കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടാനാവുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചപ്പോഴും പരാജയം എന്ന സാധ്യത കോണ്‍ഗ്രസ് തള്ളിക്കളഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ജനവിധി പുറത്തുവന്നയുടന്‍ ജനതാദള്‍ എസുമായി സഖ്യം ചേരാന്‍ കോണ്‍ഗ്രസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാഞ്ഞതും. 78 എംഎല്‍എമാരുള്ള കോണ്‍ഗ്രസ് 38 എംഎല്‍എമാരുള്ള ജെഡിഎസുമായി ചേര്‍ന്നതിന് പിന്നില്‍ സോണിയാഗാന്ധി മുതല്‍ സീതാറാം യെച്ചൂരി വരെയുള്ള നീണ്ട നിരയുടെ ബുദ്ധികൂര്‍മ്മത പ്രവര്‍ത്തിച്ചെന്നാണ് റിപ്പോര്‍ട്ട്. 

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ സമയം കളയാതെ ജെഡിഎസുമായി സഖ്യമുണ്ടാക്കി ഭരിക്കുക എന്ന തീരുമാനം ഫലം വരും മുമ്പെ സോണിയയും രാഹുലും പ്രിയങ്കയും അഹമ്മദ് പട്ടേലും പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഈ നിര്‍ദേശം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്നോട്ടുവച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്‌

സോണിയയും പ്രിയങ്കയും ഗുലാം നബി ആസാദും മുതല്‍ അശോക് ഗെലോട്ട് വരെയുള്ള കോണ്‍ഗ്രസ് നേതൃനിരയും ടിഡിപി,ടിആര്‍.എസ്, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം വരെയുള്ള പാര്‍ട്ടികളുടെ നേതാക്കളും ബിജെപിക്കെതിരായ നീക്കത്തില്‍ അണിനിരക്കുകയായിരുന്നു. കര്‍ണാടകയിലൊതുങ്ങാതെ ഈ മുന്നണി നീക്കം ഗോവയിലേക്കും മേഘാലയയിലേക്കും മണിപ്പൂരിലേക്കും വ്യാപിപ്പിക്കാനും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതായാണ് സൂചന. 

ജനവിധി അറിഞ്ഞയുടന്‍ എച്ച്.ഡി.ദേവഗൗഡയുമായി ഫോണില്‍ ബന്ധപ്പെട്ട് സഖ്യസാധ്യത ആരായുകയായിരുന്നു കോണ്‍ഗ്രസിന്റെ ആദ്യനീക്കം. കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതില്‍ നിന്ന് തന്നെ കര്‍ണാടക കൈവിട്ടുകളയാതിരിക്കാന്‍ ഏതറ്റം വരെയും പോവാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് വ്യക്തമായിരുന്നു. സഖ്യസാധ്യത തെളിഞ്ഞ ഉടന്‍ ഇരു കൂട്ടത്തിലെയും എംഎല്‍എമാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്നു അടുത്തപടി.

തങ്ങളുടെ എംഎല്‍മാര്‍ മറുകണ്ടം ചാടാതിരിക്കുമെന്ന് ഉറപ്പ് വരുത്താന്‍ മുന്നില്‍ നിന്നത് ബെംഗളൂരുവിലെത്തിയ ദേശീയ നേതാക്കളായ ഗുലാം നബി ആസാദും അശോക് ഗെലോട്ടും ആയിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തുനല്‍കിയെങ്കിലും നിരാകരിക്കപ്പെട്ടതോടെ അടുത്ത നീക്കത്തിലേക്ക്. യെദ്യൂരപ്പ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതോടെ മനു അഭിഷേക് സിംഗ് വിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് അഭിഭാഷകനിര നിയമനടപടിയിലേക്ക് നീങ്ങി. അത്യപൂര്‍വ്വ രാത്രിസമയ വാദത്തില്‍ സുപ്രീംകോടതിയിലെ ആറാം നമ്പര്‍ മുറിയില്‍ കോണ്‍ഗ്രസിനു വേണ്ടി പിന്നണിനീക്കങ്ങളുമായി കപില്‍ സിബലും പി.ചിദംബരവും വിവേക് തന്‍ഹയും ഉണ്ടായിരുന്നു.

ഇന്ന് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം നല്‍കിയ ഹര്‍ജിയില്‍ കോടതി തീരുമാനമെടുക്കുമ്പോള്‍ രാജ്യത്തെ പ്രമുഖ അഭിഭാഷകരെല്ലാം തന്നെ അവിടെ സന്നിഹിതരായിരുന്നു. ബിജെപിയുടെ വാദങ്ങളെ സിങ് വി ഖണ്ഡിച്ചപ്പോള്‍ ജെഡിഎസിന്‌ വേണ്ടി കപില്‍ സിബല്‍ ഹാജരായി, ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ സഭയില്‍ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ പി.ചിദംബരവും ഹാജരായി. 

വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ലക്ഷ്യം നേടിയാല്‍ അത് സമാനതകളില്ലാത്ത നൈതികത നിറഞ്ഞ രാഷ്ട്രീയ വിജയമാകും. അതിനെക്കാളുപരി ബിജെപിക്കേല്‍ക്കുന്ന പ്രതിവിധികളില്ലാത്ത പ്രത്യാഘാതവും. 2019ല്‍ പാര്‍ലമെന്റിലേക്ക് ആര് എന്ന ചോദ്യത്തിന് ഉത്തരം തേടിയുള്ള പോരാട്ടം ആരംഭിച്ചിട്ടേയുള്ളു, ഒരു വശത്ത് ബിജെപിയും മറുവശത്ത് കോണ്‍ഗ്രസിനൊപ്പം നിരവധി പ്രതിപക്ഷ പാര്‍ട്ടികളും അണിനിരന്നുകഴിഞ്ഞു. ഇനിയെല്ലാം കാത്തിരുന്ന് കാണാം!!

content highlights: This was The Congress Strategy to Fight off Karnataka Challenge, Karnataka Verdict