ന്യൂഡല്‍ഹി:കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസ്-ജെഡിഎസ് ഭരണം അംഗീകരിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ജനവിധിക്കെതിരായ നടപടിയാണ് കര്‍ണാടകയില്‍ ഉണ്ടായിരിക്കുന്നത്. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വ്യക്തമായ മേല്‍ക്കൈ നേടുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

ബിജെപിക്ക് കര്‍ണാടകത്തില്‍ മാന്ത്രികസംഖ്യയിലെത്താന്‍ 7 സീറ്റുകളുടെ കുറവേ ഉണ്ടായിരുന്നുള്ളു. അതൊരു സങ്കീര്‍ണമായ ജനവിധിയാണെന്ന് താന്‍ കരുതുന്നില്ല. ജനങ്ങളാഗ്രഹിച്ചത് ബിജെപി ഭരണമാണ്. ജെഡിഎസുമായി കൂട്ടുപിടിച്ച് കോണ്‍ഗ്രസ് ജനങ്ങളെ ചതിക്കുകയാണ് ചെയ്തതെന്നും അമിത് ഷാ ആരോപിച്ചു. 

കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണയുണ്ടാകുമെന്ന് പറഞ്ഞ അമിത് ഷാ കോണ്‍ഗ്രസും ജെഡിഎസും എംഎല്‍എമാരെ ഒളിച്ചുതാമസിപ്പിച്ചതിനെയും വിമര്‍ശിച്ചു. അങ്ങനെ താമസിപ്പിച്ചതിലൂടെ, തങ്ങളുടെ എംഎല്‍എമാര്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്ന് പറയാനുള്ള ജനങ്ങളുടെ അവകാശമാണ് ഇല്ലാതായതെന്നും അമിത് ഷാ പറഞ്ഞു. ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും, സര്‍ക്കാര്‍ രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചിരുന്നില്ല. അതുകൊണ്ടാണ് രണ്ടിടത്തും സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ ക്ഷണിക്കാഞ്ഞതെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

content highlights: Amith Shah, Karnataka Election 2018, BJP Karnataka, Congress Karnataka,Amith Shah on Karnataka Government Formation