കഴിഞ്ഞ ഫെബ്രുവരിയിലാണ് മാണ്ഡ്യയിലെ മേലുകോട്ടയില്‍ നിന്നുള്ള എംഎല്‍എയായ കെ.എസ്.പുട്ടണ്ണയ്യ ഹൃദയാഘാതം മൂലം മരിച്ചത്. കര്‍ഷകമുന്നേറ്റങ്ങള്‍ക്ക് അതികായനായ നേതാവിനെ നഷ്ടമായിരിക്കുന്നു എന്നാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പുട്ടണ്ണയ്യയുടെ മരണത്തെക്കുറിച്ച് അന്ന് പറഞ്ഞത്.
മണ്ണിന്റെ മനസ്സറിഞ്ഞ് തൊഴിലാളികള്‍ക്ക് ഒപ്പം നിന്ന നേതാവ് എന്നാണ് പുട്ടണ്ണയ്യയെക്കുറിച്ച് മേലുകോട്ടക്കാര്ക്ക് പറയാനുള്ളത്. അദ്ദേഹത്തിന് പകരക്കാരന് ആര് എന്ന ചോദ്യത്തിന് നാട്ടുകാര്‍ക്കും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും ഒരേ ഒരുത്തരമേ ഉണ്ടായിരുന്നുള്ളു, ദര്ശന് പുട്ടണ്ണയ്യ. അച്ഛന്റെ മരണം സൃഷ്ടിച്ച രാഷ്ട്രീയശൂന്യതയിലേക്ക് അദ്ദേഹത്തിന്റെ പകരക്കാരനാവാന്‍ തയ്യാറെടുക്കുകയാണ് 40കാരനായ ഈ സോഫ്റ്റ് വെയര്‍ കമ്പനി ഉടമ.

തന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് അച്ഛനൊരിക്കലും സംസാരിച്ചിട്ടില്ലെന്ന് ദര്ശന് പറയുന്നു. എനിക്കൊരിക്കലും രാഷ്ട്രീയപ്രവര്‍ത്തനത്തോട് താല്പര്യം തോന്നിയിരുന്നില്ല. അങ്ങനെയാണെങ്കില്‍ വേറൊരു പ്രവര്‍ത്തനമേഖലയില്‍ ഞാന്‍ ചുവടുറപ്പിക്കില്ലായിരുന്നല്ലോ. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ദര്ശന് ചോദിക്കുന്നു. ഡെന്‍വറില്‍ സ്വന്തമായി സോഫ്റ്റ് വെയര്‍ കമ്പനി നടത്തുകയാണ് അദ്ദേഹം. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ 15 വര്‍ഷത്തിനു ശേഷം കര്‍ണാടകയില്‍ താമസമുറപ്പിക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ ദര്ശന്.
കര്‍ണാടക സര്‍വ്വോദയ പാര്‍ട്ടിയെ പ്രതിനിധീകരിച്ചാണ് പുട്ടണ്ണയ്യ നിയമസഭയിലെത്തിയത്. കര്‍ണാടക രാജ്യ റെയിത്ത സംഘ എന്ന കര്‍ഷക സംഘടനയുടെ രാഷ്ട്രീയരൂപമാണ് കെ.എസ്.പി. ഇത് പിന്നീട് യോഗേന്ദ്രയാദവിന്റെ സ്വരാജ് പാര്‍ട്ടി ഇന്ത്യയുമായി ലയിക്കുകയായിരുന്നു. 2013ല്‍ ആകെ രേഖപ്പെടുത്തിയ വോട്ടുകളുടെ അമ്പത് ശതമാനവും സ്വന്തമാക്കിയാണ് പുട്ടണ്ണയ്യ ജയമുറപ്പിച്ചത്. ജെഡിഎസ് സ്ഥാനാര്‍ഥി സി.എസ്.പുട്ടരാജുവിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2008ല്‍ പുട്ടണ്ണയ്യയെ അതേസീറ്റില്‍ പരാജയപ്പെടുത്തിയത് പുട്ടരാജുവായിരുന്നു.
പുട്ടണ്ണയ്യയുടെ മകനെന്ന നിലയ്ക്ക് തിരഞ്ഞെടുപ്പ് വിജയം അനായാസമാണെന്ന് ദര്ശന് പ്രതീക്ഷിക്കുന്നു. പക്ഷേ, നിലവിലെ രാഷ്ട്രീയവ്യവസ്ഥിതികളില് പ്രവര്‍ത്തിക്കേണ്ടി വരിക എന്നത് വെല്ലുവിളി തന്നെയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സ്വന്തം നിലപാടുകളില്‍ ഉറച്ച് നിന്ന് പോരാടാന്‍ പുട്ടണ്ണയ്യക്ക് നിരവധി പ്രതിസന്ധികളെ തരണം ചെയ്യേണ്ടിവന്നിട്ടുണ്ട്. അദ്ദേഹം പകര്‍ന്നുനല്‍കിയ ആദര്ശങ്ങളനുസരിച്ചാവും തന്റെയും പ്രവര്‍ത്തനങ്ങളെന്നും ദര്ശന് പറഞ്ഞു.
ഭാര്യയും സ്കൂള്‍ വിദ്യാര്‍ഥികളായ രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തെയും കര്‍ണാടകയിലേക്ക് തിരികെകൊണ്ടുവരാനാണ് ദര്‍ശന്റെ തീരുമാനം. പിതാവിന്റെ മരണശേഷമാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ നിര്ബന്ധിതനായതെങ്കിലും തന്നില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ജനങ്ങളോട് നൂറുശതമാനം ആത്മാര്‍ഥതയോടെയുള്ള പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുമെന്ന് ദര്ശന് ഉറപ്പ് നല്കുന്നു.
മൈസൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും കാനഡയില്‍ നിന്ന് ബിരുദാനന്തരബിരുദവും നേടിയ ദര്ശന് 2002 മുതല്‍ അമേരിക്കയിലാണ് താമസം. എങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പിതാവിന് പൂര്‍ണപിന്തുണയുമായി പ്രചരണരംഗത്ത് ദര്ശന് സജീവമായിരുന്നു.
കോണ്‍ഗ്രസ് പുറത്തിറക്കിയ 218 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ മേലുകോട്ട മണ്ഡലമില്ല. എങ്കിലും മേലുകോട്ടയിലെ ദര്‍ശന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന സൂചന.