മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് 2017 സെപ്തംബറിലായിരുന്നു. രാജ്യാന്തരതലത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവം കര്‍ണാടകത്തിന്റെ രാഷ്ട്രീയമേഖലയെയും ബാധിച്ചിരുന്നു. സംഭവം നടന്ന്എട്ടു മാസത്തിനകം കര്‍ണാടകം നിയമസഭാ തിരഞ്ഞെടുപ്പിന് വേദിയാകുമ്പോള്‍ ഗൗരി ലങ്കേഷിന്റെ സഹോദരിയും സംവിധായികയും ആക്ടിവിസ്റ്റുമായ കവിത ലങ്കേഷ് സംസാരിക്കുന്നു. കേസന്വേഷണത്തെക്കുറിച്ച്, രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാടുകളെക്കുറിച്ച്, വര്‍ഗീയ ശക്തികള്‍ക്കെതിരായുള്ള സ്വന്തം പ്രവര്‍ത്തനങ്ങളെക്കുറിച്ച്..........

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് ആറുമാസം പിന്നിട്ടപ്പോഴായിരുന്നു ഹിന്ദു യുവസേന നേതാവ് ടി നവീന്‍ കുമാര്‍ പിടിയിലാകുന്നത്. അയാള്‍ കുറ്റം സമ്മതിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം അവകാശപ്പെടുന്നു. നവീനിന് കൊലപാതകത്തില്‍ പങ്കുണ്ടെന്നും അയാള്‍ പ്രതിയാണെന്നും വിശ്വസിക്കുന്നുണ്ടോ. കര്‍ണാടകത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ്  മുന്നില്‍ കണ്ട് മുഖം രക്ഷിക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ നടത്തിയ ശ്രമമായി അറസ്റ്റിനെ വ്യാഖ്യാനിക്കുന്നവരുണ്ട്?

ഞാനങ്ങനെ കരുതുന്നില്ല. നവീന്‍ കുമാര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. എന്റെ സഹോദരിയെ അയാള്‍ ഓഫീസ് മുതല്‍ പിന്തുടര്‍ന്നിരുന്നുവെന്ന്. മൂന്നു നാലു വട്ടം അയാള്‍ അതിനു മുമ്പ് പരിസരം നിരീക്ഷിക്കാനായി വന്നിരുന്നെന്നും മൊഴി നല്‍കിയിട്ടുണ്ട്. ആരെയെങ്കിലും അറസ്റ്റു ചെയ്യാനായിരുന്നെങ്കില്‍ അവര്‍ക്ക് നേരത്തെ ആകാമായിരുന്നു . ഇത് തെളിവുകളോടെയാണ് പിടികൂടിയിരിക്കുന്നത്. അന്വേഷണം തിടുക്കപ്പെട്ട് പൂര്‍ത്തിയാക്കാന്‍ ആവില്ല. പിടിയിലായവരെ ഈ ദൗത്യം ഏല്‍പ്പിച്ചവരെ കണ്ടെത്തല്‍ പ്രയാസമേറിയ കാര്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ കുടുംബത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റും തുടര്‍നടപടികളും ഒന്നും തെരഞ്ഞടുപ്പ് ഗിമ്മിക്കായി കാണുന്നില്ല.

ഗൗരി ലങ്കേഷ് ശബ്ദിച്ചിരുന്നത് ആര്‍ക്കെതിരെയാണോ, കൊലപാതകത്തില്‍ അവരുടെ പങ്ക് കേന്ദ്രീകരിച്ചാണ് അന്വേഷണങ്ങള്‍ നീങ്ങുന്നത്. കര്‍ണാടകത്തില്‍ ബിജപിക്കെതിരെ ഇതൊരു വലിയ തെരഞ്ഞെടുപ്പ് വിഷയമാക്കി കോണ്‍ഗ്രസോ ജെഡിഎസോ ഉയര്‍ത്തി കൊണ്ടു വരാത്തത് എന്തു കൊണ്ടാകാം?

കോണ്‍ഗ്രസ് നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. അവരിതിനെ രാഷ്ട്രീയമായി  ഉപയോഗിക്കാന്‍ ശ്രമിക്കില്ലെന്ന് പറഞ്ഞിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ഭരിക്കുന്ന കക്ഷിയെന്ന ഉത്തരവാദിത്തം കൂടിയുണ്ട്. അന്വേഷിച്ച് പ്രതികളെ കണ്ടെത്തുക അവരുടെ ഉത്തരവാദിത്തമാണ്. അല്ലാതെ ഇത് രാഷ്ട്രീയ ആയുധമാക്കി അവര്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയല്ല വേണ്ടത്. ഭരിക്കുന്ന പാര്‍ട്ടി വോട്ടു പിടിക്കേണ്ടത് വികസന നേട്ടങ്ങള്‍ എണ്ണി പറഞ്ഞാണെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. വര്‍ഗീയത പറയുന്നവരോട് വികസനം പറഞ്ഞ് ജയിക്കണം. 

എന്തുകൊണ്ടാണ് ഗൗരി ലങ്കേഷ് വധക്കേസ് സിബിഐക്ക് വിടുന്നതിനെ എതിര്‍ക്കുന്നത് ? 

ആരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് അറിയാമല്ലോ, സിബിഐ ആരുടെ കയ്യിലാണെന്ന് അറിയാമല്ലോ. ബിജെപി -സംഘ്പരിവാര്‍ സംഘടനകളുമായി ബന്ധമുള്ള പ്രതികള്‍ക്കെല്ലാം ക്ളീന്‍ ചിറ്റ് നല്‍കാന്‍ മാത്രമായി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് സിബിഐ. ഗൗരിക്കു മുമ്പ് കൊല്ലപ്പെട്ടവരുടെ കേസ് സിബിഐ അന്വേഷിച്ചിട്ട് എന്തായി. എംഎ കല്‍ബുര്‍ഗിക്ക് നീതി കിട്ടിയോ? ഗോവിന്ദ് പന്‍സാരയുടെ കുടുംബത്തിന് നീതി കിട്ടിയോ? നരേന്ദ്ര ധബോല്‍ക്കറുടെ കുടുംബത്തിന്റൈ അവസ്ഥ മറിച്ചാണോ? ബിജെപി ഭരണത്തിലിരിക്കെ ഗൗരി ലങ്കേഷ് വധക്കേസ് സിബിഐക്ക് വിട്ടിട്ട് ഒരുകാര്യവും ഇല്ല. മാത്രമല്ല അതൊരു മണ്ടത്തരം തന്നെയാകും. അതുകൊണ്ട് ഞങ്ങള്‍ അതിനെ എതിര്‍ക്കുന്നു.

ഇപ്പോള്‍ കര്‍ണാടക എസ്ഐറ്റി നടത്തുന്ന അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയാണോ ?

പൂര്‍ണതൃപ്തിയെന്നതല്ല, പ്രതീക്ഷയുണ്ട് എന്നതാണ്. ഗൗരിയെ വെടിവെച്ചു കൊന്ന വാടക കൊലയാളികളല്ല, ഇല്ലാതാക്കാന്‍ തീരുമാനിച്ച  ബുദ്ധികേന്ദ്രം ആരെന്നാണ് കണ്ടെത്തേണ്ടത്. അതാരെന്ന് തെളിവു സഹിതം വെളിപ്പെടുത്തുമ്പോഴേ തൃപ്തിയും സന്തോഷവും ഉണ്ടാകൂ.

 വര്‍ഗ്ഗീയ ശക്തികളെ ഭരണത്തില്‍നിന്നകറ്റാന്‍ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കവിത ലങ്കേഷിന്റെ സംഭാവന എന്തായിരിക്കും ? 

ഞാന്‍ ഒരു രാഷ്ട്രീയക്കാരിയല്ല. എന്റെ സഹോദരിക്ക് ജീവന്‍ നഷ്ടപ്പെട്ടത് ഹിന്ദുത്വ അജണ്ടയെ വിമര്‍ശിച്ചതിനാണ്. വര്‍ഗ്ഗീയതയേയും ജാതീയതേയും കൂട്ടുപിടിച്ച്  സംഘ്പരിവാര്‍ ശക്തികള്‍ ഇപ്പോഴും രാജ്യത്തെ സമാധാനപ്രിയരായ ജനങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഭരണഘടന തിരുത്താന്‍ നടക്കുന്നവരെ, മനുഷ്യരെ ജാതീയമായി വിഭജിക്കുന്ന വര്‍ഗ്ഗീയവാദികളെ ഭരണത്തിലേറാന്‍ സമ്മതിക്കരുത്. കേന്ദ്രം ഭരിക്കുന്ന വര്‍ഗ്ഗീയശക്തിയെ കര്‍ണാടകത്തില്‍ അധികാരത്തിലേറ്റില്ല. കിട്ടാവുന്ന വേദികളിലെല്ലാം ഉറക്കെ ഉറക്കെ പറയും  ബിജെപിയെ അകറ്റി നിര്‍ത്തണമെന്ന്. അതിനു വേണ്ടി ഞാന്‍ സാമൂഹ്യമാധ്യമങ്ങളും സിനിമയെന്ന മാധ്യമവും ഞാന്‍ നിര്‍മ്മിക്കുന്ന ഡോക്യുമെന്ററികളും എന്റെ പ്രസംഗങ്ങളും ഒക്കെ ഉപയോഗപ്പെടുത്തും. എന്റെ സഹോദരി ഒരു പാവം മാധ്യമപ്രവര്‍ത്തകയായിരുന്നു. അവര്‍ക്കതൊരു രാഷ്ട്രീയപ്രവര്‍ത്തനമായിരുന്നു.

നടന്‍ പ്രകാശ് രാജ് സജീവമാണല്ലോ ജസ്റ്റ് ആസ്‌ക്കിംഗ് എന്ന ഹാഷ്ട് ടാഗുമായി ബിജെപിക്കെതിരെ.? 

എന്റെ പിതാവ് പി ലങ്കേഷിന്റെ പ്രിയപ്പെട്ട ശിഷ്യനാണ് പ്രകാശ് രാജ്. അദ്ദേഹം ആദ്യമൊന്നും ഇങ്ങനെ രാഷ്ട്രീയ പര്‍ട്ടികള്‍ക്കെതിരെ ശബ്ദിക്കാറില്ലായിരുന്നു. പക്ഷേ ഉറ്റ സുഹൃത്ത് ഗൗരി തോക്കിന്‍ മുനയില്‍ പിടഞ്ഞ് മരിച്ചതോടെ പ്രകാശ് രാജ് അസാമാന്യ ധൈര്യം കൈവന്ന ആളായി മാറി. അദ്ദേഹത്തിന് ഇപ്പോഴും രാജ്യത്തെ ഒരു രാഷ്ട്രീയ പര്‍ട്ടിയോടും പ്രത്യേക മമതയോ സ്നേഹമോ ഇല്ല. പക്ഷേ ബിജെപിയുടേത്  എതിര്‍ക്കപ്പെടേണ്ട രാഷ്ട്രീയമാണെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായി. അദ്ദേഹം നയിക്കുന്ന 'ജസ്റ്റ് ആസ്‌ക്കിംഗ്'  എന്ന ഹാഷ് ടാഗ് ക്യാംപൈന്‍ സംഘ് പരിവാറിനെ സമ്മര്‍ദ്ദത്തിലാക്കി തുടങ്ങിയിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ പങ്കു വെക്കാറുണ്ട്. അദ്ദേഹവും ജിഗ്നേഷ്‌ മേവാനിയുമൊക്കെ എല്ലാവര്‍ക്കും വേണ്ടി രാജ്യം ഭരിക്കുന്നവരോട് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കട്ടെ. സമരസപ്പെടാനില്ലാത്ത കുറച്ചു പേരിലാണ് പ്രതീക്ഷകള്‍ . 

content highlights: Gauri Lankesh, Kavitha Lankesh, karnataka election 2018, karnataka bjp,karnataka congress