കര്‍ണാടകത്തിലെ തീരദേശജില്ലകളില്‍ ഹിന്ദുവോട്ട് ധ്രുവീകരണം ലക്ഷ്യമിട്ട് ബി.ജെ.പി. മേഖലയില്‍ കനത്ത പോരാട്ടത്തിന് വഴിതുറന്നു.

സംസ്ഥാനത്തെ മറ്റ് മേഖലകളില്‍നിന്നും വ്യത്യസ്തമാണ് തീരദേശം. വടക്കന്‍ കര്‍ണാടകത്തിലും മൈസൂരു മേഖലയിലും ജാതിയാണ് നിര്‍ണായകശക്തി. എന്നാല്‍, തീരദേശജില്ലകളില്‍ വര്‍ഗീയ ചേരിതിരിവുകളാണ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നത്. ഇതിനെ നേരിടാന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. ബി.ജെ.പി.യുടെ ഹിന്ദുവോട്ട് ധ്രുവീകരണത്തെ തള്ളി കോണ്‍ഗ്രസ് ആധിപത്യം നേടി. ഇത്തവണ കടുത്ത മത്സരമാണ്. ബി.ജെ.പി.യും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാടുന്ന കാഴ്ചയാണ് ഇത്തവണ.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും മേഖലയില്‍ വീണ്ടും പ്രചാരണത്തിനെത്തും. ബി.ജെ.പി.യുടെ നീക്കത്തെ നേരിടുകയെന്ന ശ്രമകരമായ ദൗത്യമാണ് കോണ്‍ഗ്രസിനുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്കുവേണ്ടി വലിയ നേതാക്കളൊന്നുമുണ്ടായിരുന്നില്ല. തീരദേശത്തുനിന്നുള്ള ശോഭ കരന്തലജെ അടക്കമുള്ള നേതാക്കള്‍ യെദ്യൂരപ്പയുടെ കെ.ജെ.പി.യിലായിരുന്നു. ബി.ജെ.പി.ക്കെതിരേ പ്രചാരണം നടത്താനാണ് യെദ്യൂരപ്പ അന്നെത്തിയത്.

ഇന്ന് ചിത്രം മാറി. യെദ്യൂരപ്പയാണ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. വര്‍ഗീയപരാമര്‍ശങ്ങളിലൂടെ വിവാദമുണ്ടാക്കുന്ന ശോഭ കരന്തലജെയും കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെയും ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തുന്നു. ശക്തിപകരാന്‍ നരേന്ദ്രമോദിയും യോഗി ആദിത്യനാഥും എത്തുന്നതോടെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് വിയര്‍പ്പൊഴുക്കേണ്ടിവരും.

തീരദേശമേഖലയില്‍ ഉള്‍പ്പെടുന്ന ദക്ഷിണകന്നഡ, ഉത്തര കന്നഡ, ഉഡുപ്പി ജില്ലകളില്‍ 19 സീറ്റുകളുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 13 സീറ്റും ബി.ജെ.പി.ക്ക് മൂന്ന് സീറ്റും കിട്ടി. ജനതാദള്‍-എസിന് ഒന്നിലും വിജയിക്കാന്‍ കഴിഞ്ഞില്ല. മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് മൂന്ന് മന്ത്രിമാര്‍ ഇവിടെനിന്നായിരുന്നു.

ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് ഉയര്‍ത്തിക്കാട്ടിയാണ് ബി.ജെ.പി. പ്രചാരണം. കോണ്‍ഗ്രസ് ഭരണകാലത്ത് 24 ആര്‍. എസ്.എസ്. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ബി.ജെ.പി. ആരോപിക്കുന്നു. ടിപ്പു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് വര്‍ഗീയസംഘര്‍ഷങ്ങളും അരങ്ങേറി. മൈസൂരുമേഖലയില്‍ നേട്ടമുണ്ടാക്കാന്‍ ലക്ഷ്യംവെച്ചാണ് സര്‍ക്കാര്‍ ടിപ്പുജയന്തി ആഘോഷിച്ചത്. ഇത് തിരിച്ചടിയാകുമോയെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.

ബി.ജെ.പി.യെ എതിര്‍ക്കുന്ന ഹൈന്ദവസംഘടനകളും മത്സരരംഗത്തുണ്ട്. അഖിലഭാരത ഹിന്ദുമഹാസഭയും ശ്രീരാമസേനയുമാണ് ബി.ജെ.പി.യ്‌ക്കെതിരേയുള്ള കാവിമുന്നണിക്ക് നേതൃത്വം നല്‍കുന്നത്. മംഗളൂരുവില്‍ കോണ്‍ഗ്രസിനുവേണ്ടി മത്സരിക്കുന്നവരില്‍ പ്രമുഖന്‍ മലയാളിയായ മന്ത്രി യു.ടി. ഖാദറാണ്. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായ മംഗളൂരു സിറ്റി മണ്ഡലത്തിലാണ് ഖാദര്‍ ജനവിധിതേടുന്നത്. മംഗളൂരു നോര്‍ത്തിലും കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മിലാണ് പോരാട്ടം. ഇവിടെ സി.പി.എം. സ്ഥാനാര്‍ഥിയായി മുനീറും രംഗത്തുണ്ട്. ഉഡുപ്പിയിലും ബി.ജെ.പി. വിജയപ്രതീക്ഷയിലാണ്.