ബെംഗളൂരു: അധികാരത്തിലെത്താൻ ബി.ജെ.പി. 2008 -ൽ നടപ്പാക്കിയ ‘ഓപ്പറേഷൻ താമര’ വീണ്ടും നടപ്പാക്കുമോ എന്ന ആശങ്കയിൽ കോൺഗ്രസും ജനതാദൾ എസും. മറ്റുകക്ഷികളുടെ എം.എൽ.എ.മാരെയും താഴെത്തട്ടിലുള്ള നേതാക്കളെയും അധികാരവും പണവും വാഗ്ദാനംചെയ്ത് ബി.ജെ.പി.യിൽ എത്തിക്കുന്നതാണ് ഓപ്പറേഷൻ താമരയുടെ രീതി.

ബി.ജെ.പി. മുഖ്യമന്ത്രിസ്ഥാനാർഥിയായ ബി.എസ്. യെദ്യൂരപ്പതന്നെയായിരുന്നു ഇതിന്റെ ഉപജ്ഞാതാവ്. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രതിപക്ഷ പാർട്ടികളുടെ താഴെത്തട്ടിലുള്ള ശൃംഖലതന്നെ തകർക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. എം.എൽ.എ.മാർ രാജിവെച്ച് വീണ്ടും ജനവിധി തേടുമെന്നതിനാൽ കൂറുമാറ്റനിരോധനം ഇതിൽ തടസ്സമാകുകയുമില്ല.

2008-ൽ പ്രതിപക്ഷത്തെ ഏഴ് എം.എൽ.എ.മാരെയാണ് ഇത്തരത്തിൽ ബി.ജെ.പി. പാർട്ടിയിലെത്തിച്ചത്. ഇതിൽ അഞ്ചുപേർക്ക് ഉപതിരഞ്ഞെടുപ്പിൽ സീറ്റും നൽകി. അങ്ങനെയാണ് 224 അംഗസഭയിൽ ബി.ജെ.പി. 115 സീറ്റുമായി ഭൂരിപക്ഷം ഉറപ്പാക്കിയത്.

സംസ്ഥാനഘടകത്തിന്റെ പദ്ധതിയോട് പരസ്യമായി കണ്ണടച്ച കേന്ദ്രനേതൃത്വം പിന്നീടുനടന്ന ദേശീയ എക്സിക്യുട്ടീവിൽ ഇക്കാര്യം മറ്റു ഘടകങ്ങൾക്ക് സ്വീകരിക്കാവുന്ന മാതൃകയായി വിശദീകരിച്ചിരുന്നു.