കേന്ദ്രമന്ത്രിയും കര്‍ണാടകയുടെ ചുമതലക്കാരനുമായ പ്രകാശ് ജാവ്‌ദേക്കര്‍ക്ക് തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം കൊയ്യുമെന്നതില്‍ തെല്ലും സംശയമില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ കോണ്‍ഗ്രസ് പഞ്ചാബിലും പുതുച്ചേരിയിലും മാത്രം അധികാരമുള്ള കോണ്‍ഗ്രസ്(പി) ആയി ചുരുങ്ങുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

കോണ്‍ഗ്രസ് കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണല്ലോ അഭിപ്രായസര്‍വ്വേകള്‍ പറയുന്നത്?

ജനവിധി വരട്ടെ,അതിലാണ് ഞങ്ങള്‍ക്ക് വിശ്വാസം. നരേന്ദ്രമോദി അധികാരത്തിലെത്തിയതുമുതല്‍ കോണ്‍ഗ്രസിന് 12 സംസ്ഥാനങ്ങള്‍ നഷ്ടമായി. കര്‍ണാടകം 13ാമത്തേതാവും. 50ലധികം സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിനാവില്ല.

സിദ്ധരാമയ്യ കരുത്തനായ എതിരാളിയാണ്....?

ഭൂപേന്ദ്ര ഹൂഡ, ഗുലാം നബി ആസാദ്, ഉമ്മന്‍ചാണ്ടി...ഇവരൊക്കെ കരുത്തരായ നേതാക്കളായിരുന്നില്ലേ,എന്നിട്ടും ഭരണം നഷ്ടപ്പെട്ടില്ലേ. പാവപ്പട്ട ജനങ്ങളുടെ മനസ് മോദിക്കൊപ്പവും അതുവഴി കോണ്‍ഗ്രസിനൊപ്പവുമാണ്. തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കര്‍ണാടകവും കോണ്‍ഗ്രസിന് നഷ്ടപ്പെടും.

ബിജെപിയുടെ ക്യാംപയിന്‍ എന്തുകൊണ്ടാണ് സിദ്ധരാമയ്യയ്ക്ക് നേര്‍ക്കുള്ളതാവുന്നത്?

കോണ്‍ഗ്രസിന് നേരെയാണ് ഊന്നല്‍. രാഹുല്‍ ഗാന്ധി പറയുന്നു പോരാട്ടം രണ്ട് സംസ്‌കാരങ്ങള്‍ തമ്മിലാണെന്ന്. ശരിയാണ്, സിദ്ധരാമയ്യ ഒരു ഐക്കണാണ്,അദ്ദേഹം മുഖ്യമന്ത്രിയാണ്. 

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ് യെദ്യൂരപ്പ. പക്ഷേ, അദ്ദേഹത്തിന്റെ മകന് പാര്‍ട്ടി സീറ്റ് നിഷേധിച്ചല്ലോ?

യെദ്യൂരപ്പ,അദ്ദേഹം ഞങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ്. അതുകൊണ്ട് അദ്ദേഹത്തിനുള്ള പാര്‍ട്ടി നിയമങ്ങളും വ്യത്യസ്തമാണ്. മകന്‍ വിജയേന്ദ്രക്ക് സീറ്റ് വേണ്ടെന്ന് പറഞ്ഞത് യെദ്യൂരപ്പ തന്നെയാണ്. പാര്‍ട്ടി അത് അംഗീകരിച്ചെന്ന് മാത്രം.

ജെഡിഎസുമായി ബിജെപി രഹസ്യബന്ധത്തിലാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ടല്ലോ?

അതൊക്കെ അടിസ്ഥാനരഹിതമാണ്. ജെഡിഎസുമായുള്ള സഖ്യമൊക്കെ പഴങ്കഥയല്ലേ,അതിനിയും ആവര്‍ത്തിക്കാനുള്ള സാധ്യത കാണുന്നില്ല.

ഭൂരിപക്ഷം ലഭിക്കുമെന്ന ബിജെപിയുടെ ഉറച്ച വിശ്വാസത്തിന് പിന്നില്‍?

ജനവികാരം അങ്ങനെയാണ്. കോണ്‍ഗ്രസിനോട് ജനങ്ങള്‍ക്ക് ദേഷ്യമുണ്ട്. അവര് മാറ്റം ആഗ്രഹിക്കുന്നുമുണ്ട്.

ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി 8 സീറ്റുകള്‍ നല്കിയത് വിവാദമായല്ലോ?

അഭിപ്രായസര്‍വ്വേകളുടെ അടിസ്ഥാനത്തിലാണ് സീറ്റുകള്‍ നല്കിയത്. ജയസാധ്യതയും കണക്കിലെടുത്തിട്ടുണ്ട്. ജനാര്‍ദ്ദന്‍ റെഡ്ഡി പാര്‍ട്ടിയുടെ ഭാഗമല്ല. അദ്ദേഹം ജയില്‍ മോചിതനുമായി. 

എന്തുകൊണ്ടാണ് പേരിനു പോലും ഒരു ക്രിസ്ത്യന്‍,മുസ്ലീം സ്ഥാനാര്‍ഥി ബിജെപിക്ക് ഇല്ലാത്തത്?

അത് യാദൃശ്ചികമായി സംഭവിച്ചതാണ്. ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് 2 മുസ്ലീം മന്ത്രിമാരുണ്ടല്ലോ. ഞങ്ങള്‍ വിവേചനമോ വേര്‍തിരിവോ കാണിക്കുന്നില്ല. എല്ലാ പാര്‍ട്ടികളിലും സ്ത്രീപങ്കാളിത്തം കുറവാണ്. അതിലാണ് മാറ്റം വരാനുള്ളത്. 

കടപ്പാട്: ഇക്കണോമിക് ടൈംസ്‌