ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ജനാധിപത്യം പുനഃസ്ഥാപിച്ചതിന് സുപ്രീം കോടതിയോട് നന്ദി പറയാന്‍ ആഗ്രഹിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. നാളെ വൈകിട്ട് നാലുമണിക്ക് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന കോടതിവിധിക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ രണ്ടുര്‍ഷമായി ആദരണീയരായ ഗവര്‍ണര്‍മാരില്‍ ചിലര്‍ നിയമത്തിന് അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്നും ആസാദ് പറഞ്ഞു. ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. എന്നാല്‍ ഞങ്ങള്‍ക്ക് 117 അംഗങ്ങളുണ്ട്‌. ബി ജെ പി അവകാശം ഉന്നയിച്ചതിനു മുന്നേ തന്നെ ഞങ്ങള്‍ കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാലയെ കണ്ടിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെയും ഒരു ഗവര്‍ണറും  ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സാവകാശം നല്‍കിയിട്ടില്ല. പിന്നെന്തിനാണ് യെദ്യൂരപ്പയ്ക്ക് 15 ദിവസം നല്‍കിയത്. നിയമപ്രകാരമല്ല കര്‍ണാടക ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്- ആസാദ് പറഞ്ഞു 

കേവലഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് നാളെ വൈകിട്ട് നാലുമണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. കൂടുതല്‍ സമയം വേണമെന്ന് ബി ജെ പി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിട്ടില്ല.  ജനാധിപത്യം സംരക്ഷിച്ചതിന് ജുഡീഷ്യറിയെ അഭിനന്ദിക്കുകയാണ്. ഏറ്റവും മുതിര്‍ന്ന എം എല്‍ എയെ പ്രോ ടേം സ്പീക്കറായി നിയമിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗവര്‍ണര്‍ പക്ഷപാതം കാണിക്കരുതെന്നും ഗവര്‍ണറെ ആദ്യം സമീപിച്ചത് കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യമാണെന്നും കര്‍ണാടക മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 

content highlights:congress welcomes supreme court verdict on floor test karnataka election result