ന്യൂഡല്‍ഹി: യെദ്യൂരപ്പയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാനാകില്ല. നിശ്ചയിച്ചതുപോലെ ഇന്ന് രാവിലെ ഒമ്പതിന് യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാം. സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള കാര്യങ്ങള്‍ കോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹര്‍ജി നാളെ രാവിലെ 10.30 ന് വീണ്ടും പരിഗണിക്കും.

ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ഗവര്‍ണറുടെ ഉത്തരവ് കോടതിക്ക് മരവിപ്പിക്കാന്‍ സാധിക്കില്ല. സര്‍ക്കാരുണ്ടാക്കാന്‍ അവകാശമുന്നയിച്ച് യെദ്യൂരപ്പ ഗവർണർക്ക് നൽകിയ കത്ത് ഹാജരാക്കാന്‍ കോടതി ബി.ജെപി.യോട് ആവശ്യപ്പെട്ടു. അതിലെ നിയമപരമായ ശരിതെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അതിന് ശേഷം തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു.കോടതിയുടെ നിലപാട് വാക്കാല്‍ വ്യക്തമാക്കിയിട്ടേയുള്ളു. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് കോടതി തീരുമാനമെടുത്തത്.

അതേസമയം ഹര്‍ജിയില്‍ വിധി പ്രഖ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍ അഭിഷേക് സിങ്വി ഇടപെട്ട് സത്യപ്രതിജ്ഞ രാവിലെ ഒമ്പത് എന്നതിന് പകരം വൈകിട്ട് നാലുമണിയിലേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ എതിര്‍ത്ത് ബിജെപി അഭിഭാഷകന്‍ മുകുള്‍ റോത്തഗി രംഗത്ത് വന്നു.

ഉറങ്ങാതെ കോടതി, നേരം പുലര്‍ന്നപ്പോള്‍ യെദ്യൂരപ്പയുടെ ചിരി | Read More..

പാതിരാവില്‍ സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍| Read More..

ആകാംക്ഷയുടെ ഒരു പകല്‍കൂടി; നാടകീയ മുഹൂര്‍ത്തങ്ങള്‍ | Read More..

കര്‍ണാടകത്തില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം | Read More..

തിരഞ്ഞെടുപ്പിന് മുന്‍പുള്ള സഖ്യങ്ങള്‍ക്ക് കോണ്‍ഗ്രസിനുമേല്‍ സമ്മര്‍ദം | Read More..

ട്വീറ്റ് ചെയ്ത സമയത്തില്‍ ബി.ജെ.പി.ക്ക് ആശയക്കുഴപ്പം, പിന്നെ തിരുത്ത് | Read More

 

മാത്രമല്ല ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസമെന്നത് കുറയ്ക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തിലും അനുകൂലമായ തീരുമാനമുണ്ടായില്ല. ഇക്കാര്യത്തില്‍ പിന്നീട് പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞത്. 15 ദിവസത്തിന് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. യെദ്യൂരപ്പയെ കക്ഷിചേര്‍ക്കും. 

ഗവര്‍ണര്‍ക്ക് നോട്ടീസയക്കണമെന്ന ആവശ്യവും കോടതി തള്ളി. ഗവര്‍ണര്‍ എന്നത് ഭരണഘടനാ പദവിയാണ്. അങ്ങനെയൊരാള്‍ക്ക് നോട്ടീസയക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും ജസ്റ്റിസ് ബോബ്‌ഡെ വ്യക്തമാക്കി.

ആദ്യം സത്യപ്രതിജ്ഞ നടക്കട്ടെ. എല്ലാ കക്ഷികള്‍ക്കും കോടതി നോട്ടീസയക്കുന്നുണ്ട. അതിന് ശേഷം എല്ലാവരുടെയും വാദങ്ങള്‍ വിശദമായി പിന്നീടു കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കി.

ഭൂരിപക്ഷം ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ തെളിയിക്കാമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലും, ബിജെപിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയും കോടതിയെ അറിയിച്ചിരുന്നു. അതേസമയം റോത്തഗി ഹാജരാകുന്നതിനെതിരെ അഭിഷേക് സ്ങ്വി രംഗത്തുവന്നു. തങ്ങളുടെ എതിര്‍കക്ഷി യെദ്യൂരപ്പയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എംഎല്‍എമാര്‍ പറഞ്ഞിട്ടാണ് വന്നതെന്ന് റോത്തഗി അറിയിച്ചു. 

അതേസമയം സുപ്രീം കോടതിയില്‍ അതിശക്തമായ വാദപ്രതിവാദങ്ങളാണ് നടന്നത്. ഇതിനൊടുവിലാണ് കേണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി വിധിവന്നത്. സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കോണ്‍ഗ്രസ് സമീപിച്ചിരുന്നു. ഇതിന് പിന്നാലെ സുപ്രീംകോടതി രജിസ്ട്രാര്‍ ചീഫ് ജസ്റ്റിസിനെ വീട്ടിലെത്തി കണ്ടതോടെയാണ് അസാധാരണ നടപടിക്ക് കളമൊരുങ്ങിയത്. 

അത്യന്തം നാടകീയമായ രംഗങ്ങളാണ് കര്‍ണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്നത്. കോൺഗ്രസിന്റെ ഹര്‍ജി പുലര്‍ച്ചെ 1.45 നാണ് കോടതി പരിഗണിച്ചത്. ആറാം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് സിക്രി, അശോക് ഭൂഷണ്‍, ബോബ്‌ഡെ എന്നിവരടങ്ങിയ ബെഞ്ചാണ് കോണ്‍ഗ്രസിന്റെ ഹര്‍ജി പരിഗണിച്ചത്. 

ഇന്ന് പുലര്‍ച്ചെ 1.45 നാണ് കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചത്.കോണ്‍ഗ്രസിന് വേണ്ടി മനു അഭിഷേക് സിങ്വിയാണ് ഹാജരായത്. കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ. ഗോപാലും  ബിജെപിക്കുവേണ്ടി മുകുള്‍ റോത്തഗിയും ഹാജരായി

കോണ്‍ഗ്രസ് വാദങ്ങള്‍

 • ജാര്‍ഖണ്ഡ് കേസില്‍ സുപ്രീംകോടതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു. 
 • ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നു. ഗവര്‍ണറുടെ നടപടി സംശയകരം. 
 • കോണ്‍ഗ്രസ് സഖ്യത്തിന് ഭൂരിപക്ഷമുണ്ടെന്നും, ഭുരിപക്ഷമുള്ള സഖ്യത്തെയാണ് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കേണ്ടതെന്നും അഭിഷേക് സിങ്വി
 • ഗോവ കേസില്‍ നടത്തിയ സുപ്രീം കോടതി വിധി പാലിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥന്‍
 • കോണ്‍ഗ്രസ് സഖ്യത്തിന് ഭൂരിപക്ഷം തെളിയിക്കാന്‍ ഏഴ് ദിവസം മതി. ബിജെപിക്ക് 15ദിവസം നല്‍കിയത് കേട്ടുകേഴ് വിയില്ലാത്തത്.
 • ഗവര്‍ണറുടെ തീരുമാനം ചോദ്യം ചെയ്യാം, രാഷ്ട്രപതി ഭരണം പോലും കോടതി റദ്ദാക്കിയിട്ടുണ്ട്
 • സത്യപ്രതിജ്ഞ മാറ്റിവെക്കാന്‍ ഉത്തരവിടണം

കോടതി പറഞ്ഞത്

 • ഭരണഘടനയുടെ 361-ാം വകുപ്പ് പ്രകാരം ഗവര്‍ണറുടെ തീരുമാനം ചോദ്യം ചെയ്യാനാകുമോ? 
 • കര്‍ണാടകയില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷമില്ല എന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നു
 • അനിശ്ചിതത്വം തുടര്‍ന്നാല്‍ ഭരണം ആര് നിര്‍വഹിക്കും
 • ഗവര്‍ണറുടെ തീരുമാനമാണ് പരിഗണിക്കുന്നത്. പഴയ ഉത്തരവുകള്‍ പരിശോധിക്കില്ല.
 • മാത്രമല്ല ഗവര്‍ണറുടെ മുന്നില്‍ കോണ്‍ഗ്രസ് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചില്ല. 
 • രേഖകള്‍ കാണാതെ എങ്ങനെ ഗവര്‍ണര്‍ തീരുമാനമെടുക്കുമെന്നും കോടതി ആരാഞ്ഞു. 
 • കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയോടൊപ്പം ഉറച്ചുനില്‍ക്കുമെന്നുറപ്പുണ്ടോ
 • ബിജെപിക്ക് ഭൂരിപക്ഷമുണ്ടോയെന്ന് പരിശോധിക്കണം
 • യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ കത്ത് കോണ്‍ഗ്രസ് ഹാജരാക്കിയിട്ടില്ല. 
 • സത്യപ്രതിജ്ഞയ്ക്ക് മുമ്പുള്ള കൂറുമാറ്റം നിയമലംഘനമാകുമോ
 • സത്യപ്രതിജ്ഞ മാറ്റിവെക്കാനാകുമോ
 • യെദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസമെന്തിന്‌

കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍

 • ഗവര്‍ണറുടെ തീരുമാനത്തില്‍ ഇടപെടാന്‍ സുപ്രീം കോടതിക്ക് സാധിക്കില്ലെന്ന് അറ്റോര്‍ണി ജനറല്‍
 • സുസ്ഥിരമായ സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്ന ഗവര്‍ണറുടെ ബോധ്യത്തെ ചോദ്യം ചെയ്യാനാകില്ല.
 • അഭ്യൂഹങ്ങളുടെ പുറത്താണ് കോണ്‍ഗ്രസ് ഹര്‍ജി 
 • സത്യപ്രതിജ്ഞയ്ക്ക് സ്റ്റേ വേണ്ട. വേണമെങ്കില്‍ കോടതിക്ക് പിന്നിട് പരിഗണിക്കാം
 • ഗവര്‍ണര്‍ പ്രവര്‍ത്തിച്ചത് നിയമപരമായി

മുകുള്‍ റോത്തഗിയുടെ വാദങ്ങള്‍

 • ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയ്ക്കുള്ളിലാണ്
 • സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം അവകാശമുന്നയിച്ചത് ബിജെപിയാണ്
 • ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ബിജെപി. അതിനാല്‍ ഗവര്‍ണറുടെ നടപടി വിവേചനപരമല്ല. 
 • കേസ് കേള്‍ക്കാന്‍ അടിയന്തിര സാഹചര്യമെന്ത്. ഇവിടെ ആകാശം ഇടിഞ്ഞുവീണോ
 • ഭൂരിപക്ഷം തെളിയിക്കാനുള്ള സമയപരിധി വേണമെങ്കില്‍ കുറയ്ക്കാം
 • ഗവര്‍ണറുടെ ചുമതലയില്‍ ഹര്‍ജിക്കാര്‍ തടസം നില്‍ക്കുന്നു