നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസ് അല്ലാതെയൊരു പാര്‍ട്ടി അധികാരത്തിലേറാന്‍ ജനങ്ങള്‍ സമ്മതിക്കില്ലെന്നാണ് തന്റെ വിശ്വാസമെന്ന് പറയുന്നു പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി.കുമാരസ്വാമി. പ്രീ പോള്‍ അഭിപ്രായസര്വ്വഫലം പറഞ്ഞത് കുമാരസ്വാമി കിങ്മേക്കറാവും എന്നായിരുന്നു.
പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് തന്നെയാണോ വിശ്വാസം?
തീര്‍ച്ചയായും, ജെഡിഎസ് അധികാരത്തിലെത്തുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ട്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഭരണം കണ്ടുമടുത്ത ജനങ്ങളോട് ഒരവസരമാണ് ഞങ്ങള്‍ ചോദിക്കുന്നത്. ജെഡിഎസിന് ഇത് അതിജീവനത്തിന്റെ പോരാട്ടം കൂടിയാണ്.
പ്രതീക്ഷകള്‍?
ജെഡിഎസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുക തന്നെ ചെയ്യും. 225ല്‍ 113ഉം ഞങ്ങള്‍ നേടും. ആ ലക്ഷ്യത്തിലേക്കെത്താനുളളതൊക്കെ ഞാന്‍ ചെയ്തുകഴിഞ്ഞു. അതനുസരിച്ചുള്ള പ്രവര്‍ത്തനമാണ് ഞങ്ങള്‍ നടത്തിയതും. ജനങ്ങള്‍ ഞങ്ങളെ വിജയിപ്പിക്കും.
113 സീറ്റിലും ജയം ഉറപ്പാണെന്നാണോ?
97-105 സീറ്റുകള്‍ വരെ ഉറപ്പുള്ളതാണ്. 113ലെത്താന്‍ വേണ്ടി ബാക്കി മണ്ഡലങ്ങളില്‍ കൂടുതല്‍ പ്രയത്നിക്കേണ്ടിവരുമെന്ന് മാത്രം. കഠിനപ്രയത്നം ഫലം കാണുമെന്ന് തന്നെയാണ് കരുതുന്നത്.
തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത എന്നാണ് പ്രീപോള്‍ അഭിപ്രായസര്‍വ്വേകള്‍ പറഞ്ഞത്?
അത്തരമൊരു സാഹചര്യം ഉദിക്കുന്നില്ല. ഞങ്ങള്‍ നേടുക തന്നെ ചെയ്യും.
താങ്കള്‍ കിങ്മേക്കറാവുമെന്നും സര്‍വ്വേഫലം വന്നിരുന്നു?
കിങ്മേക്കറല്ല,എന്നെ ജനങ്ങള്‍ കിങ് തന്നെ ആക്കും. എനിക്ക് ആത്മവിശ്വാസമുണ്ട്.
ജെഡിഎസ് ബിജെപിയുടെ ബി ടീമാണെന്നാണല്ലോ കോണ്‍ഗ്രസിന്റെ ആരോപണം?
ഞങ്ങളൊരിക്കല് ബിജെപിയുമായി സഖ്യത്തിലായിരുന്നു എന്നതിനപ്പുറം ആ ആരോപണത്തില്‍ ഒരു കഴമ്പുമില്ല. സിദ്ധരാമയ്യയാണ് ബിജെപിയുടെ ബി ടീം.
കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ