ബംഗളൂരു: കര്‍ണാടകത്തില്‍ യുവാക്കളുടെ പിന്തുണയോടെ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ സി.പി.എം. നേതൃത്വം.

സംസ്ഥാനത്തെ 19 മണ്ഡലങ്ങളിലാണ് ഇക്കുറി സി.പി.എം. മത്സരിക്കുന്നത്. സി.പി.ഐ.യുടെ സഹകരണത്തോടെയാണ് മത്സരം. നാലു മണ്ഡലങ്ങളില്‍ സി.പി.ഐയും മത്സരിക്കുന്നുണ്ട്. സി.പി.ഐ.(എം.എല്‍. ലിബറേഷന്‍), എസ്.യു.സി.ഐ.(സി) എന്നീ പാര്‍ട്ടികളുമായുള്ള സഖ്യത്തിനും നീക്കംനടക്കുന്നുണ്ട്. നേരത്തേ 26 സീറ്റില്‍ മത്സരിക്കാനാണ് സി.പി.എം. ആലോചിച്ചത്. സി.പി.എമ്മിന്റെ 19 സ്ഥാനാര്‍ഥികളില്‍ 17 പേരും യുവാക്കളാണ്. ചിക്കബെല്ലാപുര ജില്ലയിലെ ബാഗേപ്പള്ളിയില്‍ സംസ്ഥാന സെക്രട്ടറി ശ്രീരാം റെഡ്ഡി മത്സരിക്കും. 1994-ലും 2004-ലും ഇവിടെനിന്ന് ശ്രീരാം റെഡ്ഡി വിജയിച്ചിരുന്നു.

ചിക്കബെല്ലാപുര, കലബുറഗി, കൊപ്പാള്‍, ബെംഗളൂരു സൗത്ത്, ബെംഗളൂരു നോര്‍ത്ത്, ഉഡുപ്പി, കോലാര്‍, ബല്ലാരി, ഉത്തര കന്നഡ, ഗദക് എന്നീ ജില്ലകളിലാണ് സി.പി.എം. മത്സരിക്കുന്നത്. ഇടതുപാര്‍ട്ടികളുമായി സഖ്യത്തിന് തയ്യാറാണെന്ന് ജനതാദള്‍ -എസ് നേതാവ് എച്ച്.ഡി. ദേവഗൗഡ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സി.പി.എം. സംസ്ഥാന നേതാക്കളുമായി ചര്‍ച്ചക്ക് തയ്യാറായില്ല. സി.പി.എം. രണ്ടുതവണ മത്സരിച്ച ചിക്കബെല്ലാപുരയിലെ ബാഗേപ്പള്ളിയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഇടതുപാര്‍ട്ടികള്‍. 2004-നുശേഷം ചുവപ്പുകൊടിയെ പ്രതിനിധാനംചെയ്ത് ആരും വിധാനസൗധയിലെത്തിയിട്ടില്ല. സി.പി.എം. സംസ്ഥാന സെക്രട്ടറി ജി.വി. ശ്രീരാം റെഡ്ഡിയുടേതായിരുന്നു വിധാന സൗധയിലെ അസാനത്തെ ഇടതിന്റെ ശബ്ദം. ഇത്തവണ നിയമസഭയില്‍ ഒരംഗത്തെയെങ്കിലും എത്തിക്കാനുള്ള കഠിനാധ്വാനത്തിലാണ് നേതൃത്വം. ബി.ജെ.പി. ഒഴികെയുള്ള പാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ജനതാദള്‍ -എസ് ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതും സഖ്യനീക്കത്തിന് തിരിച്ചടിയായി. സഖ്യത്തിനായുള്ള ചര്‍ച്ചയ്ക്ക് ജനതാദള്‍ -എസ് തയ്യാറായിട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി ശ്രീരാം റെഡ്ഡി പറഞ്ഞു. സംസ്ഥാനത്ത് വര്‍ഗീയതയ്‌ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്നത് സി.പി.എമ്മാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകത്തില്‍ ജനതാദള്‍ എസിന്റെ മുഖ്യശത്രു കോണ്‍ഗ്രസാണെന്നും ബി.ജെ.പി.യല്ലെന്നും മുതിര്‍ന്ന സി.പി.എം. നേതാവ് വി.ജെ.കെ. നായര്‍ പറഞ്ഞു. എന്നാല്‍, സി.പി.എമ്മിന്റെ മുഖ്യശത്രു ബി.ജെ.പി.യാണെന്നും മത്സരിക്കാത്ത മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തുന്ന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍ സി.പി.എമ്മിന്റെ ഐ.ടി. സെല്ലിന്റെ പ്രവര്‍ത്തനം സജീവമാണ്. കേരളത്തില്‍ സി.പി.എം. നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫില്‍ ജനതാദള്‍ -എസ് സഖ്യകക്ഷിയാണ്. എന്നാല്‍, ഈ പരിഗണന കര്‍ണാടകത്തില്‍ ജനതാദള്‍ -എസ് നേതാക്കള്‍ നല്‍കുന്നില്ലെന്നും സി.പി.എം. നേതാക്കള്‍ക്ക് പരാതിയുണ്ട്. സീറ്റ് പങ്കുവയ്ക്കുന്നകാര്യത്തില്‍ ഇടതുപാര്‍ട്ടികള്‍ പ്രായോഗിക നിലപാടുകള്‍ സ്വീകരിക്കാത്തതാണ് സഖ്യത്തിന് തടസ്സമെന്നാണ് ജനതാദള്‍ -എസ് സെക്രട്ടറി ജനറല്‍ ഡാനിഷ് അലി അഭിപ്രായപ്പെട്ടത്. എന്നാല്‍, ബി.എസ്.പി.യുമായി ദള്‍ സഖ്യമുണ്ടാക്കുകയും ചെയ്തു.