ബെംഗളൂരു: സത്യപ്രതിജ്ഞയ്ക്കായി നിയമ സഭയിലെത്താത്ത രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കായി പോലീസ് ഹോട്ടലില്‍ പരിശോധന നടത്തി. എംഎല്‍എമാര്‍ ഉണ്ടെന്ന് സംശയിക്കുന്ന ഗോള്‍ഡ് ഫിഞ്ച് ഹോട്ടലിലാണ് പരിശോധന നടത്തിയത്.

ആനന്ദ് സിങ്, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവരാണ് സത്യപ്രതിജ്ഞക്കെത്താത്തത്. ഇവരെ ബി.ജെപി തടവില്‍ വെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. ഡിജിപി നീലമണി റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹോട്ടലില്‍ പരിശോധന നടത്തിയത്. 

 ബി.ജെ.പി എംഎല്‍എയും റെഡ്ഡി സഹോദരന്മാരുടെ അടുത്ത അനുയായിയുമായ സോമശഖര റെഡ്ഡിയും ഇവരോടൊപ്പം ഇവിടെയുണ്ടെന്നാണ് സൂചന. എന്നാൽ പോലീസെത്തിയിട്ടും ഇവർ മുറി തുറക്കാൻ തയ്യാറായില്ല. 

റെഡ്ഡി സഹോദരങ്ങളുമായി ബന്ധമുള്ളയാളാണ് ആനന്ദ് സിങ്. ബെല്ലാരിയിലെ വിജയനഗരത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ഇദ്ദേഹം. 

മസ്‌കിയില്‍ നിന്നുള്ള എംഎല്‍എയാണ് പ്രതാപ് ഗൗഡ പാട്ടീല്‍. ഇദ്ദേഹത്തെ കോണ്‍ഗ്രസ് എം.എല്‍.എ മാരെ താമസിച്ച ഈഗിള്‍ടണ്‍ റിസോട്ടില്‍ നിന്നാണ് കാണാതായത്. ബെംഗലുരു എച്ച് എ എല്‍ വിമാനത്താവളത്തില്‍ നിന്നും സ്വകാര്യ വിമാനത്തില്‍ കയറിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ഇവര്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നതായി ബി.ജെ.പി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇവർ ഇതുവരെ കോൺഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടില്ല. വോട്ടെടുപ്പ് സമയത്ത് ഇവർ വിധാൻ സൗധയിലെത്തുമെന്നാണ് കരുതുന്നത്.