H Nagesh supports congress and then BJP
Photo:youtubegrab

ബെംഗളൂരു:  100 കോടി വരെ വിലയിട്ട് ജനാധിപത്യം കര്‍ണാടകയില്‍ വിളങ്ങുമ്പോള്‍ കോണ്‍ഗ്രസ് ക്യാമ്പും ബിജെപി ക്യാമ്പും ഒരു പോലെ നോട്ടമിട്ടിരിക്കുന്ന എംഎല്‍എയാണ് സ്വതന്ത്രനായ എച്ച് നാഗേഷ്. ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസിന്റെ ചാണക്യനായ ഡി കെ ശിവകുമാറിന്റെ വിളിയെത്തിയതോടെ നാഗേഷ് കോണ്‍ഗ്രസ് പക്ഷത്തേക്ക് ചാഞ്ഞു. എന്നാല്‍ ഇന്നലെ ഉച്ചയോടെ ബിജെപി ക്യാമ്പ് നാഗേഷിനായി ചരടുവലി തുടങ്ങി. വൈകാതെ അദ്ദേഹം ബിജെപിയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചു. വൈകിട്ടോടെ വീണ്ടും അദ്ദേഹത്തിന് ചാഞ്ചാട്ടം. നിലപാട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കോണ്‍ഗ്രസ് ക്യാമ്പിന്റെ നിരീക്ഷണത്തിലാണ് നാഗേഷ് എന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. 

നാഗേഷിന്റെ സമയമാണ് സമയം. മുളബാഗില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹം ജയം സ്വപ്‌നം പോലും കണ്ടിരിക്കില്ല. കോണ്‍ഗ്രസ് ഇവിടെ ജി മഞ്ജുനാഥിനെയാണ് സ്ഥാനാര്‍ഥിയാക്കിയത്. കഴിഞ്ഞ തവണ ഇവിടെ സ്വതന്ത്രനായി ജയിച്ച മഞ്ജുനാഥ് പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

മഞ്ജുനാഥിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന പരാതിയില്‍ കോടതി മഞ്ജുനാഥ് പട്ടികജാതി വിഭാഗത്തില്‍ പെട്ടയാളല്ലെന്ന് കോടതി വിധിച്ചു. അതോടെ സംവരണ സീറ്റില്‍ മത്സരിക്കുന്നതിന് അയോഗ്യതയായി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ച ശേഷമാണ് വിധി വന്നത്. അതോടെ കോണ്‍ഗ്രസിന് അവിടെ സ്ഥാനാര്‍ഥിയില്ലാത്ത സ്ഥിതി വന്നു. പിന്നെ സ്വതന്ത്രനായി പത്രിക കൊടുത്തവരില്‍ നിന്ന് മഞ്ജുനാഥിന്റെ ഡമ്മിയായി പത്രിക നല്‍കിയ നാഗേഷിനെ പിന്തുണക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. അങ്ങനെ കോണ്‍ഗ്രസ് പിന്തുണയോടെയാണ് നാഗേഷ് വിജയിച്ചത്. 6715 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജെഡിഎസിന്റെ എസ് മഞ്ജുനാഥിനെയാണ് നാഗേഷ് തോല്‍പിച്ചത്. 

കോണ്‍ഗ്രസ് പിന്തുണ വിജയിക്കാന്‍ കാരണമായെങ്കിലും സ്വതന്ത്രന്‍ എന്ന മേല്‍വിലാസം അക്ഷരാര്‍ഥത്തില്‍ നാഗേഷിന് ഇപ്പോള്‍ ലോട്ടറിയാണ്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള ഘട്ടമെത്തുമ്പോള്‍ ഓരോ വോട്ടും നിര്‍ണായകമാകുമ്പോള്‍ നാഗേഷിന്റെ മനസ്സ് ആരിലേക്ക് ചായുമെന്ന പ്രവചനത്തിന് ഇനിയും സമയം ബാക്കി.

Content Highlights: KarnatakaElection2018, BJP, Congress