ഭ്യൂഹങ്ങള്‍ക്കും കെട്ടുകഥകള്‍ക്കുമെല്ലാമപ്പുറം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ബിജെപിക്കെതിരെ വിജയം നേടിയിരിക്കുന്നു. വിശ്വാസവോട്ടെടുപ്പിന് മുമ്പ് യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതോടെ കര്‍ണാടകത്തിലുണ്ടാവുന്നത് നൈതികതയുടെ പരമോന്നത വിജയമാണ്. ബിജെപിക്കെതിരെ വിജയം കൊയ്യാന്‍ കോണ്‍ഗ്രസിനെ സഹായിച്ച പ്രധാനപ്പെട്ട ഘടകങ്ങള്‍ ഇവയാണ്.

ഞൊടിയിടകൊണ്ടെടുത്ത രാഷ്ട്രീയതീരുമാനം

ഗോവയും മണിപ്പൂരും ആവര്‍ത്തിക്കാനാവില്ലെന്ന ദൃഢനിശ്ചയത്തോടെ കോണ്‍ഗ്രസ് പെട്ടെന്നു സ്വീകരിച്ച നിലപാട് തന്നെയായിരുന്നു ബിജെപിക്കെതിരായ വിജയത്തിന്റെ അടിത്തറ. തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാവില്ലെന്ന് കോണ്‍ഗ്രസിന് കരുതലുണ്ടായിരുന്നു. അതുകൊണ്ടാണ് ദേശീയ നേതാക്കളായ ഗുലാം നബി ആസാദിനെയും അശോക് കുമാര്‍ ഗെലോട്ടിനെയും വോട്ടെണ്ണലിന്റെ തലേന്ന് തന്നെ കോണ്‍ഗ്രസ് കര്‍ണാടകത്തിലേക്കയച്ചത്. കേവലഭൂരിപക്ഷം ഇല്ലെന്ന് തിരിച്ചറിഞ്ഞ നിമിഷംതന്നെ ജെഡിഎസുമായി സഖ്യമെന്ന സാധ്യതയിലേക്ക് കോണ്‍ഗ്രസ് നീങ്ങി. സഖ്യസാധ്യത ഉറപ്പായതോടെ ഇരുകൂട്ടത്തിലെയും എംഎല്‍എമാര്‍ മറുകണ്ടം ചാടാതിരിക്കാനായി പിന്നെയുള്ള ശ്രദ്ധ. അതിലവര്‍ വിജയം കാണുകയും ചെയ്തു.

നിയമപരമായ മേല്‍ക്കൈ

72 മണിക്കൂറിനുള്ളില്‍ രണ്ട് തവണയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയുടെ വാതിലില്‍ മുട്ടിയത്. വിശ്വാസവോട്ടെടുപ്പ് ഉറപ്പിക്കുകയായിരുന്നു ലക്ഷ്യം. കേവലഭൂരിപക്ഷമില്ലാഞ്ഞിട്ടും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെ സമര്‍പ്പിച്ച ജെഡിഎസ്-കോണ്‍ഗ്രസ് ഹര്‍ജിയില്‍ അനുകൂല വിധിയുണ്ടായത് തുണയായി. പിന്തുണയ്ക്ക് നിയമത്തിന്റെ സഹായം തേടുകയെന്ന ആശയം കോണ്‍ഗ്രസിന് കുറച്ചൊന്നുമല്ല ഗുണം ചെയ്തത്.

എംഎല്‍എമാരെ ഒന്നിച്ചുനിര്‍ത്തി

അനിശ്ചിതാവസ്ഥകളിലേക്ക് കര്‍ണാടക രാഷ്ട്രീയം കടന്നയുടന്‍ തന്നെ കോണ്‍ഗ്രസും ജെഡിഎസും സ്വന്തം എംഎല്‍എമാരെ ഒന്നിച്ചു നിര്‍ത്തി. കുതിരക്കച്ചവടവും ചാക്കിട്ടുപിടിക്കലും പ്രതിരോധിക്കലായിരുന്നു ലക്ഷ്യം. ഒരംഗം പോലും മറുകണ്ടം ചാടരുതെന്ന് ഉറപ്പിച്ചായിരുന്നു പിന്നീടുള്ള നീക്കങ്ങള്‍. ഇടയ്ക്കിടെ ചില ആശങ്കകള്‍ ഉണ്ടായെങ്കിലും എല്ലാവരെയും കൂടെനിര്‍ത്തുന്നതില്‍ സഖ്യം വിജയിച്ചു.

ബിജെപി സ്വാധീനിച്ചെന്ന് എംഎല്‍എമാരുടെ ആരോപണം

പിന്തുണയ്ക്കായി ബിജെപി കോടികള്‍ വാഗ്ദാനം ചെയ്‌തെന്ന ജെഡിഎസ് എംഎല്‍എമാരുടെ വെളിപ്പെടുത്തലും ബിജെപിക്ക് പ്രതികൂലമായി. 100 കോടി രൂപ വരെ വാഗ്ദാനം ഉണ്ടെന്നായിരുന്നു ജെഡിഎസ് നേതാവ് കുമാരസ്വാമി വെളിപ്പെടുത്തിയത്. പിന്നാലെ ഇതിന്റെ തെളിവായി ഓഡിയോടേപ്പുകള്‍ പുറത്തുവിടാനായതും കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യത്തിന് അനുകൂലമായി.