Karnataka Politicsടി.വി.യിൽ പതിവായി വരുന്ന രാഷ്ട്രീയ ഹാസ്യപരിപാടികൾ കാണുന്നതുപോലെ, ഉള്ളുപൊള്ളയാക്കി, വെറും ഫലിതം മാത്രമായി കാണേണ്ട കാഴ്ചയായിട്ടാണ് കർണാടകത്തിലെ രാഷ്ട്രീയസംഭവങ്ങളെ പലരും വീക്ഷിക്കുന്നത്. മാധ്യമങ്ങളുടെ ആവതിലും കൂടുതലുള്ള അവതരണവും അത്തരത്തിലുള്ള ഒരു കെട്ടുകാഴ്ച ഒരുക്കുന്നതിനെ ലാക്കാക്കിയാണ്. അതിനിടയിൽ ധാർമികതയെ കുറിച്ച് ഒറ്റയക്ഷരം പറയാനുള്ള നൈതികാവകാശം ഒരു രാഷ്ട്രീയ പാർട്ടിക്കുമില്ല. കേന്ദ്രം ഭരിച്ചത് ബി.ജെ.പി. ആയാലും കോൺഗ്രസ് ആയാലും ജനതാദൾ ആയാലും സംസ്ഥാനങ്ങളിൽ ഇത്തരം പ്രഹസനങ്ങൾ അരങ്ങേറിയിട്ടുണ്ട്. ഹിന്ദിയിൽ ഒരു പഴമൊഴിയുണ്ട്, ഹമാം മെ സബ് നൻഗെ ഹെ-പൊതുകുളിമുറിയിൽ എല്ലാവരും നഗ്നരാണ്. 

ചിന്തിക്കേണ്ടത് ഇതാണോ മിനിറ്റിനുമിനിറ്റിന് നാം ഉയർത്തിപ്പിടിക്കുന്ന ഭരണഘടന വാഗ്ദാനം ചെയ്യുന്ന ജനാധിപത്യം? വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾക്കുശേഷം മാത്രം ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങൾ നേടിയെടുത്ത തുല്യവോട്ടാവകാശം, റിപ്പബ്ലിക് നിലവിൽ വന്ന അന്നുമുതൽ, നമുക്ക് നൽകിയതാണ് ഈ ഭരണഘടന. അതിനുശേഷം ഇന്ത്യയിലെ വോട്ടർമാർ അവരെ ഭരിക്കേണ്ടവരെ തങ്ങൾ നേരിട്ടു തിരഞ്ഞെടുക്കുകയാണെന്ന മിഥ്യാബോധത്തിൽ, അവരുടെ രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ,  പോളിങ് ബൂത്തിൽ ചെന്ന് അവരുടെ സമ്മതിദാനാവകാശം ഉപയോഗിക്കുന്നു. മിഥ്യാബോധം എന്ന് പറയാനുള്ള കാരണം തിരഞ്ഞെടുപ്പിനുശേഷം ഏറ്റവും ആദ്യം അപ്രസക്തനാകുന്നത് ഇതേ പാവം വോട്ടർ തന്നെയാണ്.

പിന്നെ നടക്കുന്നത്, പ്രത്യേകിച്ച് ഒരു കക്ഷിക്കും സ്പഷ്ടമായ ഭൂരിപക്ഷം കിട്ടാത്ത സംസ്ഥാനങ്ങളിൽ, ഇപ്പോൾ കർണാടകത്തിൽ കാണുന്ന കാര്യങ്ങളാണ്. വോട്ടർ വിഭാവനം ചെയ്ത ഭരണം ഒന്ന്, അവർ തിരഞ്ഞെടുത്ത എം.എൽ.എ. എത്തുന്നതു മറ്റൊരിടത്ത്. ഭരണഘടന നിലവിൽവന്നതിനു തൊട്ടുപിറകേ അന്നത്തെ മദ്രാസ് പ്രവിശ്യയിൽ (അതിൽ ഇന്നത്തെ ആന്ധ്രയും കർണാടകത്തിന്റെയും കേരളത്തിന്റെയും ഭാഗങ്ങളും ഉണ്ടായിരുന്നു). ആകെ ഉണ്ടായിരുന്ന 375 സീറ്റുകളിൽ കോൺഗ്രസിനു കിട്ടിയത് 152; എന്നിരുന്നാലും മലബാറിൽനിന്നുള്ള കമ്യൂണിസ്റ്റുകാർക്ക് മുൻതൂക്കമുള്ള ഐക്യമുന്നണിയെ ഭരണത്തിൽ കയറ്റാതിരിക്കാൻ ഗവർണർ കോൺഗ്രസിനെ ഭരണത്തിലേക്ക് ക്ഷണിച്ചു. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വോട്ടെടുപ്പ് നടന്നപ്പോൾ 151-നെതിരേ 200 എം.എൽ.എ.മാരുടെ പിന്തുണയോടെ കോൺഗ്രസ് ജയിച്ചു. അന്നു തുടങ്ങിയതാണ് കൂറുമാറ്റങ്ങളുടെ 
കഥ. 

എഴുപതുകളിലും എൺപതുകളിലും കൂറുമാറ്റങ്ങൾ അതിന്റെ മൂർധന്യത്തിലെത്തി-ആയാറാമുകളുടെയും ഗയാറാമുകളുടെയും വലിയ പടതന്നെയുണ്ടായി. അപ്പോഴാണ്‌ രാജീവ് ഗാന്ധി കൂറുമാറ്റനിരോധനനിയമം കൊണ്ടുവന്നത്. അതു നടപ്പാക്കേണ്ടത് രാഷ്ട്രീയക്കാരനായ സ്പീക്കർ ആയതിനാൽ, പലയിടങ്ങളിലും വിപ്പ് ലംഘിച്ച എം.എൽ.എ.മാർ നിയമസഭയിൽതന്നെ തുടർന്നു. എം.എൽ.എ.മാരെ പ്രീണിപ്പിച്ച് സ്വന്തം പക്ഷത്താക്കി നിയമസഭയിൽ വോട്ടെടുപ്പ് സമയത്ത് പ്രദർശിപ്പിക്കുന്ന വിദ്യ ആദ്യമായി നിലവിൽ വന്നത് കേരളത്തിലാണ്. 1955-ൽ തിരുവിതാംകൂർ-കൊച്ചി നിയമസഭയിൽ പനമ്പിള്ളി ഗോവിന്ദമേനോൻ കോൺഗ്രസ് മുഖ്യമന്ത്രിയായത് നാടകീയമായി നിയമസഭയിൽ കൊണ്ടുവന്ന പ്രജാ സോഷ്യലിസ്റ്റ് പാർട്ടി എം.എൽ.എ.മാരായ വയലാ ഇടിക്കുളയുടെയും കൊടകര കേശവമേനോന്റെയും വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. ആ സംഭവം മലയാളഭാഷയ്ക്ക് സംഭാവന ചെയ്ത വാക്കാണ്‌ ‘ചാക്കിട്ടുപിടിത്തം’. ആ ചാക്കിന്റെ അത്യാധുനികരൂപമാണ് റിസോർട്ട്. 

രാഷ്ട്രീയകക്ഷികൾക്ക് ധാർമികതയെ കുറിച്ച് സംസാരിക്കാനുള്ള അധികാരം നഷ്ടപ്പെട്ടെങ്കിലും ജനാധിപത്യം അതിന്റെ സകല സമഭാവനയോടും ധാർമികതയോടുംകൂടി തിരിച്ചുകൊണ്ടുവരാൻ സമ്മതിദായകർ ആവശ്യപ്പെടാനുള്ള സമയം എന്നേ കഴിഞ്ഞിരിക്കുന്നു. ഇക്കണോമിസ്റ്റ് വാരിക വർഷംതോറും പുറത്തിറക്കുന്ന ലോക ജനാധിപത്യസൂചികയിൽ ഇന്ത്യയുടെ സ്ഥാനം 167 രാജ്യങ്ങളിൽ 42 ആണ്. 

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ സ്ഥാനം പിന്നിലാകാൻ കാരണം രാജ്യം കാലാകാലങ്ങളായി ആർജിച്ച രാഷ്ട്രീയസംസ്കാരമാണ്. അതിന്റെ ഏറ്റവും പുതിയ എപ്പിസോഡാണു കർണാടകയിൽ ഇപ്പോൾ ചുരുളഴിയുന്നത്. ചേരിതിരിഞ്ഞ് അവിടെ നടക്കുന്ന നാടകങ്ങളെ ഒരു കൂട്ടർ ‘ചാണക്യനീതി’, ‘മാസ്റ്റർ സ്‌ട്രോക്ക്’ എന്നെല്ലാം വിളിച്ചു ശ്ലാഘിക്കുമ്പോൾ, മറുവശം ‘അധാർമികം’, ‘ജനാധിപത്യത്തിന്റെ കൊലപാതകം’ എന്നെല്ലാം പറയുന്നു. ഇതെല്ലാം വിരാഗമായ കൗതുകത്തോടെ ജനം കാണുന്നു. ഈ സിനിസിസമാണു പിന്നെയും പ്രതിസന്ധികൾ ക്ഷണിച്ചു വരുത്തുന്നത്. ഇമ്യൂണിറ്റി നഷ്ടപ്പെട്ട  നമ്മുടെ ജനാധിപത്യവ്യവസ്ഥയെ ഉടൻ പരിഷ്കരിക്കേണ്ടതുണ്ടെന്ന് പറഞ്ഞ് ഒരു ചെറുശബ്ദം പോലും ഉയരാത്തതാണ് കർണാടകസംഭവങ്ങളുടെ യഥാർഥ ദുരന്തം.