ബെംഗളൂരു:  കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസിന് ലഭിച്ച 37 സീറ്റുകളാണ് കുമാരസ്വാമിയെ കിങ്‌മേക്കറാക്കിയത്. വോട്ടിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുമ്പോള്‍ ജെഡിഎസ് ജയിച്ച സീറ്റുകളില്‍ 27 ഇടത്തും കോണ്‍ഗ്രസാണ് രണ്ടാമത്. അല്ലെങ്കില്‍ മത്സരം ജെഡിഎസും കോണ്‍ഗ്രസും തമ്മിലായിരുന്നു.

ഇതില്‍ ഒമ്പത് സീറ്റില്‍ ബിജെപിക്ക് ലഭിച്ചത് 5000 ത്തില്‍ താഴെ വോട്ട് മാത്രമാണ്. എട്ട് സീറ്റില്‍ 5000 ത്തും പതിനായിരത്തിനും ഇടയിലാണ് ബിജെപി വോട്ട്. ഏഴ് സീറ്റില്‍ 10,000 ത്തിനും 20,000 ത്തിനുമിടയാണ് ബിജെപിയുടെ വോട്ട് വിഹിതം. മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ പരാജയപ്പെട്ട ചാമുണ്ഡേശ്വരിയില്‍ ബിജെപിക്ക് ലഭിച്ചത് 12064 വോട്ടാണ്.

ശേഷിക്കുന്ന 10 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് മൂന്നാമതായത്. മൈസൂരു ദക്ഷിണ കര്‍ണാടക മേഖലയിലെ 40  സീറ്റുകളില്‍ ബിജെപിയും ജെഡിഎസും തമ്മിലായിരുന്നു മത്സരം. കോണ്‍ഗ്രസ് വിജയിക്കാതിരിക്കാന്‍ ജെഡിഎസും ബിജെപിയും തമ്മില്‍ ചില നീക്കുപോക്കുകള്‍ ഇവിടെ നടന്നതായി വോട്ട് വിഹിതത്തില്‍ നിന്നും വ്യക്തമാണ്.

തങ്ങള്‍ക്ക് വിജയസാധ്യത ഇല്ലാത്ത സീറ്റുകളില്‍ കോണ്‍ഗ്രസിന്റെ വിജയം തടയാന്‍ ജെഡിഎസിന് അനുകൂലമായി ബിജെപി വോട്ടുകള്‍ മറിച്ചുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. തുംകൂര്‍ റൂററില്‍ 5640 വോട്ടിനാണ് ജെഡിഎസ് വിജയിച്ചത്. ഇവിടെ ബിജെപിക്ക് കിട്ടിയത് 7633 വോട്ടാണ്. ഹുനസുരുവില്‍ 8575 വോട്ടിന് ജെഡിഎസ് ജയിച്ചപ്പോള്‍ ബിജെപിയുടെ അക്കൗണ്ടില്‍ വീണത് 6406 വോട്ട് മാത്രം.

ദേവനഹള്ളി, കൃഷ്ണരാജപ്പേട്ട, കൃഷ്ണരാജനഗരം, മേലുക്കോട്ടൈ, പെരിയപട്ടണ, രാമനഗരം ഇവിടങ്ങളിലെല്ലാം ബിജെപിക്ക് ലഭിച്ച വോട്ടുകള്‍ ജെഡിഎസ് വിജയത്തില്‍ നിര്‍ണായകമായി. ജെഡിഎസ് വിജയിച്ച മധുഗിരിയില്‍ അവരുടെ പെട്ടിയില്‍ 96003 വോട്ട് വീണപ്പോള്‍ കോണ്‍ഗ്രസ് പിന്തുണച്ച സ്വരാജ് ഇന്ത്യ സ്ഥാനാര്‍ഥിക്ക് കിട്ടിയത് 73779 വോട്ടാണ്.

ബിജെപിയുടെ അക്കൗണ്ടിലെത്തിയത് കേവലം 1595 വോട്ട് മാത്രം.