ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്ളപ്പോള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ബി ജെ പിക്ക് വാട്ട്‌സ് ആപ്പും ട്വിറ്ററും ആവശ്യമില്ലെന്ന് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ വിഭാഗം മേധാവി ദിവ്യ സ്പന്ദന. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഡെയ്‌ലി ന്യൂസ് ആന്‍ഡ് അനാലിസിസിനു നല്‍കിയ അഭിമുഖത്തിലാണ് മാണ്ഡ്യ മുന്‍ എം പി കൂടിയായ ദിവ്യ ഇക്കാര്യം പറഞ്ഞത്.

സാമൂഹിക മാധ്യമങ്ങളില്‍ ബി ജെ പി യെ എതിരിടാനുള്ള കോണ്‍ഗ്രസിന്റെ പദ്ധതി എന്താണ്, വാട്ട്‌സ് ആപ്പിനെ കാമ്പയിനിങ്ങിനും ആളുകളെ ഒരുമിച്ചു കൊണ്ടുവരാനുമുള്ള ഒരു ഉപാധിയായി ബി ജെ പി ഉപയോഗിക്കുന്നതു പോലെ ഉപയോഗിക്കാനാകുമോ എന്ന ചോദ്യത്തിനായിരുന്നു അവരുടെ മറുപടി. 

പ്രധാനമന്ത്രി തന്നെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്തു ചെയ്യാനാവും എന്നാണ് അവർ ചോദിച്ചത്. ബി ജെ പിക്ക് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ വാട്ട്‌സ് ആപ്പോ ട്വിറ്ററോ ആവശ്യമില്ല. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ അവര്‍ക്ക് പ്രധാനമന്ത്രിയുണ്ട്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് പാകിസ്താനുമായി ബന്ധമുണ്ടെന്ന് മോദി പറഞ്ഞില്ലേയെന്നും ദിവ്യ ആരാഞ്ഞു. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ മോദി ഉന്നയിക്കാറുണ്ടെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.

content highlights: bjp doesnt need whatts app or twitter to spread fake news, they have pm narendra modi says divya spandana