ബെംഗളൂരു: എം എല്‍ എമാര്‍ കൈവിട്ടു പോകാതിരിക്കാന്‍ പഠിച്ചപണി പതിനെട്ടും നോക്കുകയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി എം എല്‍ എമാരെ സ്വകാര്യ റിസോര്‍ട്ടുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ എം എല്‍ എമാരോട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ല. പകരം ഫോണുകളില്‍ ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ, എം എല്‍ എമാര്‍ക്ക് ഫോണില്‍ എത്തുന്ന കോളുകളും സന്ദേശങ്ങളും പകര്‍ത്തപ്പെടും. ഇവ പാര്‍ട്ടി നേതൃത്വത്തിലേക്ക് തത്സമയം എത്തുകയും ചെയ്യും.

ഇതിലൂടെ പണം വാഗ്ദാനം ചെയ്ത് തങ്ങളുടെ എം എല്‍ എമാരെ ആരെങ്കിലും സമീപിക്കുന്നുണ്ടോ എന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാനും സാധിക്കും. എം എല്‍ എമാരോട് ഇന്‍കമിങ് കോളുകള്‍ റെക്കോഡ് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. മുമ്പ് ഇത്തരം സാഹചര്യങ്ങളില്‍ എം എല്‍ എമാരെ രഹസ്യകേന്ദ്രങ്ങളില്‍ ആക്കിയിരുന്ന സമയത്ത് ഫോണുകള്‍ വാങ്ങിവയ്ക്കുകയായിരുന്നു പതിവ്.

ഇന്‍കമിങ് കോളുകള്‍ റെക്കോഡ് ചെയ്യാന്‍ സൗകര്യമുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ എം എല്‍ എമാരോട് ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു.  പണം വാഗ്ദാനം ചെയ്ത് തങ്ങളുടെ എം എല്‍ എമാരെ കൈക്കലാക്കാന്‍ ബി ജെ പി ശ്രമിക്കുന്നതായി കോണ്‍ഗ്രസും ജെ ഡി എസും ആരോപണമുന്നയിച്ചിരുന്നു.

content highlights: congress asked mla's to install app in mobile phone