കര്‍ണാടകയില്‍ തിരഞ്ഞെടുപ്പങ്കത്തിന് കൊടി കയറിയതു മുതല്‍ രാഷ്ട്രീയപാര്‍ട്ടികളെല്ലാം ജാതിയുടെ പിന്നാലെയാണ്. ലിംഗായത്തുകളുടെയും വൊക്കലിംഗരുടെയുമെല്ലാം വോട്ട്ബാങ്കുകള്‍ ലക്ഷ്യമിട്ട് മഠങ്ങള്‍ കയറിയിറങ്ങിയും സമുദായനേതാക്കളെ കണ്ടുമാണ് കോണ്‍ഗ്രസും ബിജെപിയും ജെഡിഎസുമെല്ലാം ആദ്യഘട്ട പ്രചാരണങ്ങള്‍ ആരംഭിച്ചതു തന്നെ. രണ്ടാം ഘട്ടമെത്തുമ്പോഴേക്കും രാഷ്ട്രീയപാര്‍ട്ടികളുടെ നോട്ടം മുസ്ലീംവോട്ടുകളിലേക്കാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുതുടങ്ങി.

തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ 13-16 ശതമാനം വരെ വരുന്ന മുസ്ലീംവോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടിനേതാക്കള്‍. നഗരപ്രദേശങ്ങളിലെ 30 സീറ്റുകളില്‍ ആര് വിജയിക്കണമെന്ന് തീരുമാനിക്കാന്‍തക്ക സ്വാധീനം മുസ്ലീം വോട്ടുകള്‍ക്കുണ്ടെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ കണക്കുകൂട്ടല്‍. എന്നാല്‍, സംസ്ഥാനത്തുടനീളം 90 മുതല്‍ 120 വരെയുള്ള മണ്ഡലങ്ങളില്‍ ജയപരാജയം നിര്‍ണയിക്കാന്‍ വ്യക്തമായ സ്വാധീനം മുസ്ലീംവിഭാഗത്തിനുണ്ടെന്ന് ബിജെപിയും കോണ്‍ഗ്രസും ജെഡിഎസും ഒരേസ്വരത്തില്‍ പറയുന്നു.

വാഗ്ദാനങ്ങളില്‍ വഞ്ചിതരാവാന്‍ ഇനിയില്ലെന്ന് പ്രഖ്യാപിച്ചതോടെ മുസ്ലീംജനതയെ ഒപ്പം നിര്‍ത്താന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് രാഷ്ട്രീയപാര്‍ട്ടികള്‍. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പൊതുജീവിതം ഉഴിഞ്ഞുവച്ച മുഖ്യമന്ത്രി എന്ന വിശേഷണത്തോടെ സിദ്ധരാമയ്യയെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍. ബിജെപിയാവട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമേ മുസ്ലീംജനതയെ രക്ഷിക്കാനാവൂ എന്ന പ്രതീതി വരുത്തിത്തീര്‍ത്ത് വോട്ടുറപ്പിക്കാന്‍ ശ്രമിക്കുന്നു. മുസ്ലീം വോട്ടുകള്‍ തങ്ങള്‍ക്കൊപ്പമാണെന്നും അതെല്ലാക്കാലവും അങ്ങനെതന്നെയായിരിക്കും എന്നുമുള്ള ആത്മവിശ്വാസത്തിലാണ് ജെഡിഎസ്.

വര്‍ത്തമാന പരിതസ്ഥിതികളില്‍ അതൃപ്തിയും വിയോജിപ്പും ഭയവുമുണ്ടെന്ന് വിവിധ മുസ്ലീംസംഘടനാ നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞതാണ്. തങ്ങളോടുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ സമീപനത്തോടുള്ള പ്രതികരണം വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും അവര്‍ ഉറപ്പിച്ചു പറയുന്നു. ജെഡിഎസിനും കോണ്‍ഗ്രസിനും ചിലപ്പോഴൊക്കെ ബിജെപിക്കും വോട്ട് ചെയ്ത ചരിത്രമുണ്ടെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു. സാഹചര്യങ്ങളാണ് ഓരോന്നും തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇക്കുറി തങ്ങളുടെ വോട്ട് ഏകീകരിക്കുമെന്നും അത് സിദ്ധരാമയ്യയ്ക്ക് അനുകൂലമാകുമെന്നും പറയാതെ പറയുകയും ചെയ്തിട്ടുണ്ട് മുസ്ലീംജനത.

ഇക്കാര്യം തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാണ് ബിജെപി സിദ്ധരാമയ്യയെ ഹിന്ദുവിരുദ്ധനെന്നും മുല്ലാ സിദ്ധരാമയ്യ എന്നുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ പരിഹസിക്കാന്‍ ശ്രമിച്ചതും. ടിപ്പു സുല്‍ത്താന്റെ മൈസൂരിലെ സ്മാരകം സംരക്ഷിക്കാനുള്ള തീരുമാനം സിദ്ധരാമയ്യയെ കുറച്ചൊന്നുമല്ല മുസ്ലീംജനതയുടെ ഇഷ്ടക്കാരനാക്കിയതെന്ന് വ്യക്തം. പക്ഷേ, മുസ്ലീംജനതയുടെ ഈ സിദ്ധരാമയ്യ പ്രിയം അംഗീകരിക്കാന്‍ ബിജെപിയും ജെഡിഎസും ഒരുക്കമല്ലെന്ന് മാത്രം.

കര്‍ണാടകയില്‍ വിദ്യാഭ്യാസരംഗത്ത് മുസ്ലീംകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത് തങ്ങളുടെ ഭരണകാലത്താണെന്നത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ജെഡിഎസ് നേതാവ് എച്ച.്ഡി.ദേവഗൗഡ. മുസ്ലീംകള്‍ക്ക് തങ്ങളുടെ നിഷ്പക്ഷ നയങ്ങളില്‍ വിശ്വാസമുണ്ടെന്നും അവരുടെ വോട്ട് തങ്ങള്‍ക്ക് തന്നെയെന്നും മനക്കോട്ട കെട്ടുന്നു ജെഡിഎസ്.

content highlights:The political parties are hoping for Muslim votes, Karnataka Election2018