ന്യൂഡല്‍ഹി: എച്ച്.ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്ക് ഒരുദിവസം മാത്രം ശേഷിക്കെ കോണ്‍ഗ്രസിനെ വെട്ടിലാക്കി പാര്‍ട്ടി എംഎല്‍എയുടെ വിവാദ വെളിപ്പെടുത്തല്‍. ബിജെപിയ്‌ക്കെതിരെ കോണ്‍ഗ്രസ് ആയുധമാക്കിയ കൈക്കൂലി വാഗ്ദാന ഓഡിയോ ടേപ്പ് വ്യാജമാണെന്നാണ് യെല്ലാപ്പൂരില്‍ നിന്നുള്ള എംഎല്‍എ ശിവ്‌റാം ഹെബ്ബാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

വിശ്വാസ വോട്ടെടുപ്പിന് മുമ്പ് തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി ശ്രമിച്ചതിന്റെ തെളിവുകള്‍ എന്ന പേരില്‍ കോണ്‍ഗ്രസും ജെഡിഎസും ഓഡിയോടേപ്പുകള്‍ പുറത്തുവിട്ടിരുന്നു. ബിജെപി നേതാക്കള്‍ 100 കോടി രൂപ വരെ വാഗ്ദാനം ചെയ്യുന്നതാണ് ശബ്ദരേഖയിലുണ്ടായിരുന്നത്. ഇതിലൊന്ന് ശിവ്‌റാം ഹെബ്ബാറിന്റെ ഭാര്യയോട് ബിജെപി നേതാവ് സംസാരിക്കുന്നതായിരുന്നു. ഹെബ്ബാറിന് കോടിക്കണക്കിന് രൂപാ നല്കാമെന്നും അദ്ദേഹത്തെ കേസുകളില്‍ നിന്നൊഴിവാക്കാമെന്നും ഭാര്യയോട് പറയുന്നതാണ് ഓഡിയോയിലുണ്ടായിരുന്നത്. എന്നാല്‍, ഇത് വ്യാജമാണെന്നും തന്റെ ഭാര്യയെ അങ്ങനെ ബിജെപി നേതാക്കളാരും വിളിച്ച് സംസാരിച്ചിട്ടില്ലെന്നുമാണ് ഹെബ്ബാര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

hebbar

ഇത്തരമൊരു ഓഡിയോക്ലിപ് ടെലിവിഷന്‍ ചാനലുകളിലൂടെ പ്രചരിക്കുന്ന കാര്യം താന്‍ വൈകിയാണ് അറിഞ്ഞതെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഹെബ്ബാര്‍ പറഞ്ഞു. തൊട്ടുപിന്നാലെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി നേതാവ് അമിത് മാളവ്യ രംഗത്തെത്തി. കള്ളം പറഞ്ഞ് എന്തും സാധിക്കുന്ന കോണ്‍ഗ്രസ് നിലപാടില്‍ ലജ്ജിക്കുന്നതായാണ് മാളവ്യ പ്രതികരിച്ചത്. കോണ്‍ഗ്രസ് മാധ്യമങ്ങളെ പോലും എത്ര വിദഗ്ധമായാണ് തെറ്റിദ്ധരിപ്പിച്ചതെന്നും മാളവ്യ അഭിപ്രായപ്പെട്ടു. 

അതിനിടെ, ഓഡിയോ ടേപ്പ് യഥാര്‍ഥമാണെന്നും ഫോറന്‍സിക് പരിശോധന നടത്താന്‍ ബി.ജെ.പിയെ വെല്ലുവിളിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് വി.എസ് ഉഗ്രപ്പ പ്രതികരിച്ചു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കുശേഷം ഉഗ്രപ്പയാണ് ഓഡിയോ ടേപ്പുകള്‍ പുറത്തുവിട്ടത്.

content highlights: Bribe Tape Against BJP Fake says congress mla sivram hebbar, Karnataka Election 2018, karnataka election results, congress karnataka, bjp karnataka