ര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ മുഖം തന്നെ സിദ്ധരാമയ്യയാണ്. മൈസൂരിലെ കുഗ്രാമത്തിലുള്ള സാധാരണ ആട്ടിടയ കുടുംബത്തില്‍ നിന്ന് മുഖ്യമന്ത്രിപദം വരെയുള്ള സിദ്ധരാമയ്യയുടെ യാത്രയെ സ്വപ്‌നസമാനമെന്നേ വിശേഷിപ്പിക്കാനാവൂ.

മൈസൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബി.എസ്.സി ബിരുദം കരസ്ഥമാക്കിയ സിദ്ധരാമയ്യയ്ക്ക് നിയമബിദുദപഠനകാലത്താണ് രാഷ്ട്രീയമാണ് തന്റെ വഴിയെന്ന് ഉള്‍വിളിയുണ്ടാവുന്നത്. 1983ല്‍ ലോക്ദള്‍ ടിക്കറ്റില്‍ ചാമുണ്ഡേശ്വരിയില്‍ നിന്നായിരുന്നു കന്നിയങ്കം. ഏവരെയും അതിശയിപ്പിച്ചുള്ള വിജയത്തിലൂടെ കന്നഡരാഷ്ട്രീയത്തിലെ ശ്രദ്ധേയനായി. കന്നഡ ഭാഷാ ഉന്നമനത്തിനായുള്ള കന്നഡ കാവലു സമിതി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതും സിദ്ധരാമയ്യയ്ക്ക് മുതല്‍ക്കൂട്ടായി.

1988ല്‍ ലോക്ദള്‍ വിട്ട് ജനതാദളിലെത്തിയ സിദ്ധരാമയ്യ 1994ലെ ദേവഗൗഡ മന്ത്രിസഭയില്‍ ധനകാര്യവകുപ്പ് മന്ത്രിയായി. പിന്നീടിങ്ങോട്ട് രാഷ്ട്രീയജീവിതം അദ്ദേഹത്തിന് സമ്മാനിചതൊക്കെ വിജയങ്ങള്‍ മാത്രം. ദേവഗൗഡയുടെ പാഠങ്ങളാണ് സിദ്ധരാമയ്യയെന്ന രാഷ്ട്രീയക്കാരന്റെ നൈപുണ്യത്തെ പൂര്‍ണമായും വെളിച്ചത്തെത്തിച്ചത്. 1996ല്‍ ദേവഗൗഡ പ്രധാനമന്ത്രിയായി ഡല്‍ഹിയിലേക്ക് പോയതോടെ സിദ്ധരാമയ്യ ജെഎച്ച് പട്ടേല്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി.

1999ല്‍ ജനതാദള്‍ പിളര്‍ന്നപ്പോള്‍ സിദ്ധരാമയ്യ ദേവഗൗഡയ്‌ക്കൊപ്പം ജെഡിഎസിന്റെ ഭാഗമായി. 2004ല്‍ കോണ്‍ഗ്രസ്-ജെഡിഎസ് മന്ത്രിസഭയിലും സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിയായിരുന്നു. 

2005ലാണ് ജെഡിഎസ് വിട്ട് കോണ്‍ഗ്രസിലേക്കുള്ള കൂടുമാറ്റം. സുഹൃത്തുക്കളും അണികളംു കൈവിട്ടെങ്കിലും ജനങ്ങള്‍ സിദ്ധരാമയ്യയ്‌ക്കൊപ്പം നിന്നു.2006ല്‍ ചാമുണ്ഡേശ്വരിയില്‍ നിന്ന് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭയിലേക്ക് വീണ്ടുമെത്തി. 

2013ല്‍ ഖനി അഴിമതിയുടെ പേരില്‍ ബിജെപിയെ തറപറ്റിച്ച് അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന്‍ കഴിഞ്ഞതിന് പിന്നിലുള്ള സൂത്രധാരനും സിദ്ധരാമയ്യ ആയിരുന്നു. രാജ്യമൊന്നാകെ കോണ്‍ഗ്രസ് വിരുദ്ധ വികാരം അലയടിച്ചപ്പോഴും കര്‍ണാടകം സിദ്ധരാമയ്യുടെ പിന്നില്‍ കോണ്‍ഗ്രസിനൊപ്പം അണിചേര്‍ന്നു. 

കന്നഡ ദേശീയതയും ലിംഗായത്തുകള്‍ക്ക് പ്രത്യേക മതന്യൂനപക്ഷ പദവി അനുവദിക്കാനുള്ള നീക്കവുമെല്ലാമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ സിദ്ധരാമയ്യ ബിജെപിയുടെ വെല്ലുവിളി സ്വീകരിച്ച് നീണ്ട ഇടവേളയ്ക്ക ്‌ശേഷം വരുണ മണ്ഡലം ഉപേക്ഷിച്ച് ചാമുണ്ഡേശ്വരിയില്‍ മത്സരിക്കാനും അദ്ദേഹം തീരുമാനിച്ചു. ബദാമിയിലും സിദ്ധരാമയ്യ ജനവിധി തേടുന്നുണ്ട്.