ഗദീഷ് ഷെട്ടാര്‍ജി കര്‍ണാടക മുഖ്യമന്ത്രിയാവും -ഹുബ്ലി ബെയ്രിദേവര്‍കൊപ്പ വാര്‍ഡിലെ ഒരു വോട്ടറുടെ ഡയലോഗ് കേട്ടപ്പോള്‍ ശരിക്കും ഞെട്ടി. എന്തുകൊണ്ടെന്ന് ചോദിച്ചപ്പോള്‍, ഏതോ സന്ന്യാസി പറഞ്ഞിട്ടുണ്ട് ഷെട്ടാര്‍ജി മുഖ്യമന്ത്രി ആവുമെന്ന്... അതുകൊണ്ട് ഷെട്ടാര്‍ജി മുഖ്യമന്ത്രിയാവും ഉറപ്പ്...

ഹുബ്ലി ധേവാര്‍ഡ് സെന്‍ട്രല്‍ മണ്ഡലം ശരിക്കും ബി.ജെ.പി. ബെല്‍റ്റാണ്. കഴിഞ്ഞ അഞ്ചുതവണയും മുന്‍ മുഖ്യമന്ത്രികൂടിയായ ജഗദീഷ് ഷെട്ടാറിനെ കൈവിടാത്ത മണ്ഡലമാണിത്. 2013-ല്‍ ഒന്‍പതുമാസം മുഖ്യമന്ത്രിയായ ജഗദീഷിനെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഇത്തവണയും തിരഞ്ഞെടുത്ത മട്ടാണ്. മണ്ഡലത്തില്‍ ഈസി വാക്കോവര്‍ പ്രതീക്ഷിക്കുകയാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍. ഷെട്ടാറിനെക്കുറിച്ച് ആര്‍ക്കും എതിരഭിപ്രായമില്ല. പക്ഷേ, ഹൊസ്സൂര്‍ വികാസ് നഗറിലുള്ള കോണ്‍ഗ്രസ് ഓഫീസില്‍ ചെന്നപ്പോള്‍ സ്ഥിതിഗതി ആകെ മാറിയമട്ടാണ്... രാവിലെ ഏഴുമണിമുതല്‍ രാത്രി 11 മണിവരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഡോ. മഹേഷ് നാല്‍വാഡയ്ക്കുവേണ്ടി വോട്ടുപിടിക്കുകയാണ് പ്രവര്‍ത്തകര്‍. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കര്‍ശന നിര്‍ദേശമുള്ളതുകൊണ്ട് മറ്റുപ്രചാരണം ഒന്നുമില്ല. തീര്‍ത്തും വാതില്‍ പ്രചാരണംമാത്രം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ നാല്‍വാഡ ഡോക്ടര്‍ ജോലിപോലുമുപേക്ഷിച്ച് ജനസേവനത്തിന് ഇറങ്ങിയതാണ്. യോഗ്യരായ 10000 ബി.പി.എല്‍. കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കാനുള്ള കാര്യങ്ങള്‍ ചെയ്തത് ഡോ. നാല്‍വാഡയാണ്. മാരുതി നഗര്‍ ഹെഗ്ഗെരി എന്നിവിടങ്ങളിലെ ചേരിവാസികളെ പുനരധിവസിപ്പിക്കാനും നാല്‍വാഡ പരിശ്രമിച്ചിട്ടുണ്ട്.

നാല്‍വാഡ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്​പത്രി, സൂചിറായു ആസ്​പത്രി, ഹുബ്ലി സ്‌കാന്‍ സെന്റര്‍ എന്നിവ സ്ഥാപിച്ച ഡോക്ടര്‍ നാല്‍വാഡയോട് ഇത്തവണ വോട്ടര്‍ സഹാനുഭൂതി കാട്ടുമെന്നുതന്നെയാണ് ഹുബ്ലിയിലെ കോണ്‍ഗ്രസ് മണ്ഡലങ്ങള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞതവണ ഇതേ മത്സരത്തില്‍, ബി.ജെ.പി.യിലെ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ജഗദീഷ് ഷെട്ടാറിനോട് 1600 വോട്ടിനാണ് ഡോ. നാല്‍വാഡ തോറ്റത്. പക്ഷേ, ഡോക്ടര്‍ സ്ഥാനം ഒഴിഞ്ഞ് പൂര്‍ണമായും സേവന പ്രവര്‍ത്തനത്തിനിറങ്ങിയ നാല്‍വാഡയെ ഇത്തവണ വോര്‍ട്ടര്‍മാര്‍ അംഗീകരിക്കുമെന്നുതന്നെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്.

ജഗദീഷ് ഷെട്ടാര്‍ വിജയിച്ചമട്ടാണ് ഇവിടെ ബി.ജെ.പി. പാളയത്തില്‍. ചിലപ്പോള്‍ അദ്ദേഹം മുഖ്യമന്ത്രി ആവും എന്നുവരെ വിശ്വസിക്കുന്നവരുണ്ട് മണ്ഡലത്തില്‍. ബി.ജെ.പി.യുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥി യെദ്യൂരപ്പ അദ്ദേഹത്തിന്റെ പതിവുപൂര്‍ത്തിയാക്കാതെ മാറുമെന്നും ഷെട്ടാര്‍ മുഖ്യമന്ത്രിയാവും എന്നും വിശ്വസിക്കുന്ന ഒരുപാടുപേരുണ്ട് മണ്ഡലത്തില്‍.