ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ജനതാദള്‍-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് ജി.പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്തു. മറ്റന്നാളാണ് വിശ്വാസ വോട്ടെടുപ്പ്. വിധാന്‍ സൗധയ്ക്കു മുന്നില്‍ സജ്ജമാക്കിയ പ്രത്യേക വേദിയിലായിരുന്നു ചടങ്ങുകള്‍. ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. 

paramaeswara

 സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ ഐക്യത്തിന്റെ വേദിയായി മാറി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബി.എസ്.പി. നേതാവ് മായാവതി, എസ്.പി. നേതാവ് അഖിലേഷ് യാദവ്, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ലോക്താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവ്, ശരത് പവാർ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ അണിനിരക്കുന്ന പ്രതിപക്ഷപാര്‍ട്ടികളുടെ സഖ്യം എന്ന നിലയില്‍ കൂടിയാണ് ഈ ഒത്തുകൂടലിനെ രാഷ്ട്രീയലോകം വിലയിരുത്തുന്നത്.

വി.ഐ.പി.കള്‍ക്കും നേതാക്കള്‍ക്കുമായി 75,000 ഇരിപ്പിടങ്ങളാണ് ഒരുക്കിയത്. പത്തുമിനിറ്റിനുള്ളില്‍ ചടങ്ങുകള്‍ അവസാനിച്ചു. ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ബി.ജെ.പി. അംഗങ്ങള്‍ക്ക് കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു.