കുതിരപ്പന്തികള്‍ക്ക് പുകള്‍ പെറ്റതാണ് ബംഗളൂരു. പന്തയക്കുതിരകള്‍ക്ക് മോഹവിലയാണ്. റേസ് കോഴ്‌സ് ഇപ്പോള്‍ ചില തര്‍ക്കങ്ങളിലാണ്. 

മുന്തിയ കുതിരകള്‍ ബംഗളുരുവില്‍ എത്തുന്നത് 1824-ലാണെന്നു ചരിത്രം. ഇറാനില്‍നിന്നാണ് അന്ന് കുതിരകളെ കൊണ്ടു വന്നത്. ഷിറാസില്‍നിന്ന് മൂന്നു സഹോദരന്മാര്‍ കര്‍ണാടകത്തിലെത്തി. മംഗലാപുരവും കൂര്‍ഗും മൈസൂരുമെല്ലാം കടന്നുള്ള കുതിരക്കാരുടെ യാത്ര ഒരു വിസ്മയമായിരുന്നു. പ്രത്യേകിച്ചും അന്നത്തെ നാട്ടു രാഷ്ട്രീയത്തില്‍. 

ഈസ്റ്റ് ഇന്ത്യ കമ്പനിയും നാട്ടുരാജാക്കന്മാരും കുതിരക്കാരെ ചോദ്യം ചെയ്തു. ചാരന്മാരെന്ന് സംശയിച്ച് പലവട്ടം തടഞ്ഞുവച്ചു. ഒടുവില്‍ സംഘം ബംഗളൂരുവിലെത്തി. കുതിരകള്‍ക്ക് അന്ന് ബംഗളൂരുവില്‍ വലിയ ഡിമാന്‍ഡായിരുന്നു. മൂന്നു പേരും കൊണ്ടുവന്ന കുതിരകളെ വിറ്റു. ബിസിനസ് വലുതാക്കാന്‍ തീര്‍ച്ചയാക്കി പേര്‍ഷ്യന്‍ കച്ചവടക്കാര്‍. ഇളയ സഹോദരന്‍ ആഗാ അലി അസ്‌കറെ ചുമതല ഏല്‍പിച്ച് മൂത്ത സഹോദരന്മാരായ മൗഹമ്മദ് ഹാഷിമും മഷാദി ക്വാസിമും ഇറാനിലേക്ക് മടങ്ങി. 

പതിനാറാം വയസ്സില്‍ ബംഗളൂരുവില്‍ എത്തിയ അലി അസ്‌കര്‍ക്ക് ഇവിടം പിന്നീട് സ്വന്തമായി. വിരുന്നുകാരന്‍ വീട്ടുകാരനായി. ഖാദു ബീബിയെ വിവാഹം ചെയ്തു. രണ്ട് ആണ്‍മക്കളുടേയും  രണ്ടു പെണ്‍മക്കളുടേയും പിതാവായി. ബംഗളൂരു ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്ന നിരവധി പൈതൃകങ്ങളുടെ സ്രഷ്ടാവായി. ഇപ്പോഴത്തെ റിച്മണ്ട് റോഡിലെ മിക്കവാറും സ്ഥലങ്ങള്‍ അന്ന് അസ്‌കറിന്റേതായിയിരുന്നു. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസായ ബാലബ്രൂയിയും ഗവര്‍ണറുടെ വസതിയും അടക്കമുള്ള മികവുറ്റ നൂറിലേറെ കെട്ടിടങ്ങള്‍ അസ്‌കര്‍ നിര്‍മ്മിച്ചു. ജോണ്‍സണ്‍ മാര്‍ക്കറ്റ് ഇരിക്കുന്നിടം കുതിരലായമായിരുന്നു. അറബ് ലൈന്‍സ് എന്നറയിപ്പെട്ട ഈ പ്രദേശത്തിന് ഓര്‍ക്കാന്‍ ഇന്നും അസ്‌കറിന്റെ നിരവധി കഥകളുണ്ട്. 

ali

റിച്മണ്ട് ടൗണിലെ അസ്‌കാരി മസ്ജിദ് നിര്‍മ്മിച്ചത് അലി അസ്‌കറാണ്. 1891 ല്‍ അദ്ദേഹം അന്തരിച്ചു. വാരാന്ത്യങ്ങളില്‍ അസ്‌കാരി കുടുംബം നടത്തുന്ന പുറം സവാരികള്‍ നാട്ടുകാര്‍ക്ക് വിസ്മയമായിരുന്നു. തലേന്ന് തന്നെ പരിചാരകരെത്തി സ്ഥലം കണ്ടെത്തി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുമായിരുന്നുവത്രെ. സകുടുംബം നടത്തുന്ന അവരുടെ ഈറ്റിംഗ് ഔട്ടുകള്‍ ബംഗളൂരുവിന്റെ ചരിത്രമായി. അസ്‌കറിന്റെ പേരക്കുട്ടി സര്‍ മിര്‍സ ഇസ്മയില്‍ പിന്നീട് മൈസൂര്‍ ദിവാനായി.

ഹൊസൂര്‍ റോഡിലെ ഷിയ പേര്‍ഷ്യന്‍ ഖബറിടത്തിലാണ് കുടുംബത്തിലെ മിക്കവരേയും അടക്കം ചെയ്തിട്ടുള്ളത്. പേര്‍ഷ്യയില്‍നിന്ന് തിരിച്ചെത്തി കാവേരി നദിയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച അസ്‌കറുടെ സഹോദരന്‍ മുഹമ്മദ് ക്വാസിമും ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. 

ആഗാ അലി അസ്‌കര്‍ ബ്രിട്ടീഷ് കമ്മീഷണര്‍ സര്‍ മാര്‍ക് കബ്ബണും മൈസൂരുവിലെ കൃഷ്ണരാജ വൊഡയാറുമൊക്കെയായി നല്ല ബന്ധത്തിലായിരുന്നു. ഇന്‍ഫന്‍ട്രി റോഡില്‍നിന്ന് കണ്ണിംഗ്ഹാം റോഡിലേക്കുള്ള എളുപ്പവഴിയാണ് ഇന്ന് അലി അസ്‌കര്‍ റോഡ്. കണ്ണിംഗ് ഹാം റോഡിലാണ് അസ്‌കര്‍ നിരവധി പൈതൃക ബംഗ്ലാവുകള്‍ പണി തീര്‍ത്തത്. പഴയ ഓര്‍മ്മകളുമായി കലാശിപ്പാളയത്ത് ഇന്നും ലായം കാണാം. വിവാഹങ്ങളില്‍ കുതിരപ്പുറത്ത് ആടിയായി വരുന്ന പുതുമണവാളനെ കാണാം. കുതിരവണ്ടികള്‍ ഇപ്പോഴില്ല. 

കര്‍ണാടകത്തില്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത് തൂക്കുസഭയാണ്. വോട്ടിംഗിന് മുമ്പ് തന്നെ 153 കോടി രൂപയാണ് വിവിധ ഏജന്‍സികള്‍ പിടിച്ചെടുത്തത്. ജനാധിപത്യത്തിന് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ വിലയുടെ ഒരംശം. ബംഗളൂരു നഗരത്തിലടക്കം ആളെണ്ണി രണ്ടായിരം രൂപ വീതമായിരുന്നു പല വീടുകളിലും രാഷ്ട്രീയക്കാര്‍ വോട്ടുവിലയായി എത്തിച്ചത്. ഒതലാപുരം ഖനനക്കമ്പനിയുമായി ബന്ധപ്പെട്ട നൂറുകണക്കിന് കോടി രൂപയുടെ അഴിമതിയില്‍ തിരഞ്ഞെടുപ്പ് തലേന്ന് സുപ്രീം കോടതിയിലെ ഒരു മുന്‍ ചീഫ് ജസ്റ്റിസിന്റെ പേരും ഉയര്‍ന്നു കേട്ടു. 

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ അലി അസ്‌കര്‍ റോഡിലെ കൈചൂണ്ടിക്കല്ലിനെ തിളക്കമുള്ളതാക്കിയിരിക്കുന്നു. ബംഗളുരുവിലെ ഉപശാലകളില്‍ കുതിരക്കച്ചവടങ്ങളുടെ കണക്കുകള്‍ക്ക് വിരല്‍ മടക്കിത്തുടങ്ങുന്നുണ്ട് രാഷ്ട്രീയക്കാര്‍. ആഗാ അലി അസ്‌കറിനേക്കാള്‍ വലിയ കുതിരക്കച്ചവടക്കാര്‍ അരങ്ങുവാഴുമോ എന്നറിയാന്‍ അന്തിമവിധി കാക്കുകയാണ് കന്നഡനാട്.