ബെംഗളൂരു: ദക്ഷിണേന്ത്യയില്‍ ബി.ജെ.പി ആദ്യമായി താമര വിരിയിച്ചത് ബി. എസ്. യെദ്യൂരപ്പയിലൂടെയായിരുന്നു. കര്‍ണാടകത്തില്‍ അന്നുവരെയുണ്ടായിരുന്ന ദളിന്റെയും, കോണ്‍ഗ്രസിന്റെയും അപ്രമാദിത്വത്തെ തകര്‍ത്തെറിയാന്‍ ബി.ജെ.പിയെ സഹായിച്ചത് യെദ്യൂരപ്പയുടെ ചാണക്യ തന്ത്രങ്ങളായിരുന്നു. ഒരുവട്ടം കൂടി പാര്‍ട്ടി യെദ്യൂരപ്പക്ക് സംസ്ഥാന ബി.ജെ.പിയുടെ ചുമതല കൈമാറിയത് 2018-ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ശക്തി ക്ഷയിച്ച സംസ്ഥാനത്തെ ബി.ജെ.പി.യെ വീണ്ടും പഴയ പ്രതാപത്തിലേക്കു നയിക്കാന്‍ യെദ്യൂരപ്പക്കു കഴിയുമെന്ന് കേന്ദ്ര നേതൃത്വം കണക്കു കൂട്ടുന്നു. ബി.ജെ.പി.യുടെ ദേശീയ ഉപാധ്യക്ഷന്‍ കൂടിയായ യെദ്യൂരപ്പ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വീണ്ടു മെത്തുന്നതോടെ പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളും മാറിമറിഞ്ഞു

ബി.ജെ.പി.ക്ക് കാര്യമായ ശക്തിയില്ലാതിരുന്ന 1988 കാലഘട്ടത്തിലാണ് യെദ്യൂരപ്പ ആദ്യമായി പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. അവിടുന്നിങ്ങോട്ട് പിന്നെ ബി.ജെ.പി.ക്ക് വളര്‍ച്ചയുടെ കാലമായിരുന്നു. 1994-ലെ നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ പ്രതിപക്ഷ സ്ഥാനത്തെത്തിക്കുന്നതില്‍ യെദ്യൂരപ്പയുടെ പങ്ക് നിര്‍ണായകമായിരുന്നു. ചെല്ലുന്നിടത്തെല്ലാം വലിയ ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കുന്ന യെദ്യൂരപ്പ അന്നുമുതല്‍ തന്നെ മറ്റു പാര്‍ട്ടികള്‍ക്ക് വലിയ വെല്ലുവിളിയുയര്‍ത്തി. 2004 ആയപ്പോഴേക്കും പ്രതിപക്ഷ നേതാവായി യെദ്യൂരപ്പ മാറി. തുടര്‍ന്ന് തങ്ങളുമായി സഖ്യമുണ്ടാക്കിയ ശേഷം വഞ്ചിച്ച ജനതാദളിനെ താഴെയിറക്കി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പി. തീരുമാനിച്ചത് യെദ്യൂരപ്പയുടെ ചങ്കൂറ്റമൊന്നു കൊണ്ടു മാത്രമായിരുന്നു. പ്രതീക്ഷകള്‍ തെറ്റിക്കാതെ ബി.ജെ.പി. സംസ്ഥാനത്ത് വിജയം നേടുകയും യെദ്യൂരപ്പ മുഖ്യമന്ത്രിയാവുകയും ചെയ്തു. എന്നാല്‍ അധികാരം കൈയ്യിലെത്തിയതോടെ പാര്‍ട്ടിയില്‍ ശക്തിപ്രാപിച്ച ഗ്രൂപ്പ് പോര് യെദ്യൂരപ്പയുടെ കസേര തെറുപ്പിക്കുമെന്ന അവസ്ഥയില്‍ വരെയെത്തി. എന്നാല്‍ ഇതിനെയെല്ലാം മറികടക്കാനും, തിരഞ്ഞെടുപ്പുകളില്‍ വന്‍ വിജയം നേടാനും യെദ്യൂരപ്പക്കായി. എന്നാല്‍ ഒടുവില്‍ ഗ്രൂപ്പ് പോരിന് ഇരയായി യെദ്യൂരപ്പക്ക് തല്‍സ്ഥാനം രാജി വെക്കേണ്ടതായി വന്നു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യില്‍ നിന്ന് വിട്ട് കര്‍ണാടക ജനതാ പാര്‍ട്ടിയുണ്ടാക്കി മത്സരിച്ചപ്പോഴും യെദ്യൂരപ്പക്ക് കരുത്ത് തെളിയിക്കാനായി. സംസ്ഥാനത്ത് പിന്നീട് ബി.ജെ.പി. തകര്‍ച്ചയിലേക്കു നീങ്ങുകയാണെന്ന അപകടം മനസ്സിലാക്കി നരേന്ദ്രമോദിയടക്കമുള്ളവര്‍ ഇടപെട്ട് യെദ്യൂരപ്പയെ വീണ്ടും പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ശിവമോഗയില്‍ നിന്ന് മത്സരിച്ച് എം.പിയുമായി.

കഴിഞ്ഞ പഞ്ചായത്ത്, നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് വേണ്ടവിധം ശോഭിക്കാനായില്ല. ഇത് പാര്‍ട്ടിയുടെ തകര്‍ച്ചയാണെന്ന വിലയിരുത്തലുകളുണ്ടായി. ഈ സാഹചര്യത്തിലാണ് യെദ്യൂരപ്പക്ക് ഒരിക്കല്‍ കൂടി സംസ്ഥാന അധ്യക്ഷന്റെ പദവി നല്‍കിയത്. തനിക്കെതിരെയുള്ള അഴിമതിക്കേസുകളെല്ലാം കോടതി തള്ളിയതും അദ്ദേഹത്തിന് അനുകൂല സാഹചര്യമൊരുക്കി. 

ഇത്തവണ തിരഞ്ഞെടുപ്പില്‍ ലിംഗായത്ത് വിഭാഗക്കാരുടെ പിന്തുണ ഉറപ്പാക്കുന്നതില്‍ യെദ്യൂരപ്പയ്ക്കുള്ള പങ്ക് കുറച്ചല്ല. സംസ്ഥാനത്ത് 17 ശതമാനം വരുന്ന ലിംഗായത്തുകള്‍ പരമ്പരാഗതമായി ബി.ജെ.പി.യെയാണ് പിന്തുണച്ചിരുന്നത്. പ്രത്യേക മതം എന്ന അവരുടെ ദീര്‍ഘകാലാവശ്യത്തിന് അംഗീകാരം നല്‍കിയാണ് സിദ്ധരാമയ്യ ഈ വോട്ടുബാങ്ക് തകര്‍ക്കാന്‍ ശ്രമം നടത്തിയത്. യെദ്യൂരപ്പയെ മുന്‍നിര്‍ത്തിയാണ് ബി.ജെ.പി. ശ്രമം പരാജയപ്പെടുത്തിയത്. ലിംഗായത്ത് നേതാവായ യെദ്യൂരപ്പയെ മുഖ്യമന്ത്രിയാകുന്നത് തടയാനാണ് ആ സമുദായത്തിന്ന് മതപദവി നല്‍കിയതെന്നാണ് അമിത് ഷാ ലിംഗായത്ത് മഠാധിപതികളെ ബോധിപ്പിച്ചത്. ഈ പ്രചാരണം ഫലിച്ചെന്നാണ് ലിംഗായത്ത് കേന്ദ്രങ്ങളില്‍ ബി.ജെ.പി.ക്കുണ്ടായ നേട്ടം വ്യക്തമാക്കുന്നത്. 

 ദക്ഷിണേന്ത്യയില്‍ കാവിക്കൊടി പാറിക്കാന്‍ കേന്ദ്ര ബി.ജെ.പി. നേതൃത്വം പതിനെട്ടടവും പയറ്റിയെങ്കിലും അതില്‍ വിജയംകണ്ടെത്താന്‍ കഴിഞ്ഞത് യെദ്യൂരപ്പയ്ക്ക് മാത്രമാണ്. 2013-ല്‍ യെദ്യൂരപ്പ പാര്‍ട്ടി വിട്ടപ്പോള്‍ ബി.ജെ.പി. തകര്‍ന്നടിഞ്ഞു. അധികാരത്തിലിരുന്ന പാര്‍ട്ടി 40 സീറ്റില്‍ ഒതുങ്ങി. അദ്ദേഹം തിരച്ചെത്തിയതിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. വിജയം നേടി. 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ 28 മണ്ഡലങ്ങളില്‍ 17 എണ്ണം ബി.ജെ.പി.ക്കായിരുന്നു. 2015-ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും ബി.ജെ.പി.ക്കായിരുന്നു വിജയം. ഇത് മുന്നില്‍ക്കണ്ടാണ് യെദ്യൂരപ്പയെ കേന്ദ്രനേതൃത്വം  മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാക്കി തിരഞ്ഞെടുപ്പിനെ നേരിട്ടത്.  

കോണ്‍ഗ്രസിന്റെ ധരംസിങ് സര്‍ക്കാരിനെ താഴെയിറക്കാന്‍ 2007-ല്‍ ജനതാദളിലെ കുമാരസ്വാമിക്ക് പിന്തുണ നല്‍കിക്കൊണ്ടാണ് യെദ്യൂരപ്പ അധികാരത്തിലേക്കെത്തുന്നത്. തുടര്‍ന്നദ്ദേഹം ദക്ഷിണേന്ത്യയിലെ ആദ്യത്തെ ബി.ജെ.പി. ഉപമുഖ്യമന്ത്രിയായി. എന്നാല്‍, അന്നുണ്ടാക്കിയ ധാരണപ്രകാരം 20 മാസത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനം മാറാമെന്ന ഉറപ്പ് കുമാരസ്വാമി പാലിച്ചില്ല. തുടര്‍ന്ന് എട്ടുദിവസം മുഖ്യമന്ത്രിയായ യെദ്യൂരപ്പയ്ക്ക് രാജിവെക്കേണ്ടിവന്നു. 2008-ല്‍ ഏറ്റവുംവലിയ ഒറ്റക്കക്ഷിയായെങ്കിലും 13 അംഗങ്ങളുടെ കുറവുണ്ടായിരുന്നു. ഓപ്പറേഷന്‍ താമരയിലൂടെ സ്വതന്ത്രരെയും പ്രതിപക്ഷ എം.എല്‍.എ.മാരെയും പാട്ടിലാക്കിയാണ് യെദ്യൂരപ്പ അധികാരം ഉറപ്പിച്ചത്. ഇത്തരമൊരു സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. പ്രതിപക്ഷ എം.എല്‍.എ.മാരെക്കൊണ്ട് രാജിവെപ്പിച്ച് ഭൂരിപക്ഷം ഉറപ്പാക്കുന്ന തന്ത്രമാണ് അന്ന് അദ്ദേഹം പ്രയോഗിച്ചത്.