കോണ്‍ഗ്രസ്-ബിജെപി-ജെഡിഎസ് ത്രികോണമത്സരമാണ് കര്‍ണാടകയില്‍ നടക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും തിരിച്ചുപിടിക്കാന്‍ ബിജെപിയും അശ്രാന്തപരിശ്രമത്തിലാണ്. ജെഡിഎസിനാവട്ടെ നഷ്ടപ്രതാപം തിരിച്ചെടുത്ത് അധികാരത്തിലേറാനുള്ള അവസാനഅവസരമെന്ന നിലയിലുള്ളതാണ് ഈ തിരഞ്ഞെടുപ്പ്. ഇതിനിടയിലാണ് സിറ്റിങ് സീറ്റായ കോലാറിലെ മുള്‍ബാഗല്‍ മണ്ഡലം കോണ്‍ഗ്രസിന് കൈവിട്ടുപോയേക്കുമെന്ന അവസ്ഥ വന്നിരിക്കുന്നത്.

സിറ്റിങ് എം.എല്‍.എ.ആയ കൊത്തൂര്‍ മഞ്ജുനാഥിന്റെ പത്രിക തള്ളിയതോടെ കോണ്‍ഗ്രസിന് മുള്‍ബാഗലില്‍ സ്ഥാനാര്‍ഥി ഇല്ലാതായിരിക്കുകയാണ്. 2013ല്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്  കൊത്തൂര്‍ മഞ്ജുനാഥയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി ദിവസങ്ങള്‍ക്ക് മുമ്പ് റദ്ദാക്കിയിരുന്നു.കോടതിയുത്തരവിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ അദ്ദേഹം സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളുകയായിരുന്നു.

manjunathഏതാനും ദളിത് നേതാക്കളാണ് 2013ലെ തിരഞ്ഞെടുപ്പില്‍ മഞ്ജുനാഥ് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതായി പരാതി നല്‍കിയത്. ഇത് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. മഞ്ജുനാഥ് പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്നതല്ലെന്നാണ് പരാതിക്കാര്‍ പറയുന്നത്. പട്ടികജാതി സംവരണസീറ്റാണ് മുള്‍ബാഗല്‍. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ മഞ്ജുനാഥിന് ഇവിടെ സീറ്റ് നല്‍കരുതെന്ന് ദളിത് നേതാക്കള്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മഞ്ജുനാഥിന്റെ പത്രിക തള്ളിയതോടെ ബാഗലില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥി ഇല്ലാതാവുകയും ചെയ്തു.

മഞ്ജുനാഥിന്റെ പത്രിക തള്ളിയേക്കുമെന്ന സംശയം ശക്തമായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായിക്ക് പിന്തുണ നല്കാമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഇത്തരമൊരു പ്രതിസന്ധി വന്നാലും സീറ്റ് നിലനിര്‍ത്തണമെന്ന ലക്ഷ്യത്തോടെ മഞ്ജുനാഥിന്റെ അനുയായിയെക്കൊണ്ട് പത്രിക നല്കിച്ചിരുന്നതാണ്. 

അതേസമയം, സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ട് കോണ്‍ഗ്രസിന്റെ പിന്തുണ പ്രതീക്ഷിച്ച് പത്രിക സമര്‍പ്പിച്ച 
മുന്‍കേന്ദ്രമന്ത്രി കെ.എച്ച്. മുനിയപ്പയുടെ മകള്‍ നന്ദിനി പത്രിക പിന്‍വലിച്ചു. മഞ്ജുനാഥിന്റെ അനുയായിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് ജില്ലാനേതൃത്വം തീരുമാനിച്ചതിനാലാണ് നാമനിര്‍ദേശപത്രിക പിന്‍വലിച്ചതെന്നാണ് സൂചന. മഞ്ജുനാഥിന്റെ എം.എല്‍.എ.സ്ഥാനം ഹൈക്കോടതി റദ്ദാക്കിയതിനെത്തുടര്‍ന്ന് അവസാന നിമിഷമാണ് നന്ദിനി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കെ.എച്ച്. മുനിയപ്പയുടെ മറ്റൊരു മകള്‍ രൂപ ശശിധര്‍ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ മത്സരിക്കുന്നുണ്ട്.

മഞ്ജുനാഥിന്റെ പത്രിക തള്ളിപ്പോയതിനാല്‍ നന്ദിനി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഏറക്കുറേ ഉറപ്പിച്ചിരുന്നതാണ്. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസ് നേതാവിന്റെ രണ്ടുപെണ്‍മക്കളും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അപൂര്‍വതയ്ക്കും സംസ്ഥാന രാഷ്ട്രീയം സാക്ഷ്യംവഹിക്കുമായിരുന്നു. 

കോണ്‍ഗ്രസിന് സ്ഥാനാര്‍ഥി ഇല്ലെന്നതു മാത്രമല്ല ഇക്കുറി മുള്‍ബാഗലിലിനെ ശ്രദ്ധേയമാക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ ഉള്ള മണ്ഡലവും ഇതുതന്നെയാണ്. 39 സ്ഥാനാര്‍ഥികളാണ് ഇവിടെ നിന്ന് ജനവിധി തേടുന്നത്.

content highlights: Karnataka Election 2018, mulbagal,kolar, karnataka congress, k.manjunath