രുവർഷം മുൻപാണ് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കർണാടകത്തിന്റെ ചുമതലയേറ്റെടുക്കുന്നത്. കർണാടകത്തിൽ അധികാരം നിലനിർത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് കേന്ദ്രനേതൃത്വം ഏൽപ്പിച്ചത്. ബൂത്തുതലംമുതൽ പാർട്ടിയെ ശക്തിപ്പെടുത്തുകയെന്ന ദൗത്യമാണ് ആദ്യം പൂർത്തിയാക്കിയത്. ഇതിനായി അടിമുടി അഴിച്ചുപണി നടത്തി. ബൂത്തുകൾ നേരിട്ട് സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. ഭരണനേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനായുള്ള മനെ മനെഗെ(വീടുവീടാന്തരം) പരിപാടി പാർട്ടിയെ ജനങ്ങളുമായി കൂടുതൽ അടുപ്പിച്ചതായി വേണുഗോപാൽ പറയുന്നു. 

കോൺഗ്രസിന്റെ വിജയസാധ്യത?

കോൺഗ്രസ് കൂടുതൽ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. കർണാടകം കണ്ട ഏറ്റവുംനല്ല മുഖ്യമന്ത്രിമാരിൽ ഒരാളാണ് സിദ്ധരാമയ്യ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പങ്കെടുത്ത റാലികളിൽ ആവേശകരമായ പിന്തുണയാണ് ലഭിച്ചത്. സംസ്ഥാനത്ത് കോൺഗ്രസിന് അനുകൂലമായ തരംഗമുണ്ട്. ഒരു രൂപയ്ക്ക് 30 കിലോ അരി നൽകുന്ന അന്നഭാഗ്യ, ക്ഷീരഭാഗ്യ തുടങ്ങി ഒട്ടേറെ ക്ഷേമപദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഭരണ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാനും കഴിഞ്ഞു.
 

ബൂത്തുതലംമുതൽ പാർട്ടിയെ ശക്തിപ്പെടുത്തി. 224 മണ്ഡലങ്ങളിലും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് 66,000 ബൂത്തുതല ഏജന്റുമാരെ നിയോഗിച്ചു. ബൂത്തുകൾ നേരിട്ട് സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. കെ.പി.സി.സി. സെക്രട്ടറിമാർക്ക് മേഖലതിരിച്ച് ചുമതല നൽകി. ഇതോടൊപ്പം പാർട്ടിനേതാക്കളെ ഒന്നിച്ചുനിർത്താനും കഴിഞ്ഞു. ഭരണവിരുദ്ധ വികാരമില്ലെന്നതും പ്രത്യേകതയാണ്. ഇതെല്ലാം അനുകൂലഘടകമാകും.

വിഭാഗീയത തിരിച്ചടിയാകുമോ?

കർണാടക കോൺഗ്രസിൽ ഗ്രൂപ്പില്ല. കേരളത്തിൽ ചേരിതിരിഞ്ഞുള്ള ഗ്രൂപ്പ് ശക്തമാണ്. എന്നാൽ, ഇത്തരമൊരു അവസ്ഥ ഇവിടെയില്ല. ചില അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. എല്ലാവരും മുതിർന്ന നേതാക്കളാണ്. ചർച്ചയിലൂടെ എല്ലാം പരിഹരിക്കാൻ കഴിയും. സിദ്ധരാമയ്യയെ എല്ലാവരും അംഗീകരിക്കുന്നു.

കോൺഗ്രസ് ജാതിരാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നുണ്ടോ?

കോൺഗ്രസ് ജാതീയത പ്രോത്സാഹിപ്പിക്കില്ല. ലിംഗായത്തിന് പ്രത്യേക മതപദവി നൽകിയത്  സമുദായത്തിന്റെ ആവശ്യം കണക്കിലെടുത്താണ്. ലിംഗായത്തിന് മതപദവി വേണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ലിംഗായത്ത് സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പ്രത്യേക മതപദവി വേണമെന്നാവശ്യപ്പെട്ട് നിവേദനം നൽകുകയായിരുന്നു. ഇതേക്കുറിച്ച് പഠിക്കാൻ ജസ്റ്റിസ് നാഗമോഹൻ ദാസിന്റെ അധ്യക്ഷതയിൽ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയാണ് ലിംഗായത്തിന് ന്യൂനപക്ഷ പദവിയോടെ പ്രത്യേക മതം അനുവദിക്കണമെന്ന് നിർദേശിച്ചത്. ഇത് അംഗീക്കുക മാത്രമാണ് സിദ്ധരാമയ്യ ചെയ്തത്. കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചില്ലെങ്കിൽ സിദ്ധരാമയ്യ ലിംഗായത്തിനെ അവഗണിച്ചെന്നാകും പരാതി. ലിംഗായത്തിന് പ്രത്യേക മതപദവി വേണമെന്ന് 2013-ൽ ബി.ജെ.പി. സർക്കാരാണ് കേന്ദ്രത്തിന് ശുപാർശ നൽകിയത്. സംസ്ഥാനത്തിന്റെ ശുപാർശയിൽ കേന്ദ്രത്തിന് എന്തുനടപടിയും സ്വീകരിക്കാം. ഇക്കാര്യത്തിൽ കോൺഗ്രസ് ഇടപെടില്ല. ആവശ്യത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് കേന്ദ്ര സർക്കാരിന് നടപടി സ്വീകരിക്കാം.

പ്രാദേശികവാദത്തെ സിദ്ധരാമയ്യ പിന്തുണച്ചതായി ആരോപണമുണ്ട്?

കോൺഗ്രസ് പ്രാദേശിക വാദത്തെ പിന്തുണയ്ക്കില്ല. മാതൃഭാഷയെ സ്‌നേഹിക്കുന്നത് പ്രദേശിക വാദമാണോ? കന്നഡ ഭാഷയുടെ പേരിൽ ആക്രമണങ്ങളുണ്ടായിട്ടില്ല. ഭാഷയെ സംരക്ഷിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചത്. മാതൃഭാഷയും സംസ്‌കാരവും സംരക്ഷിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ട്. കർണാടകത്തിന് സ്വന്തം പതാക അനുവദിച്ചതിൽ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ല.

ജനതാദൾ-എസിന്റെ പിന്തുണ തേടുമോ?

കോൺഗ്രസിന് ആരുടെയും പിന്തുണ വേണ്ടിവരില്ല. ജനതാദൾ-എസിനെ വിശ്വസിക്കാൻ കഴിയില്ല. ബി.ജെ.പി.യെ അധികാരത്തിലെത്തിക്കാനാണ് ജനതാദൾ-എസ് പ്രവർത്തിക്കുന്നത്. കർണാടകത്തിൽ ദൾ ബി.ജെ.പി.യുടെ ബി. ടീമാണ്. ബി.ജെ.പി.യുടെ പിന്തുണയോടെയാണ് കുമാരസ്വാമി മുഖ്യമന്ത്രിയായത്.

മൈസൂരു കോർപ്പറേഷൻ ഭരിക്കുന്നതും ബി.ജെ.പി. പിന്തുണയോടെയാണ്. ഈ സാഹചര്യത്തിൽ ജനതാദൾ- എസ് നേതാക്കളെ വിശ്വസിക്കാൻ കഴിയില്ല. ജനതാദൾ-എസ് ജനതാദൾ സംഘപരിവാറാണെന്ന രാഹുൽഗാന്ധിയുടെ അഭിപ്രായത്തെ ശരിവയ്ക്കുകയാണ്. ദൾ നേതാക്കൾ പറയുന്നത് ഒന്നും പ്രവർത്തിക്കുന്നത് മറ്റൊന്നുമാണ്. ഓൾഡ് മൈസൂരു മേഖലയിൽ കോൺഗ്രസും ജനതാദൾ -എസുമായാണ് മത്സരം. ഈ സാഹചര്യത്തിൽ ജെ.ഡി.എസുമായി നീക്കുപോക്കുണ്ടാക്കുന്നത് ബി.ജെ.പി.യെ സഹായിക്കുന്നതിന് തുല്യമാകും.

ചാമുണ്ഡേശ്വരിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പരാജയപ്പെടുത്താൻ ജനതാദൾ എസും ബി.ജെ.പി.യും കൈകോർത്തിരിക്കുകയാണ്. ദൾ ബി.എസ്.പി.യുമായി സഖ്യമുണ്ടാക്കിയാലും ബി.എസ്.പി. പ്രവർത്തകരുടെ വോട്ട് കോൺഗ്രസിനായിരിക്കും.