ബെംഗളൂരു: അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവില്‍ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിനായി ഗവര്‍ണര്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ ക്ഷണിച്ചു. 9.30ന് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഭൂരിപക്ഷം തെളിയിക്കുന്നതിന് ബിജെപിക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപിയെ ക്ഷണിച്ച നടപടിക്കെതിരേ നിയമ നടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കാണും.

മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുമായി നിയമവശങ്ങള്‍ ചര്‍ച്ച ചെയ്തശേഷമാണ് ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചത്. ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് അവകാശമുന്നയിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടതിനു തൊട്ടുപിന്നാലെയാണ് ഗവര്‍ണറുടെ തീരുമാനമുണ്ടായത്.

അതേസമയം, യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് കാണിച്ച് ബിജെപി കര്‍ണാടകം ഘടകം ചെയ്ത ട്വീറ്റ് പിന്നീട് പിന്‍വലിച്ചു. ഗവര്‍ണറുടെ ഔദ്യോഗിക തീരുമാനം വരുന്നതിന് മുന്‍പ് ട്വീറ്റ് ചെയ്തത് വിവാദമായതോടെയാണ് ട്വീറ്റ് പിന്‍വലിച്ചതെന്നാണ് സൂചന. നാളെ രാവിലെ 9.30ന് സത്യപ്രതിജ്ഞ നടക്കുമെന്നായിരുന്നു ട്വീറ്റ്.

ബി.എസ്. യദ്യൂരപ്പയാണ് സര്‍ക്കാര്‍ രൂപീകരണം എന്ന ആവശ്യവുമായി ആദ്യം ഗവര്‍ണറെ കണ്ടത്. ഇതിന് മുമ്പായി കോണ്‍ഗ്രസ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്താന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ വൈകുന്നേരത്തോടെ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരുടെ ഒരു സംഘം ഗവര്‍ണറെ കാണുകയും സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്തിരുന്നു.

104 സീറ്റുകള്‍ നേടിയ ബിജെപിക്ക് ഭൂരിപക്ഷത്തിന് വേണ്ട 112 എന്ന മാന്ത്രിക സംഖ്യ മറികടക്കുക എന്നത് വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ചരടുവലികള്‍ക്കും ചാക്കിട്ടുപിടുത്തത്തിനും കര്‍ണാടക രാഷ്ട്രീയം സാക്ഷിയാകുമെന്നാണ് കരുതുന്നത്. ഇതു മുന്‍കൂട്ടി കണ്ട് കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ റിസോര്‍ട്ടുകളില്‍ മറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.

ബിജെപിക്ക് അധികാരം പിടിക്കാന്‍ ഇനി എട്ട് എംഎല്‍എമാരുടെ പിന്തുണകൂടി വേണം. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 117 എംഎല്‍എമാരുടെ പിന്തുണയുണ്ട്. തിരഞ്ഞെടുപ്പില്‍ ജെഡിഎസുമായി ധാരണയിലായിരുന്നു ബിജെപി. തിരഞ്ഞെടുപ്പ് നടക്കാനുള്ള രണ്ടിടങ്ങളില്‍ ബിജെപി വിജയിച്ചാലും കേവല ഭൂരിപക്ഷത്തിലെത്തില്ല. അതുകൊണ്ട് വരും ദിവസങ്ങളില്‍ ജെഡിഎസിലും കോണ്‍ഗ്രസിലും വിള്ളലുണ്ടാക്കാനുള്ള തീവ്രശ്രമത്തിലായിരിക്കും അവര്‍. 

ontent Highlights: governer calls BJP to form government, Karnataka Election 2018