ബെംഗളൂരു: മൈസൂരു മേഖലയില്‍ ധാരണയുണ്ടാക്കുന്നതിന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി എച്ച്.ഡി. കുമാരസ്വാമി ചര്‍ച്ചനടത്തിയതിന് തെളിവുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സമയമാകുമ്പോള്‍ തെളിവ് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി.യുമായി തങ്ങള്‍ ധാരണയുണ്ടാക്കിയെന്നതിന് തെളിവ് ഹാജരാക്കാന്‍ കുമാരസ്വാമി ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് തെളിവായി ഫോട്ടോ കൈയിലുണ്ടെന്നും അനുയോജ്യമായ സമയത്ത് പുറത്തുവിടുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയത്. ബി.ജെ.പി. ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തില്‍ അമിത് ഷായോടൊപ്പം യാത്രചെയ്താണ് കുമാരസ്വാമി ചര്‍ച്ചനടത്തിയതെന്നാണ് ആരോപണം. അമിത് ഷായോടൊപ്പം യാത്രചെയ്യേണ്ട ആവശ്യം തനിക്കില്ലെന്നും അദ്ദേഹം തങ്ങളുടെ നേതാവല്ലെന്നും കുമാരസ്വാമി പറഞ്ഞു.

കുമാരസ്വാമി രണ്ടുതവണ അമിത് ഷായുമായി ചര്‍ച്ചനടത്തിയിട്ടുണ്ടെന്നും ചര്‍ച്ചനടത്തിയ സ്ഥലവും വിഷയവും അറിയാമെന്നും സിദ്ധരാമയ്യ ആവര്‍ത്തിച്ചു. ഇത് നിഷേധിച്ച കുമാരസ്വാമി വരുണയില്‍ മകന്‍ യതീന്ദ്രയെ വിജയിപ്പിക്കുന്നതിന് സിദ്ധരാമയ്യയാണ് ബി.ജെ.പി.യുടെ സഹായം തേടിയതെന്ന് ആരോപിച്ചു. യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്രയ്ക്ക് സീറ്റ് നിഷേധിച്ചത് സിദ്ധരാമയ്യ ആവശ്യപ്പെട്ടതിനാലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനതാദള്‍-എസ് ബി.ജെ.പി.യുടെ ബി. ടീമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നേരത്തേ ആരോപിച്ചിരുന്നു. മൈസൂരുവിലെ ചാമുണ്ഡേശ്വരിയില്‍ മത്സരിക്കുന്ന സിദ്ധരാമയ്യയെ പരാജയപ്പെടുത്തുമെന്ന് കുമാരസ്വാമിയും യെദ്യൂരപ്പയും ഉറപ്പിച്ചുപറഞ്ഞതോടെയാണ് രഹസ്യധാരണ ആരോപണം കോണ്‍ഗ്രസ് ഉന്നയിച്ചത്. ചാമുണ്ഡേശ്വരിയില്‍ ബി.ജെ.പി. അപ്രസക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെ ആരോപണം ബലപ്പെട്ടു.

അമിത് ഷായുമായി കുമാരസ്വാമി ചര്‍ച്ചനടത്തിയെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് പാര്‍ട്ടി നേതാവ് എച്ച്.ഡി. ദേവഗൗഡയും വ്യക്തമാക്കി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വെളിപ്പെടുത്തല്‍ ശരിവെച്ച് മുന്‍ ജനതാദള്‍ നേതാവ് എന്‍. ചെലുവരായ സ്വാമി രംഗത്തെത്തി. ജനതാദള്‍-എസ് വിട്ട് കോണ്‍ഗ്രസ് സ്ഥനാര്‍ഥിയായ ചെലുവരായ സ്വാമിയുടെ അനുയായികളുടെ വീട്ടില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. കുമാരസ്വാമിയുടെ ആവശ്യപ്രകാരമാണ് റെയ്ഡ് നടത്തിയതെന്നും അമിത് ഷായുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും ചെലുവരായ സ്വാമി ആരോപിച്ചു.