ബിജെപിക്ക് ദക്ഷിണേന്ത്യയിലേക്കുള്ള കവാടമാണ് കര്‍ണാടക. വിജയം പാര്‍ട്ടിക്കൊപ്പമെന്ന് ഉറച്ച ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.അദ്ദേഹം 'ദി ഹിന്ദു'വിന് നല്കിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍

2019ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെയും മറ്റ് വര്‍ത്തമാനപരിതസ്ഥിതികളുടെയും അടിസ്ഥാനത്തില്‍ താങ്കളെങ്ങനെയാണ് കര്‍ണാടക തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്?

കര്‍ണാടകയില്‍ പ്രധാനമായും മൂന്ന് പ്രശ്‌നങ്ങളാണുള്ളതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒന്ന് വികസനം സംബന്ധിച്ചതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ നടക്കുന്ന  വികസനയാത്രയില്‍ ഏറ്റവും പിന്നോക്കമാണ് കര്‍ണാടകം ഇപ്പോള്‍. ഈ അവസ്ഥ മാറണം. കര്‍ണാടകത്തെ മുമ്പിലേക്ക് കൊണ്ടുവരാനാണ് ബിജെപി ലക്ഷ്യമിടുന്നത്. രണ്ടാമതായി, 1967ന് ശേഷം ഇവിടെ ജാതി,കുടുംബ, പ്രീണന രാഷ്ട്രീയമാണ് തിരഞ്ഞെടുപ്പ് രംഗത്തുള്ളത്. അതു മാറി പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ളതാവണം തിരഞ്ഞെടുപ്പ്. അതിനെയല്ലേ വികസനം എന്ന് വിളിക്കാനാവൂ. രാഷ്ട്രീയത്തെ ആ നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. മൂന്നാമതായി ബിജെപിയുടെ കാഴ്ച്ചപ്പാടില്‍ ദക്ഷിണേന്ത്യയിലേക്കുള്ള കവാടമാണ് കര്‍ണാടക തിരഞ്ഞെടുപ്പ്.

പക്ഷേ, ഒരു രാഷ്ട്രീയപാര്‍ട്ടിയെന്ന നിലയില്‍ ബിജെപിയും ജാതിരാഷ്ട്രീയത്തില്‍ നിന്ന് മുക്തമല്ലല്ലോ?

അതില്‍ വ്യത്യാസമുണ്ട്. ഒരു സ്ഥാനാര്‍ഥി,അത് എംഎല്‍എ സ്ഥാനാര്‍ഥിയോ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയോ ആവട്ടെ,  പ്രത്യേക സമുദായത്തിലായതുകൊണ്ട് മത്സരരംഗത്ത് ലഭിക്കുന്ന ആനുകൂല്യങ്ങളുണ്ടെങ്കില്‍ അതില്‍ തെറ്റില്ല. പക്ഷേ, തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം അയാള്‍ സ്വന്തം സമുദായ്തതിലുള്ളവര്‍ക്ക് മാത്രമേ പുരോഗതിക്കാവശ്യമായതൊക്കെ ചെയ്തുകെടുക്കൂ എന്ന് വന്നാലോ. അതാണ് ഞാന്‍ പറഞ്ഞ വ്യത്യാസം. ബിജെപി ഒരിക്കലും അങ്ങനെയല്ല.

തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്നാണല്ലോ പ്രീ പോള്‍ സര്‍വ്വേ ഫലങ്ങള്‍. ആശങ്കയുണ്ടോ?

അതൊക്കെ എല്ലായ്‌പ്പോഴും സംഭവിക്കാറുള്ളതല്ലേ. ത്രിപുര,ഉത്തരാഖണ്ഡ്,മണിപ്പൂര്‍ എന്തിന് ഗുജറാത്തില്‍ പോലും അഭിപ്രായസര്‍വ്വേകളില്‍ ആദ്യം ബിജെപി പിന്നോക്കമായിരുന്നില്ലേ? അതില്‍ നിന്ന് തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത എന്ന സര്‍വ്വേഫലത്തിലേക്ക് വരുമ്പോള്‍ കൂടുതല്‍ പ്രതീക്ഷയല്ലേ ഉണ്ടാവുന്നത്. എക്‌സിറ്റ് പോളുകള്‍ വരുമ്പോഴേക്കും ഞങ്ങള്‍ ബഹുദൂരം മുന്നിലെന്നാവും ഫലങ്ങള്‍. അതുകൊണ്ട് ആദ്യ അഭിപ്രായസര്‍വ്വേകളില്‍ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത എന്ന് കേള്‍ക്കുമ്പോള്‍ വളരെ നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്. 

പൊതുവേ പറയാറുണ്ട് കര്‍ണാടക എങ്ങനെ ചിന്തിക്കുന്നോ അതിന് നേര്‍വിപരീതമായാവും രാജ്യമെമ്പാടും ചിന്തിക്കുകയെന്ന്. കര്‍ണാടകയില്‍ ബിജെപി ജയിക്കുകയാണെങ്കില്‍.......പേടിയുണ്ടോ?

അത്തരം തിരഞ്ഞെടുപ്പ് വിശ്വാസങ്ങളൊക്കെ ബിജെപി മുമ്പേ തകര്‍ത്തിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഈ വിശ്വാസവും ഞങ്ങള്‍ പൊളിച്ചെഴുതും.

ജനതാദള്‍ എസ് കിങ്‌മേക്കറാവുമെന്നാണ് പറയപ്പെടുന്നത്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ ജെഡിഎസുമായി സഖ്യത്തിന് ബിജെപി തയ്യാറാകുമോ?

ഇത് മാറ്റത്തിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പാണ്. ജനതാദള്‍ എസ് മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ലെന്ന് എല്ലാവര്‍ക്കുമറിയാവുന്നതല്ലേ. സഖ്യത്തിന്റെ വിഷയം ഉദിക്കുന്നതേയില്ല, ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുക തന്നെ ചെയ്യും.

കടപ്പാട്: നിസ്തുല ഹെബ്ബാര്‍/ദി ഹിന്ദു