1999ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബെല്ലാരിയില്‍ സോണിയാഗാന്ധിക്കെതിരെ ബിജെപി മത്സരരംഗത്തിറക്കിയത് സുമാ സ്വരാജിനെയായിരുന്നു. അന്ന് സുഷമാ സ്വരാജിന്റെ ഡ്രൈവറായത് ബോയാ ശ്രീരാമലു ആയിരുന്നു. അതേ ശ്രീരാമലു ഇന്ന് കര്‍ണാടക ബിജെപിയുടെയാകെ ഡ്രൈവിംഗ് ഫോഴ്‌സ് ആണ്!!

ഇക്കുറി സിദ്ധരാമയ്യയ്‌ക്കെതിരെ ബദാമിയില്‍ പോരാട്ടത്തിനിറങ്ങുകയാണ് ശ്രീരാമലു. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ വിശ്വസ്തനും റെഡ്ഡി സഹോദരന്മാരുടെ വലംകൈയ്യുമാണ് ശ്രീരാമലു. നിലവില്‍ ബെല്ലാരിയില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം. കര്‍ണാടക ബിജെപിയിലെ അവിഭാജ്യഘടകമാണ് ഈ 46കാരന്‍.

സ്വന്തം കുടുംബത്തിലെ മറ്റ് മൂന്നു പേര്‍ക്കും റെഡ്ഡ്ി കുടുംബത്തിലെ മൂന്ന് പേര്‍ക്കും ബിജെപി സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം നേടിക്കൊടുത്തു എന്നതില്‍ നിന്ന് തന്നെ മനസ്സിലാക്കാനാവും ശ്രീരമലുവിന്റെ പാര്‍ട്ടിയിലെ സ്വാധീനം. ബി.എസ്.യെദ്യൂരപ്പയുടെ മകന്‍ ബി.വൈ.രാഘവേന്ദ്രയ്ക്കും പാര്‍ട്ടിയുടെ സന്തതസഹചാരി ശോഭാ കരന്തലജെയ്ക്കും സീറ്റ് നിഷേധിച്ചുകൊണ്ടായിരുന്നു പാര്‍ട്ടിയുടെ ഈ നീക്കമെന്നതും ഓര്‍ക്കണം.

1996ല്‍ ബെല്ലാരി നഗരസഭാ കൗണ്‍സിലറായായിരുന്നു ശ്രീരാമലുവിന്റെ തുടക്കം. 2004ല്‍ അദ്ദേഹം ബെല്ലാരിയില്‍ നിന്ന് നിയമസഭയിലെത്തി. 16,500 കോടി രൂപയുടെ ഖനി അഴിമതിയുമായി ബന്ധപ്പെട്ട് 2011ല്‍ ജനാര്‍ദ്ദന്‍ റെഡ്ഡി ജയിലിലായതോടെ ശ്രീരാമലു ബിജെപി വിട്ട് ബിഎസ്ആര്‍ കോണ്‍ഗ്രസ് രൂപീകരിച്ചു. 2013ലെ തിരഞ്ഞെടുപ്പില്‍ 4 സീറ്റുകള്‍ പാര്‍ട്ടി നേടി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ബിഎസ്ആര്‍ കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചു. ബെല്ലാരിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു. സഹോദരിയായ സിറ്റിംഗ് എംപി ജോളാദ്രഷി ശാന്ത ശ്രീരാമലുവിന് വേണ്ടി വഴിമാറിക്കൊടുക്കുകയായിരുന്നു.

വാല്മീകി-നായക് സമുദായക്കാരനായ ശ്രീരാമലു ബദാമിയിലെ 30,0000ത്തോളം വരുന്ന സമുദായവോട്ടും പരമ്പരാഗത ലിംഗായത്ത് വോട്ടും പ്രതീക്ഷിക്കുന്നുണ്ട്. ബദാമിയിലെ 2.1 ലക്ഷം വരുന്ന വോട്ടര്‍മാരില്‍ 60 ശതമാനവും പിന്നോക്കവിഭാഗക്കാരാണ്. 

Content Highlights: B.Sriramulu,Boya Sriramulu,Badami, Karnataka Election 2018, Bjp Karnataka, Reddy Brothers