ബെംഗളൂരു: പോളിങ് ബൂത്തിലേക്ക്  ഇനി 20 ദിവസത്തെ ദൂരം മാത്രമേ ബാക്കിയുള്ളൂ. റോഡ് ഷോകളും, റാലികളും കൊണ്ട് കര്‍ണാടക തിരഞ്ഞെടുപ്പ് ആവേശത്തിന്റെ അവസാന ലാപ്പിലേക്കാണ്.  പക്ഷെ വിജയം മാത്രമുറപ്പിച്ച് മത്സരത്തിനിറങ്ങിയ കോണ്‍ഗ്രസിനെയും, ബി.ജെ.പിയെയും സംബന്ധിച്ച് റോഡ് ഷോകളും, റാലികളും കൊണ്ട് മാത്രം തീരുന്നതല്ല തിരഞ്ഞെടുപ്പ് പ്രചാരണം. യഥാര്‍ഥ തിരഞ്ഞെടുപ്പ് യുദ്ധം നടക്കുന്നത് സമൂഹ മാധ്യമങ്ങളിലാണ്. ഇതിനായി വന്‍ സംഘത്തെ തന്നെയാണ് പ്രധാനമായും കോണ്‍ഗ്രസ്, ബി.ജെ.പി നേതൃത്വം നിയോഗിച്ചിട്ടുള്ളത്.

പത്രപ്രവര്‍ത്തക വിദ്യാര്‍ഥികള്‍, ഐ.ടി പ്രഫഷണലുകള്‍, രാഷ്ട്രതന്ത്ര വിദ്യാര്‍ഥികള്‍ എന്നിവര്‍ ഉള്‍പ്പെട്ട വന്‍ സംഘമാണ് കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ ഇടപെടല്‍ കൈകാര്യം ചെയ്യുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍, ട്വീറ്റുകള്‍, ട്രോളുകള്‍ എന്നിവയ്‌ക്കെല്ലാം പുറമെ എതിരാളികള്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്ക് ഓണ്‍ലൈനിലൂടെ മറുപടി നല്‍കുന്നവരും ഇവര്‍ തന്നെ. പരിശീലനം കൊടുക്കാന്‍  പ്രത്യേകം ആളുകളെയും പാര്‍ട്ടി നിയമിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവരുടെ ട്വിറ്റര്‍ പേജുകള്‍ കൈകാര്യം ചെയ്യുന്നത് ഇവരുടെ ഇടയില്‍ നിന്നാണ്. ട്വിറ്ററില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് 1.4 ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. ഫെയ്‌സ്ബുക്കില്‍ 1.73 ലക്ഷം ഫോളോവേഴ്‌സും ഉണ്ട്.

കോണ്‍ഗ്രസിനെ പോലെ ബി.ജെ.പി നേതൃത്വവും  സോഷ്യല്‍ മീഡിയ പ്രചാരണത്തില്‍ ഒട്ടും പുറകിലല്ല. പ്രധാനമായും 45 വോളണ്ടിയര്‍മാരെയാണ് പാര്‍ട്ടി ഇതിനായി ബെംഗളൂരുവില്‍ മാത്രം നിയോഗിച്ചിരിക്കുന്നത്. 67 കന്നഡ വാര്‍ത്താ ചാനലുകള്‍ സ്ഥാപിച്ച ഓഫീസുകളില്‍ സദാസമയവും വാര്‍ത്തിയില്‍ മുഴുകിയിരിക്കുന്ന ഇവരാണ് വിവരങ്ങള്‍ വാട്‌സ് ഗ്രൂപ്പുകളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നത്. തങ്ങള്‍ക്ക് സംസ്ഥാനത്താകെ 5000 സോഷ്യല്‍മീഡിയ വോളണ്ടിയര്‍മാര്‍ ഇതിനായി മാത്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബി.ജെ.പി സോഷ്യല്‍മീഡിയ കോഡിനേറ്റര്‍ ബാലാജി ശ്രീനിവാസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആഗസ്ത് മുതല്‍ ഇവര്‍ സംസ്ഥാനത്ത് ഇങ്ങനെ ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്. 

ഏകദേശം 23000 വാട്‌സ്ഗ്രൂപ്പുകളിലൂടെയാണ് തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണമെന്ന് ബാലാജി ശ്രീനിവാസ് അവകാശപ്പെട്ടു. കഴിഞ്ഞ പത്ത് മാസത്തിനിടെ 200 സെമിനാറുകളും ഇത് സംബന്ധിച്ച് സംഘടിപ്പിച്ചു. സിദ്ധരാമയ്യയുടെ ജനവിരുദ്ധ നയങ്ങളെയും, ഹിന്ദുത്വ വിരുദ്ധതയേയും തുറന്ന് കാട്ടുകയെന്നതാണ് വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.