സ്വാഗതമാശംസിച്ച് ബിജെപിയും ജെഡിഎസും ഉള്ളപ്പോള്‍ നിരാശപ്പെടേണ്ട കാര്യമില്ലല്ലോ! മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്ത കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ചിന്തയിതാണ്. സീറ്റ് പ്രതീക്ഷിക്കുക, കിട്ടാതെ വരുമ്പോള്‍ പുറത്തേക്ക് ചാടുക, മറുകണ്ടം ചാടി സീറ്റ് ഉറപ്പിക്കുക എന്നിങ്ങനെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലവിലെ അവസ്ഥ. 

224 സീറ്റുകളാണ് ആകെയുള്ളത്. ബിജെപി 70 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ജെഡിഎസിനാവട്ടെ 98 സീറ്റുകളാണ് ബാക്കിയുള്ളത്. നല്ല സ്ഥാനാര്‍ഥികള്‍ക്കായുള്ള കാത്തിരിപ്പിലാണ് ബിജെപിയെങ്കില്‍ ജെഡിഎസ് മറുകണ്ടം ചാടിയെത്തിയ  11 സുമനസ്സുകള്‍ക്ക് സീറ്റ് നല്‍കിക്കഴിഞ്ഞു. 

amith shah yedyurappa

കഴിഞ്ഞയാഴ്ച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചതോടെയാണ് രണ്ടാം വട്ടവും എംഎല്‍എയാവാന്‍ ഉടുപ്പും തുന്നിയിരുന്ന പല നേതാക്കള്‍ക്കും നിരാശരാവേണ്ടി വന്നത്. പലരും അപ്പോള്‍ത്തന്നെ സീറ്റ് തേടി ബിജെപിയിലേക്കും ജെഡിഎസിലേക്കും നെട്ടോട്ടമോടുകയായിരുന്നെന്നാണ് വിവരം. ബിജെപിയുടെ മുഖ്യമന്ത്രി മുഖമായ ബി.എസ്.യെദ്യൂരപ്പ അതിലൊരാളായ ജി.വി.ബല്‍റാമിന് സീറ്റ് നല്കുമെന്ന് പ്രഖ്യാപിച്ചത്  സ്വന്തം പാര്‍ട്ടിയിലെ തന്നെ പലരുടെയും എതിര്‍പ്പ് വകവയ്ക്കാതെയായിരുന്നു.

ഇതേത്തുടര്‍ന്ന് ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ വരെയുണ്ടായി. അപ്പോഴും അക്ഷോഭ്യനായി നിലകൊണ്ട യെദ്യൂരപ്പ  പറഞ്ഞത് മൂന്നാം ഘട്ട സ്ഥാനാര്‍ഥിപ്പട്ടിക രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നും അപ്പോഴും 20-22 വരെ സീറ്റുകള്‍ ഒഴിച്ചിടുമെന്നുമായിരുന്നു. മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് വരുന്ന നല്ല സ്ഥാനാര്‍ഥികള്‍ക്കായി തങ്ങള്‍ കാത്തിരിക്കുകയാണെന്ന് യെദ്യൂരപ്പ വ്യക്തമാക്കി. ജയസാധ്യതയുള്ള ഒരു വ്യക്തിയെയും തങ്ങള്‍ നിരാശരാക്കില്ലെന്നും അദ്ദേഹം നിലപാട് വെളിപ്പെടുത്തി. കോണ്‍ഗ്രസ് ഇനി പ്രഖ്യാപിക്കാനുള്ളത് 5 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ മാത്രമാണ്. അതുകൊണ്ടാണ് പ്രതീക്ഷ അസ്തമിച്ച നേതാക്കള്‍ക്ക് യെദ്യൂരപ്പയുടെ വാക്കുകള്‍ പുതിയ ഊര്‍ജമാകുന്നതും.

devgawda

പാര്‍ട്ടിയിലേക്കെത്തുന്ന നേതാവിന്റെ ജാതി, സാമ്പത്തികസ്ഥിതി എന്നിവ സ്ഥാനാര്‍ഥിത്വം ഉറപ്പാക്കുന്നതില്‍ പ്രധാനഘടകങ്ങളാണെന്നാണ് കര്‍ണാടകയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്വന്തം നിലയില്‍ പ്രചരണച്ചെലവുകള്‍ വഹിക്കാന്‍ ശേഷിയുള്ള മത്സരാര്‍ഥി എന്നത്‌ പാര്‍ട്ടികള്‍ക്ക് ബോണസ് തന്നെയാണല്ലോ!

കര്‍ണാടകയെക്കാത്തിരിക്കുന്നത് തൂക്കുമന്ത്രിസഭയാണെന്നാണ് പ്രീ പോള്‍ സര്‍വ്വേ ഫലങ്ങള്‍. അങ്ങനെയാണെങ്കില്‍ എച്ച്.ഡി. ദേവഗൗഡയുടെ ജെഡിഎസ് ആകും കിങ്‌മേക്കര്‍ പാര്‍ട്ടി. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും വന്നു ചേര്‍ന്ന 11 പേര്‍ക്കാണ് ജെഡിഎസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം നല്കിയത്. ദയാനന്ദ സാഗര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവനും മുന്‍ ബിജെപി സ്ഥാനാര്‍ഥിയുമായ ഹേമചന്ദ്രസാഗറും മുന്‍ കോണ്‍ഗ്രസ് എംഎല്‍എയായ പ്രസന്നകുമാറും ഇതിലുള്‍പ്പെടുന്നു.

content highlights: Karnataka Netas Hope, Skip and Jump for Election Tickets