ബിജെപിയുടെ അട്ടിമറി ശ്രമങ്ങളെ മറികടന്ന് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് അധികാരത്തിലെത്താൻ വഴിതെളിയുമ്പോൾ കോണ്‍ഗ്രസ് ഏറ്റവും കടപ്പെട്ടിരിക്കുന്ന നേതാവ് മറ്റാരുമല്ല ഡി.കെ എന്ന് വിളിക്കുന്ന ഡി.കെ ശിവകുമാറായിരിക്കും. കേന്ദ്രനേതാക്കളും കോടതിയും ഒക്കെ സമയാസമയങ്ങളില്‍ കോണ്‍ഗ്രസിന്റെ രക്ഷയ്ക്കെത്തിയെങ്കിലും സന്നിഗ്ധ ഘട്ടത്തില്‍ ക്രൈസിസ് മാനേജറായി രംഗത്തിറങ്ങിയ ഡി.കെയാണ് ബിജെപി ഉയര്‍ത്തിയ ചാക്കിട്ടുപിടുത്തത്തിന് പ്രതിരോധം തീര്‍ത്തത്. 

ഡികെയുടെ ആള്‍ബലവും തന്ത്രങ്ങളുമായിരുന്നു ബിജെപിയിലേക്ക് ആളുകള്‍ കൊഴിയാതെ കാത്തത്. സത്യപ്രതിജ്ഞയ്ക്കായി നിയമ സഭയിലെത്താതിരുന്ന രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ വിദഗ്ധമായി കണ്ടെത്തി സഭയിലെത്തിച്ചതിന്റെ ക്രെഡിറ്റും ശിവകുമാറിന് അവകാശപ്പെട്ടതാണ്. ആനന്ദ് സിങ്, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവരായിരുന്നു സത്യപ്രതിജ്ഞയ്ക്ക് എത്താതിരുന്നത്. നിര്‍ണായകമായ ഘട്ടത്തില്‍ ശിവകുമാറിന്റെ ബന്ധങ്ങളുപയോഗിച്ച് ഇവരെ ഗാള്‍ഡ് ഫിഞ്ച് ഹോട്ടലില്‍ കണ്ടെത്തി. തുടര്‍ന്ന് ശിവകുമാര്‍ പോലീസുമായി നേരിട്ട് ഹോട്ടലിലെത്തി ഇവരെ മോചിപ്പിക്കുകയായിരുന്നു.

സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എംഎല്‍എമാരെ മാറ്റാനുള്ള ചുമതല ഇതാദ്യമല്ല ഡികെയുടെ മുന്നിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഗുജറാത്തില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് വേളയിലും ഈ രക്ഷാദൗത്യം രാജ്യം കണ്ടതാണ്. അന്ന് എന്ത് വിലകൊടുത്തും അഹമ്മദ് പട്ടേല്‍ രാജ്യസഭയിലെത്തുന്നത് തടയുക എന്നത് അഭിമാനപ്രശ്നമായി കണ്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കരുക്കള്‍ നീക്കി. 

59 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസില്‍ നിന്ന് ശങ്കര്‍ സിങ് വഗേലയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ആദ്യം പാര്‍ട്ടി വിട്ടു. അടുത്തതായി മൂന്നു പേര്‍ കൂടി കൊഴിഞ്ഞു. അപകടം മണത്ത കോണ്‍ഗ്രസിന് വൈകിയാണ് വിവേകമുദിച്ചത്. അല്‍പം വൈകിയെങ്കിലും ശേഷിക്കുന്ന എംഎല്‍എമാര്‍ മറുകണ്ടം ചാടാതിരിക്കാന്‍ ഗുജറാത്തില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന അശോക് ഗെലോട്ട് നേരിട്ട് സിദ്ധരാമയ്യയെ വിളിക്കുന്നു. അദ്ദേഹം കര്‍ണാടകത്തില്‍ താവളം വാഗ്ദാനം ചെയ്തു. 

സിദ്ധു ആ ദൗത്യം ഏല്‍പിച്ചത് ഊര്‍ജമന്ത്രിയായ ഡി.കെയായിരുന്നു. റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ എപ്പിസോഡ് കര്‍ണാടകത്തില്‍ അരങ്ങേറുന്നു. സഹോദരനും ബെംഗളൂരു റൂറല്‍ എം.പിയുമായ ഡി.കെ സുരേഷിനോട് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് എത്തിക്കാനുള്ള ചുമതല ഡി.കെ ഏല്‍പിച്ചു. അങ്ങനെ എം.എല്‍.എമാരെ ഇപ്പോള്‍ റിസോര്‍ട്ട് രാഷ്ട്രീയത്തില്‍ കണ്ട അതേ ഈഗിള്‍ട്ടണ്‍ റിസോര്‍ട്ടിലേക്ക് മാറ്റി. വൈകാതെ സംരക്ഷണ ദൗത്യം ഡി.കെ നേരിട്ട് ഏറ്റെടുത്തു. വോട്ടെടുപ്പ് വേളയില്‍ സസ്പെന്‍സിനൊടുവില്‍ അഹമ്മദ് പട്ടേല്‍ ജയിച്ചു കയറി. 

റെഡ്ഡി സഹോദരന്മാരോളം വരില്ലെങ്കിലും ആള്‍ബലവും ബിസിനസ് ബന്ധങ്ങളും ആവോളമുള്ള ബിസിനസ്സുകാരനാണ് ഡി.കെ. അന്ന് അഹമ്മദ് പട്ടേല്‍ ജയിച്ചതിന്റെ ക്ഷീണം ബിജെപി തീര്‍ത്തത് എന്‍ഫോഴ്സ്മെന്റ് റെയ്ഡിലൂടെയായിരുന്നു. മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഡികെയുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നത്. ഇത്തവണയും റിസോര്‍ട്ട് രാഷ് ട്രീയത്തിനായി ചുക്കാന്‍ പിടിച്ചതും ഡി.കെയായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് ആളെ അടര്‍ത്തിയെടുത്താല്‍ തങ്ങളും അത് പയറ്റുമെന്ന പറയാനും അദ്ദേഹത്തിന് മടിയുണ്ടായില്ല, 

ഒരു ഘട്ടത്തില്‍ ബിജെപിയിലെ ആറ് എംഎല്‍എമാരുമായി അദ്ദേഹം ചര്‍ച്ചനടത്തിയതായി പോലും വാര്‍ത്തകള്‍ വന്നു. ഡി.കെ സുരേഷും ഡി.കെ ശിവകുമാറും നയിച്ച റിസോര്‍ട്ട് നാടകത്തില്‍ എം.എല്‍.എമാരുടെ പട്ടികയുമായി വിധാന്‍സൗധയില്‍ നിന്ന് ഈഗിള്‍ട്ടണിലേക്കും അവിടെ നിന്ന് നേരെ ഹൈദരബാദിലേക്കും തിരിച്ച് വിശ്വാസ വോട്ടിനായി നിയമസഭയിലേക്കും നീണ്ട നാടകത്തില്‍ ആദ്യവസാനം മാധ്യമങ്ങള്‍ക്ക് അപ്ഡേറ്റുകള്‍ നല്‍കിയതും തന്ത്രങ്ങള്‍ ഒരുക്കിയതും ഡികെയായിരുന്നു. 

മുഖ്യമന്ത്രി സ്ഥാനം മോഹിക്കുന്ന ഈ മുന്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരില്‍ ലക്ഷ്യമിടുന്നത് ഉപമുഖ്യമന്ത്രി കസേരയാണ്. കോണ്‍ഗ്രസിന്റെ ഈ ക്രൈസിസ് മാനേജര്‍ക്ക് പാര്‍ട്ടി അത് അനുവദിക്കുമോ എന്നത് കണ്ട് തന്നെ അറിയണം. കുമാരസ്വാമി മുഖ്യമന്ത്രിയാകുമ്പോള്‍ വോക്കലിഗ സമുദായക്കാരന്‍ തന്നെയായ ഡികെയെ കോണ്‍ഗ്രസും ഉപമുഖ്യമന്ത്രിയാക്കാനുള്ള സാധ്യതയും ചോദ്യചിഹ്നമാണ്. ക്രൈസിസ് മാനേജറെ അഗണിക്കാനും പാര്‍ട്ടിക്ക് അത്ര പെട്ടെന്ന് കഴിയില്ല. പക്ഷേ വെല്ലുവിളികള്‍ അതിജീവിച്ചതിനുള്ള പ്രത്യുപകാരം കിട്ടാതിരുന്നാല്‍ ഇത്തവണ ഡികെ കലാപക്കൊടി ഉയര്‍ത്താനും സാധ്യതയുണ്ട്. സിദ്ധരാമയ്യും പരമേശ്വരയും നയിക്കുന്ന കര്‍ണാടക കോണ്‍ഗ്രസില്‍ ഡി.കെ അവഗണിക്കാനാകാത്ത ശക്തിയാണെന്ന് കോണ്‍ഗ്രസ് നേൃത്വത്തിനും അറിയാം. 

ജനകീയത മാത്രം മതിയാകില്ല രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാന്‍ എന്ന് കോണ്‍ഗ്രസിനെ പഠിപ്പിച്ച രാഷ്ട്രീയ കാലാവസ്ഥയായിരുന്നു കഴിഞ്ഞുപോയത്. അതാണ് ഡി.കെയുടെ പ്രതീക്ഷ