ഭൂരിപക്ഷമില്ലാതെ അധികാരത്തിൽ കയറുകയും സഭയിൽ വിശ്വാസ വോട്ട് തേടുന്നതിന്‌ തൊട്ടുമുൻപ്‌ രാജിവെയ്ക്കുകയും ചെയ്യുകവഴി ബി.എസ്. യെദ്യൂരപ്പ ആവർത്തിച്ചത് 1996-ൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ആദ്യമായി പ്രയോഗിച്ച അടവായിരുന്നു -ആളെക്കൂട്ടാനായില്ലെങ്കിൽ സഭയുടെ ചെലവിൽ രാഷ്ട്രീയസദാചാരം പറയുക, സ്വയം ഇര ചമയുക.  അന്ന് വാജ്‌പേയിക്ക് 13 ദിവസം ജനസമ്മതിയില്ലാതെ അധികാരത്തിൽ തുടരാനായി. പക്ഷേ, യെദ്യൂരപ്പയ്ക്ക് മൂന്നാംദിവസം പുറത്തുപോകേണ്ടി വന്നു. രണ്ടുപേർക്കും സഭയിലെ ഒരംഗത്തെപോലും അധികമായി കൂടെ ചേർക്കാനായില്ല.

വാജ്‌പേയി വാഗ്‌മിയായിരുന്നതുകൊണ്ട് ഒരു മണിക്കൂറിലേറെ കോൺഗ്രസിന്റെ രാഷ്ട്രീയ മൂല്യച്യുതിയെക്കുറിച്ചും ബി.ജെ.പി.യുടെ സദാചാരമഹത്ത്വത്തെക്കുറിച്ചും പാർലമെന്റിൽ വാചലനാകാൻ കഴിഞ്ഞു. പക്ഷേ, യെദ്യൂരപ്പ 30 മിനിറ്റിൽ തന്റെ സഹനത്തിന്റെയും ത്യാഗത്തിന്റെയും കഥ ചുരുക്കി. 2007 മുതൽ എങ്ങനെയും അധികാരത്തിൽ കടിച്ചുതൂങ്ങിയ ചരിത്രമുള്ള യെദ്യൂരപ്പ കർണാടക നിയമസഭയിൽ പറഞ്ഞത് അധികാരം നഷ്ടപ്പെട്ടാൽ തനിക്കൊന്നുമില്ലെന്നാണ്.

യെദ്യൂരപ്പയുടെ പരാജയം അദ്ദേഹവും ബി.ജെ.പി.യും സമർഥിക്കാൻ ശ്രമിച്ചതുപോലെ അത്ര നിഷ്കളങ്കമായി സംഭവിച്ചതാവാൻ വഴിയില്ല. പണവും അധികാരവും ആൾബലവും ഭീഷണിയും ഉപയോഗിച്ചുനടത്തിയ എല്ലാ കുതിരക്കച്ചവടശ്രമങ്ങളും വിജയം കാണാതെ വന്നപ്പോഴുള്ള ഏശാതെപോയ കൗശലം. കുതന്ത്രങ്ങൾ പരാജയപ്പെടുമ്പോൾ പിന്മാറുന്നത് ത്യാഗമോ വീരമൃത്യുവോ അല്ല, മറിച്ച്‌ ഒരു അധാർമികന്റെ  പരിഹാസ്യമായ ദുരന്തമരണം. 
അതായിരുന്നു അന്ന് വാജ്‌പേയി ശ്രമിച്ചുപരാജയപ്പെട്ടത്. യെദ്യൂരപ്പയുടെയും ഗതി അതുതന്നെ. നമ്മൾ കേട്ടതോ, പരാജിതന്റെ സുവിശേഷവും.

രാഷ്ട്രീയത്തിൽ പുതിയ അടവ് 

ബി.ജെ.പി.യുടെയും യെദ്യൂരപ്പയുടെയും പരാജയത്തിനെക്കാളേറെ, ഇത് കോൺഗ്രസിന്റെയും മതേതര രാഷ്ട്രീയത്തിന്റെയും വിജയമാണ്. കോടികളുടെ കിലുക്കത്തിൽനിന്നും അധികാരത്തിന്റെ ഭീഷണിയിൽ നിന്നും ഒരാളെപ്പോലും നഷ്ടപ്പെടാതെ, തങ്ങളുടെ സാമാജികരെ കൂടെനിർത്താനായി എന്നതിനെക്കാളേറെ, ബി.ജെ.പി. അധികാരത്തിൽ കയറുമെന്ന സാധ്യത തെളിയുന്നതിനു മുൻപുതന്നെ അതിനുതടയിടാൻ കോൺഗ്രസിന് കഴിഞ്ഞു എന്നത് ഇന്ത്യയിലെ വർത്തമാനകാല ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട രാഷ്ട്രീയതന്ത്രമാണ്. കാരണം, മതനിരപേക്ഷതയുടെ രക്ഷയ്ക്കായി ദേശീയപാർട്ടിയുടെ സ്വത്വത്തിൽനിന്ന് സന്ദർഭോചിതമായി സ്വയം മോചനംനേടാൻ കോൺഗ്രസിനായി എന്നതുതന്നെ.  

ഇത് ഒരു പുതിയ രാഷ്ട്രീയ അടവാണ്. ഒരു ദേശീയപാർട്ടി എന്ന നിലയിൽ ബി.ജെ.പി.യോട് ഒറ്റയ്ക്കുനിന്ന് പോരാടാനുള്ള കെല്പ് തങ്ങൾക്കില്ലെന്ന് കോൺഗ്രസിന് ബോധ്യമുണ്ടായ അവസരം. ഇത് കർണാടകത്തിൽ ബി.ജെ.പി.യെ അകറ്റിനിർത്താൻ മാത്രമുള്ള രാഷ്ട്രീയമല്ല. മറിച്ച്, 2019-ൽ നടക്കാനിരിക്കുന്ന പാർ‌ലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വീകരിക്കാൻപോകുന്ന തന്ത്രത്തിന്റെ സൂചനയാണ്. ഉത്തർപ്രദേശിൽ ബി.ജെ.പി.യെ ചെറുക്കാൻ നിത്യവൈരികളായ സമാജ്‍വാദി പാർട്ടിക്കും ബി.എസ്.പി.ക്കും ഒന്നിക്കാമെങ്കിൽ കോൺഗ്രസിന് ആരോടൊപ്പവും ചേരാം എന്നതിന്റെ തെളിവ്. എസ്.പി.യും ബി.എസ്.പി.യും 2019 തിരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു, അതുപോലെ കോൺഗ്രസും ജനതാദൾ-എസും ഒന്നിച്ചുനിന്നാൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ  മൊത്തമുള്ള 28 സീറ്റിൽ ഇരുപതോ അതിലേറെയോ നേടാനാവുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

തിരഞ്ഞെടുപ്പിനുശേഷമുള്ള കർണാടകത്തിലെ സഖ്യംതരുന്ന മറ്റുചില പാഠങ്ങളുമുണ്ട്. അതിൽ പ്രധാനം, ഇനി ബി.ജെ.പി.യെ നേരിടേണ്ടത് പ്രാദേശിക സഖ്യങ്ങളോടൊപ്പമാണ് എന്നതാണ്. ചില സംസ്ഥാനങ്ങളിൽ-  ഉദാഹരണത്തിന് ഇനി ഉടനെ തിരഞ്ഞെടുപ്പുവരുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് തുടങ്ങിയ പ്രദേശങ്ങൾ -കോൺഗ്രസാവും പ്രധാന പ്രാദേശികകക്ഷി, മറ്റു ചിലയിടങ്ങളിൽ -ബംഗാൾ, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങൾ -അതത് സ്ഥലങ്ങളിലെ പാർട്ടികളും. ഇന്ദിരാ ഗാന്ധിയുടെ ദേശീയപ്രാധാന്യമുള്ള ഒരു നേതാവ് ഇപ്പോൾ കോൺഗ്രസിൽ ഇല്ല; രാഹുൽ ഗാന്ധിക്ക് കോൺഗ്രസിന് പ്രാമുഖ്യമുള്ള ചില സംസ്ഥാനങ്ങളിൽ ചില ഓളമൊക്കെ ഉണ്ടാക്കാനായേക്കുമെങ്കിലും. അതിനാൽ പ്രാദേശികതയാണ്, ഇനിയത്തെ ദേശീയത. പ്രാദേശിക നേതാക്കളെ ചുക്കാൻ ഏല്പിക്കുക എന്നതാണ് ഈ തന്ത്രം പ്രാവർത്തികമാക്കാൻ വേണ്ടത്.  കർണാടകത്തിൽ കോൺഗ്രസ് പരീക്ഷിച്ചതും അതുതന്നെ.  സിദ്ധരാമയ്യയെ മുന്നിൽ നിർത്തി, ഒരു പ്രാദേശികപാർട്ടി എന്നനിലയിൽ പ്രവർത്തിക്കുക.
അറുപതുകളിലെയും എഴുപതുകളിലെയും കോൺഗ്രസിന്റെ രാഷ്ട്രീയ, സാമ്പത്തിക, അധികാര പ്രമത്തത ഇപ്പോൾ ബി.ജെ.പി.ക്കുണ്ട്. അന്ന് കോൺഗ്രസിനെപ്പോലെ ശക്തിയുള്ള മറ്റൊരു ദേശീയകക്ഷിയില്ലായിരുന്നതുപോലെ തന്നെയാണ് ഇപ്പോഴത്തെ രാഷ്ട്രീയ അന്തരീക്ഷം.  

ഒരുപക്ഷേ, ഒരേസമയം രണ്ട്‌ ദേശീയകക്ഷികൾക്കുവേണ്ട പൊളിറ്റിക്കൽ സ്പേസ് ഇന്ത്യയിൽ ഇല്ല എന്നതാണ് സത്യം; പ്രത്യേകിച്ചും പല സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികൾ ശക്തിപ്രാപിച്ചതിനുശേഷം. കോൺഗ്രസ് ഇത് തിരിച്ചറിഞ്ഞുതുടങ്ങി എന്നാണ് കർണാടകം കാണിക്കുന്നത്. ഈ ഫോർമുലതന്നെ മറ്റു സംസ്ഥാനങ്ങളിലും തുടർന്നാൽ 2019 ബി.ജെ.പി.ക്ക് ശ്രമകരമാവും. ഒരൊറ്റ ദേശീയമുന്നണിക്കുപകരം പ്രാദേശിക ഐക്യമുന്നണികളാണ് വേണ്ടത്. ഇത്തരം ഐക്യമുന്നണികൾ ഓരോ സംസ്ഥാനത്തും ബി.ജെ.പി.ക്ക് ശക്തമായ പ്രതിരോധം തീർക്കുമെന്നതിൽ സംശയമില്ല. ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപോലെ, സീതാറാം യെച്ചൂരിവഴി സോണിയാ ഗാന്ധിയാണത്രേ കർണാടകത്തിലെ തന്ത്രം പരീക്ഷിച്ചത്. അതും പുതിയ തിരിച്ചറിവിന്റെ പ്രത്യാശാപൂർണമായ തെളിവ്. 

കരുത്ത് പകരുക വൈവിധ്യമുള്ള ദേശീയത 

കർണാടകം നൽകുന്ന മറ്റൊരു പാഠവുമുണ്ട് -പ്രിൻസ്റ്റൻ യൂണിവേഴ്സിറ്റിയിലെ പ്രശസ്ത രാഷ്ട്രീയ-സാമൂഹിക ശാസ്ത്രജ്ഞൻ അതുൽ കോഹ്‌ലി എഴുതിയതുപോലെ ഹിന്ദു ദേശീയതയ്ക്ക്‌ ബദൽ, പ്രാദേശിക ദേശീയതയാണ്. തമിഴ്നാട് ഇത് പലപ്രാവശ്യം തെളിയിച്ചിരിക്കുന്നു. മറ്റൊരുതരത്തിൽ കേരളവും. ഒട്ടേറെ പ്രാദേശിക ദേശീയതകൾചേർന്ന്‌ സൃഷ്ടിക്കുന്ന, വൈവിധ്യമുള്ള ഭാരതീയ ദേശീയതയാണ് ഇന്ത്യയുടെ മതനിരപേക്ഷതയ്ക്കും അഖണ്ഡതയ്ക്കും ഇനി ശക്തിപകരുക.  ഭരണഘടനാപരമായിപ്പോലും ഇന്ത്യ എന്ന ഭാവനയുടെ അടിസ്ഥാനവും അതുതന്നെ.  മായാവതിയും മമതാ ബാനർജിയും എം.കെ. സ്റ്റാലിനും ചന്ദ്രബാബു നായിഡുവും അഖിലേഷ് യാദവും യെദ്യൂരപ്പയും ഉമ്മൻ ചാണ്ടിയും പിണറായി വിജയനും ഒക്കെയാണ് ഈ ദേശീയതയുടെ ചുക്കാൻ പിടിക്കേണ്ടത്.

(മുൻ പത്രപ്രവർത്തകനും രാഷ്ട്രീയനിരീക്ഷകനും കോളമിസ്റ്റുമാണ് ലേഖകൻ)