കര്‍ണാടകത്തിലെ ആദ്യ വനിതാ ഡെപ്യൂട്ടി കമ്മിഷണര്‍, സിവില്‍ സര്‍വീസ് കുടുംബം, സംസ്ഥാന, കേന്ദ്ര ഭരണ നേതൃത്വത്തില്‍ 37 വര്‍ഷത്തെ അനുഭവസമ്പത്ത് -ഇതെല്ലാമാണ് പാലക്കാട് മാങ്കുറുശ്ശി സ്വദേശി രേണുകാ വിശ്വനാഥിനെ മറ്റുസ്ഥാനാര്‍ഥികളില്‍നിന്ന് വ്യത്യസ്തയാക്കുന്നത്. ഭരണരംഗത്ത് ഉയര്‍ത്തിപ്പിടിച്ച സുതാര്യത പൊതുജീവിതത്തിലും വേണമെന്ന് ഉറച്ചുവിശ്വസിക്കുന്ന രേണുകാ വിശ്വനാഥന്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് ബെംഗളൂരുവിലെ ശാന്തിനഗറില്‍ കന്നിയങ്കത്തിനിറങ്ങിയിരിക്കുന്നത്.

പിന്തുണയറിയിക്കാനും പ്രചാരണത്തിനുമായി കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് പ്രവര്‍ത്തകര്‍ നഗരത്തിലെ തിരഞ്ഞെടുപ്പ് ഓഫീസിലേക്ക് ഒഴുകിയെത്തുന്നു. അഴിമതിവിരുദ്ധ, വികസന നിലപാടുകള്‍ക്ക് ജനപിന്തുണ ലഭിക്കുമെന്ന ഉറച്ചവിശ്വാസത്തില്‍ രേണുകാ വിശ്വനാഥന്‍ ചലനമുണ്ടാക്കിക്കഴിഞ്ഞു. 1978-ല്‍ ഉത്തര കന്നഡ ജില്ലയില്‍ ഡെപ്യൂട്ടി കമ്മിഷണറായാണ് (ജില്ലാ കളക്ടര്‍) ആദ്യ നിയമനം. തുടര്‍ന്ന് സംസ്ഥാനത്തും കേന്ദ്രസര്‍ക്കാരിലുമായി വിവിധ തസ്തികകള്‍. 2008 ഡിസംബര്‍ 31-ന് വിരമിക്കുമ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ കാബിനറ്റ് സെക്രട്ടറിയേറ്റിലെ സെക്രട്ടറിപദവിയിലായിരുന്നു. ഐ.എ.എസ്. ഉദ്യോഗസ്ഥനായ സഹോദരന്‍ രഘു സര്‍വീസില്‍നിന്ന് സ്വയംവിരമിച്ച് സഹോദരിക്കും ആം ആദ്മി പാര്‍ട്ടിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയും അദ്ദേഹത്തിനാണ്.

കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ടി.സി. രാഘവന്റെയും ഡോ. ചെമ്പകം രാഘവന്റെയും മകളായ രേണുകാ വിശ്വനാഥന്റെ കരുത്ത് ഭരണരംഗത്തെ അനുഭവസമ്പത്താണ്. ഐ.പി.എസ്. ഓഫീസറായിരുന്ന ഭര്‍ത്താവ് ആര്‍. വിശ്വനാഥന്‍ 2016-ല്‍ മരിച്ചു. ഏകമകള്‍ ലാവണ്യ വിദേശത്താണ്. പണം വാരിക്കോരി ചെലവാക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തോട് തുടക്കത്തിലേ എതിര്‍പ്പുണ്ടായിരുന്നു. കള്ളപ്പണത്തിന്റെ സ്വാധീനമില്ലാതെ ജനങ്ങള്‍ നല്‍കിയ സംഭാവനയിലൂടെ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയമാണ് രേണുകാ വിശ്വനാഥിനെ ആം ആദ്മി പാര്‍ട്ടിയിലേക്ക് അടുപ്പിച്ചത്. അങ്ങനെ 2013-ല്‍ ആം ആദ്മി പാര്‍ട്ടിയിലെത്തി. പിന്നീട് ബെംഗളൂരുവില്‍ ജനസേവനപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങി. പാര്‍ട്ടി ഒറ്റക്കെട്ടായി രേണുകയെ സ്ഥാനാര്‍ഥിയാക്കി.

ചെറിയ സംഭാവനയായാലും കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുമെന്ന് രേണുകാ വിശ്വനാഥന്‍ പറഞ്ഞു. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ പണാധിപത്യമാണ്. സ്ഥാനാര്‍ഥികളുടെ കൂടുമാറ്റം ഇതിനുതെളിവാണ് -രേണുകാ വിശ്വനാഥന്‍ പറഞ്ഞു.