സിനിമാ നിര്‍മ്മാതാവില്‍ നിന്ന് രാഷ്ട്രീയനേതാവിലേക്ക്,അതാണ് എച്ച്.ഡി.കുമാരസ്വാമി. അദ്ദേഹത്തിനും ജെഡിഎസിനും ഈ നിയമസഭാ തിരഞ്ഞെടുപ്പ് അഭിമാനപോരാട്ടമാണ്. 2008ല്‍ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാതെ അതിജീവനം അസാധ്യമാണെന്ന തിരിച്ചറിവുണ്ട് കുമാരസ്വാമിക്ക്. ചനപട്ടണയിലും രാമനഗരത്തിലുമാണ് കുമാരസ്വാമി ഇക്കുറി ജനവിധി തേടുന്നത്.

കന്നഡിഗര്‍ക്ക് മണ്ണിന്റെ മകനും കുമാരണ്ണയുമൊക്കെയാണ് കുമാരസ്വാമി. യാദൃശ്ചികമായായിരുന്നു കുമാരസ്വാമിയുടെ രാഷ്ട്രീയപ്രവേശം. 1996ല്‍ ബംഗളൂരു റൂറലിലെ കനകപുരയില്‍ നിന്നായിരുന്നു കുമാരസ്വാമിയുടെ കമന്നിയങ്കം. അന്ന് തിളക്കമേറിയ വിജയം നേടിയ അദ്ദേഹത്തിന് പക്ഷേ പിന്നാലെ വന്ന തിരഞ്ഞെടുപ്പുകളില്‍ നിരാശയായിരുന്നു ഫലം.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലുണ്ടായിരുന്ന ധരംസിങ് സര്‍ക്കാരിനെ തകിടംമറിച്ച് ജെഡിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപിയുമായി കൂട്ടുചേരുകയും കുമാരസ്വാമി മുഖ്യമന്ത്രിയാവുകയും ചെയ്തിട്ടുണ്ട്. ചുരുങ്ങിയകാലത്തെ മുഖ്യമന്ത്രിസ്ഥാനം കൊണ്ടുതന്നെ ഏറെ ജനകീയനാകാന്‍ കുമാരസ്വാമിക്ക് കഴിഞ്ഞു. 

വൊക്കലിംഗ സമുദായത്തിലും ഗ്രാമീണ മേഖലകളിലും ജെഡിഎസിനുള്ള സ്വധീനവും ജനപ്രിയനെന്ന ഖ്യാതിയുമാണ് കുമാരസ്വാമിയുടെ മുതല്‍ക്കൂട്ട്. സിനിമാമേഖലയിലെ ബന്ധവും താരങ്ങളെ മുന്‍നിര്‍ത്തിയുള്ള പ്രചരണവും കരുത്ത് വര്‍ധിപ്പിക്കുമെന്നും കുമാരസ്വാമി വിശ്വസിക്കുന്നു.