ന്യൂഡൽഹി: കർണാടകയിൽ യെദ്യൂരപ്പ തോൽവി സമ്മതിച്ചപ്പോൾ ദേശീയ തലത്തിൽത്തന്നെ ബി.ജെ.പി.ക്ക് മുഖം നഷ്ടമായി. അമിത്ഷായുടെ ചാണക്യ തന്ത്രങ്ങൾ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവം എന്നിവയിലൂടെ നാലുവർഷമായി ബി.ജെ.പി. നേടിയെടുത്ത അജയ്യപരിവേഷമാണ് തകർന്നടിഞ്ഞത്. കോൺഗ്രസ്‌മുക്ത ഭാരതം എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനങ്ങളിൽ ഭരണംപിടിക്കാനായി ബി.ജെ.പി. നടത്തിയ ഇടപെടലുകൾക്കുകിട്ടിയ കനത്ത തിരിച്ചടിയാണ് കർണാടകത്തിലുണ്ടായത്. കേന്ദ്രഭരണത്തിന്റെ നാലാംവാർഷികത്തിന്‌ ദിവസങ്ങൾ ബാക്കിനിൽക്കേയാണ് ഈ ആഘാതം. പ്രതിപക്ഷനിരയ്ക്കാകട്ടെ, ആത്മവിശ്വാസം വർധിച്ചു.
2014-ൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയശേഷം സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാനായി മോദി-അമിത് ഷാ കൂട്ടുകെട്ട് വിപുലമായ തന്ത്രങ്ങളാണ് ആവിഷ്കരിച്ചത്. നേരിട്ട് ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളിൽ ഒറ്റയ്ക്ക് സർക്കാരുണ്ടാക്കുക, അല്ലാത്തിടത്ത് പ്രാദേശിക കക്ഷികളുടെ സഹായത്തോടെ സർക്കാർ എന്നതായിരുന്നു അടിസ്ഥാന സമീപനം.

എന്നാൽ, ബിഹാറിലും ഡൽഹിയിലും നടന്ന തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.ക്ക് കനത്തക്ഷീണം നേരിട്ടതോടെ ഏതുവിധേനയും സർക്കാരുണ്ടാക്കുക എന്ന വഴിവിട്ട തന്ത്രം നടപ്പാക്കിത്തുടങ്ങി. ജനാധിപത്യ നടപടിക്രമങ്ങൾ മറികടന്ന് ഗോവ, മണിപ്പുർ, അരുണാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ബി.ജെ.പി. കൈക്കൊണ്ട നടപടികൾ ഇതിന്റെ ഭാഗമായിരുന്നു. രാഷ്ട്രീയലക്ഷ്യങ്ങളോടെ നിയമിച്ച ഗവർണർമാരെ ഇതിനായി ബി.ജെ.പി. ഉപയോഗിക്കുന്നുവെന്ന് ആക്ഷേപവുമുയർന്നു. അരുണാചലിലും ഉത്തരാഖണ്ഡിലും സർക്കാർ രൂപവത്കരണം നിയമയുദ്ധങ്ങളായെങ്കിൽ, ഗോവയിലും കർണാടകയിലും ബി.ജെ.പി. ഈ നീക്കങ്ങളിൽ വിജയിച്ചു. രണ്ട്‌ സംസ്ഥാനങ്ങളിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ മറികടന്ന് ബി.ജെ.പി.യെ സർക്കാരുണ്ടാക്കാൻ ഗവർണർമാർ ക്ഷണിക്കുക യായിരുന്നു.

ഏറ്റവും കൂടുതൽ സീറ്റുള്ള സഖ്യത്തെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാമെന്ന ഭരണഘടനാവ്യവസ്ഥയാണ് ന്യായീകരണമായി ബി.ജെ.പി. രണ്ടിടത്തും ഉദ്ധരിച്ചത്. എന്നാൽ, കർണാടകയിലെത്തിയപ്പോൾ അതനുസരിച്ച് കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യത്തെ ക്ഷണിക്കാൻ ഗവർണർ തയ്യാറായില്ല. ഇത് വ്യാപക പ്രതിഷേധത്തിനുമിടയാക്കി. കർണാടകയിലെ തോൽവി ബി.ജെ.പി. ചോദിച്ചുവാങ്ങിയതാണ്. രാഷ്ട്രീയതലത്തിലും നിയമതലത്തിലും ബി.ജെ.പി.ക്ക്‌ നീക്കങ്ങൾ പിഴച്ചു. ജനാധിപത്യം ബി.ജെ.പി. അട്ടിമറിക്കുന്നുവെന്നാരോപിച്ച് എതിരാളികൾ നടത്തിയ ചടുലനീക്കങ്ങൾ വിജയിക്കുകയും ചെയ്തു. മോദിയും ഷായും സംസ്ഥാനഘടകങ്ങൾക്കുനൽകുന്ന അതിരുവിട്ട രാഷ്ട്രീയത്തണലിനും ക്ഷീണമായി. വരാനിരിക്കുന്ന നാല്‌ നിയമസഭാ തിരഞ്ഞെടുപ്പുകളിലും കർണാടക പ്രതിഫലിക്കുമെന്ന ആശങ്ക ബി.ജെ.പി.ക്കുണ്ട്. സംഘടിച്ചുകൊണ്ടിരിക്കുന്ന പ്രതിപക്ഷനിരയ്ക്ക് കർണാടക ഊർജമാകുമെന്ന പ്രതീക്ഷ കോൺഗ്രസും പുലർത്തുന്നു.