന്റെ ഉടമ ഗവര്‍ണറോട് അപേക്ഷിക്കുന്നതായിരുന്നു ആ ട്രോള്‍..'- സിക്രി പറഞ്ഞു. കൂടാതെ ആ ട്രോള്‍ കോടതിയില്‍ വായിക്കുകയും ചെയ്തു.

troll

 

"ഹലോ, ഇത് ഗവര്‍ണറുടെ ഓഫീസ് അല്ലേ?"

"അതേ.."

"എന്റെ കൈവശം 113 എംഎല്‍എമാരുണ്ട്. എന്നെ മുഖ്യമന്ത്രിയാക്കാമോ?"

"ആരാണ് സംസാരിക്കുന്നത്?" 

"എല്‍എല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിന്റെ മുതലാളിയാണ്.."

ബിജെപിയുടെ ചാക്കിട്ടുപിടിത്തത്തില്‍ നിന്ന് രക്ഷതേടി ബെംഗളൂരുവിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിലാണ് കോണ്‍ഗ്രസും ജെഡിഎസും തങ്ങളുടെ എംഎല്‍എമാരെ താമസിപ്പിച്ചിരുന്നത്. ഇതിനെ പരിഹസിച്ചുകൊണ്ടുള്ള ട്രോള്‍ സുപ്രീം കോടതിയും ചൂണ്ടിക്കാണിച്ചത് പിരിമുറുക്കം നിറഞ്ഞ കോടതി നടപടികള്‍ക്കിടയിലും പൊട്ടിച്ചിരിയുയര്‍ത്തി. 

Troll

ഇതിനിടെ, മുഖ്യമന്ത്രിയായി സ്ഥാനമേറ്റ യെദ്യൂരപ്പ ഈഗിള്‍ടണ്‍ റിസോര്‍ട്ടിനുണ്ടായിരുന്ന പോലീസ് സുരക്ഷ പിന്‍വലിച്ചു. തുടര്‍ന്ന് എംഎല്‍എമാരെ ഇവിടെത്തന്നെ താമസിപ്പിക്കുന്നത് സുരക്ഷിതമല്ലെന്നു തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് ഇവരെ രാത്രിതന്നെ ഹൈദരാബാദിലെ റിസോര്‍ട്ടുകളിലേക്ക് മാറ്റുകയായിരുന്നു.

104 എംഎല്‍എമാരുള്ള ബിജെപിക്ക് 112 എന്ന ഭൂരിപക്ഷം തികയ്ക്കാന്‍ എട്ട് എംഎല്‍എമാര്‍ കൂടി വേണം. ഇതിനായി പതിനെട്ടടവും പയറ്റുകയാണ് ബിജെപി. തങ്ങള്‍ക്കൊപ്പമുള്ള എംഎല്‍എമാരെ ഒപ്പംകൂട്ടുന്നതിന് 100 കോടി രൂപവരെ ബിജെപി വാഗ്ദാനം ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കുതിരക്കച്ചവടത്തിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനെതിരെ ശക്തമായ വികാരമാണ് രാജ്യത്താകെ ഉയരുന്നത്.

Content Highlights: karnataka election 2018, troll In Supreme Court, Supreme court, Justice AK Sikri