ബംഗളൂരു: ജെഡിഎസിനോടുള്ള നിലപാടില്‍ തകിടംമറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേവഗൗഡയെ പ്രശംസിച്ച് സംസാരിച്ചത് ബിജെപി - ജെഡിഎസ് ബാന്ധവത്തിനുള്ള സാധ്യതയാണ് തുറന്നുകാട്ടുന്നതെന്ന് അഭ്യൂഹങ്ങള്‍ ശക്തമായതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തെയും പാര്‍ട്ടിയെയും വിമര്‍ശിച്ചുള്ള മോദിയുടെ വാക്കുകള്‍.

ജെഡിഎസിന് വോട്ട് ചെയ്ത് എന്തിനാണ് ജനങ്ങള്‍ വോട്ട് പാഴാക്കുന്നതെന്നാണ് മോദി ഇന്ന് ചോദിച്ചത്. ജെഡിഎസിന് സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്തായാലും കഴിയില്ല. കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനുള്ള ശക്തിയും അതിനില്ല. പിന്നെയെന്തിനാണ് ജനങ്ങള്‍ വോട്ട് ചെയ്യുന്നത് എന്നായിരുന്നു മോദിയുടെ ചോദ്യം.

വര്‍ഗീയശക്തികളുമായി കൈകോര്‍ക്കുക വഴി ജെഡിഎസ് കുറ്റകരമായ പ്രവര്‍ത്തിയാണ് ചെയ്തിരിക്കുന്നതെന്നും ബിഎസ്പിയും എസ്പിയുമായുള്ള ജെഡിഎസ് സൗഹൃദത്തെ പരോക്ഷമായി സൂചിപ്പിച്ച് മോദി വിമര്‍ശിച്ചു. 

കഴിഞ്ഞ ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേവഗൗഡയെ പ്രകീര്‍ത്തിച്ചാണ് മോദി സംസാരിച്ചത്. ദേവഗൗഡ എല്ലാവരും ബഹുമാനിക്കുന്ന രാജ്യത്തെ മികച്ച നേതാക്കളില്‍ ഒരാളാണെന്നും കോണ്‍ഗ്രസ് അദ്ദേഹത്തെ അപമാനിക്കാനാണ് ശ്രമിച്ചതെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു. കര്‍ണാടകയില്‍ തൂക്ക് മന്ത്രിസഭയ്ക്കാണ് സാധ്യതയെന്ന് അഭിപ്രായസര്‍വ്വേകള്‍ പ്രവചിച്ച സാഹചര്യത്തില്‍ ജെഡിഎസുമായി കൂട്ടുചേരാനുള്ള തന്ത്രമാണ് മോദിയുടേതെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.

Content highlights: Karnataka Election 2018, JDS-BJP, BJP KARNATAKA