കര്‍ണാടകയില്‍ തികഞ്ഞ പ്രതീക്ഷയിലാണ് ജനതാദള്‍ എസ്. വിജയത്തില്‍ കുറഞ്ഞതൊന്നും തങ്ങള്‍ക്ക് മുന്നിലില്ലെന്ന് മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി.ദേവഗൗഡ പറയുന്നു.
ഈ തിരഞ്ഞെടുപ്പ് ജെഡിഎസിനെ സംബന്ധിച്ചിടത്തോളം എത്രമാത്രം പ്രധാനപ്പെട്ടതാണ്?
ഒരു പ്രാദേശിക പാര്‍ട്ടിയെ ഇപ്പോള്‍ രക്ഷിക്കാനായില്ലെങ്കില്‍ പിന്നെയെപ്പോഴാണ് അതിന് കഴിയുക. കര്‍ണാടകയില്‍ നിരവധി വിഷയങ്ങളുണ്ട്. കാവേരി നദീജലതര്‍ക്കം തന്നെയാണ് പ്രധാന വിഷയം. മറ്റൊന്ന് മഹാദയി നദീജലതര്ക്കമാണ്. കേന്ദ്രസര്‍ക്കാരിന് കര്‍ണാടകയോട് തികഞ്ഞ അവഗണനയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പ്രാദേശിക പാര്‍ട്ടിയെന്ന നിലയ്ക്ക് ജെഡിഎസിന് തിരിച്ചുവന്നേ മതിയാവൂ. ദേശീയ പാര്‍ട്ടികള്‍ ഞങ്ങളെ ചവിട്ടിത്താഴ്ത്താനാണ് നിരന്തരം ശ്രമിക്കുന്നത്.
തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്നാണല്ലോ അഭിപ്രായസര്‍വ്വേകള്‍ പറയുന്നത്. അതേക്കുറിച്ച്?
മെയ് 12ന് മുമ്പ് നിരവധി കാര്യങ്ങളില്‍ മാറ്റമുണ്ടാകും. ഞങ്ങള്‍ പരമാവധി പരിശ്രമിക്കുന്നുണ്ട്. അല്ലെങ്കില്‍പ്പിന്നെ ഈ പ്രായത്തില്‍ ഞാനിങ്ങനെ കഷ്ടപ്പെടുന്നതെന്തിനാണ്. എനിക്ക് 2019ല്‍ ലോക്സഭയിലേക്ക് മത്സരിക്കാനൊന്നും ഉദ്ദേശമില്ല.
കുമാരസ്വാമിക്ക് ജനങ്ങള്‍ക്കിടയില്‍ സമ്മതിയുണ്ട്. അതിനൊപ്പം എന്റെ അുഭവസമ്പത്തും കൂടി ചേര്‍ത്താണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. മായാവതിയുടെ ബിഎസ്പിയുമായുള്ള സഹകരണവും ഗുണം ചെയ്യും. ഒവൈസിയുടെ പിന്തുണ ഞങ്ങള്‍ക്കുണ്ട്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവും ഒപ്പമുണ്ട്. തെലുങ്ക് സംസാരിക്കുന്ന ജനങ്ങള്‍ കര്‍ണാടകയിലുണ്ട്. അവര്‍ക്കിടയില്‍ പ്രചരണത്തിന് വരാമെന്ന് അദ്ദേഹം സമ്മതിട്ടിച്ചുമുണ്ട്.
പ്രാദേശികപാര്‍ട്ടികളുടെ കൂട്ടായ്മ എന്ന സാധ്യതയെക്കുറിച്ചാണോ താങ്കള്‍ പറയുന്നത്, അത് ഒരു ബദല്‍ ശക്തിയാകുമെന്ന്?
ഞാനവരോട് പറഞ്ഞിട്ടുണ്ട് എനിക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമാകാനാവില്ലെന്ന്. ഉപദേശങ്ങള്‍ നല്‍കാനും മാനസിക പിന്തുണ നല്‍കാനുമേ എനിക്ക് കഴിയൂ. എന്തായാലും ജനങ്ങളുടെ മുന്നണിയില്‍ ജെഡിഎസിന് സ്ഥാനമുണ്ടാവും. അതുകൊണ്ടാണ് അവര്‍ക്ക് വേണ്ടി അധികാരത്തിലെത്തണമെന്ന് ഞങ്ങള്‍ വിചാരിക്കുന്നതും.
തിരഞ്ഞെടുപ്പ് ഫലം അനുകൂലമായില്ലെങ്കില്‍ ജെഡിഎസിന് മുന്നിലുള്ള വഴികള്‍ എന്തൊക്കെയാണ്?
അങ്ങനെയൊരു അവസ്ഥ ഉണ്ടാവില്ല. ആ അവസ്ഥയിലെത്താതിരിക്കാനാണല്ലോ ഞാന്‍ കഠിനാധ്വാനം ചെയ്യുന്നതും. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാനസര്‍ക്കാരുകളുമായി നിരവധി പ്രശ്നങ്ങള്‍ ജെഡിഎസിനുണ്ട്. മുന്‍ ബിജെപി സര്‍ക്കാരിന്റെ കാര്യത്തിലും അങ്ങനെതന്നെ. ബിജെപി നേതാക്കള്‍ പറയുന്നത് മോദി തരംഗം ഉണ്ടെന്നാണ്. ഞാനങ്ങനെയൊന്നും ഇതുവരെ കണ്ടിട്ടില്ല. കര്‍ണാടക തിരഞ്ഞടുപ്പ് ഫലത്തോടെ ജനമുന്നണി രംഗത്തുവരും. രാജ്യതാല്പര്യങ്ങളുടെ കാര്യം നോക്കുമ്പോള്‍ അത് വളരെ പ്രാധാന്യമുള്ളതാണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍ കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം ഇന്ത്യയിലെ രാഷ്ട്രീയപുരോഗതിയുടെ ഭാവിയിലേക്കുള്ള ദിശാസൂചകമാകും.
കടപ്പാട്: ഡെക്കാന്‍ ക്രോണിക്കിള്‍