രാനിരിക്കുന്ന വലിയ പോരാട്ടത്തിന്റെ സെമിഫൈനലാണ് കര്‍ണാടകത്തില്‍ കണ്ടത്. 2019 ലക്ഷ്യമാക്കിയുള്ള അന്തിമപോരാട്ടത്തിന്റെ കേളികൊട്ട് കര്‍ണാടകത്തില്‍ അരങ്ങേറിയപ്പോള്‍ ബിജെപിക്ക് കൈപൊള്ളി. മുഖ്യമന്ത്രി പദം നഷ്ടമായെങ്കിലും ബിജെപിയെ തടയാന്‍ സ്വീകരിച്ച ത്യാഗം ബിജെപി വിരുദ്ധ വിശാലചേരിക്ക് ഇന്ധനം പകരുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷ വെക്കുന്നു. കര്‍'നാടക'ത്തിന്റെ ബാലന്‍സ് ഷീറ്റ് പരിശോധിക്കുമ്പോള്‍ ബിജെപിക്ക് അധികാരം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടതിന്റെ തിരിച്ചടിയേക്കാള്‍ രാജ്യം മുഴുവന്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാനങ്ങളില്‍ ബിജെപി  ഭരണം നേടിയതാണ് എന്ന പ്രതീതി സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും കഴിഞ്ഞു. അഴിമതി വിരുദ്ധ ഭരണവും കള്ളപ്പണത്തിനെതിരെ പോരാട്ടവും അവകാശപ്പെടുമ്പോള്‍ റെഡ്ഡിമാരുടെ പണം കൊടുത്ത് എംഎല്‍എമാരെ വിലക്കെടുക്കുന്ന രാഷ്ട്രീയം ബിജെപിക്ക് കര്‍ണാടകത്തില്‍ ഗുണം ചെയ്യുമെങ്കില്‍ മറ്റിടത്ത് അത് ഗുണത്തെക്കാള്‍ ദോഷകരമാകാനാണ് സാധ്യത. കേരളത്തില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് പത്ത് ദിവസം മാത്രമാണ് ശേഷിക്കുന്നത് എന്നതും ഓര്‍മിക്കണം.

തെന്നിന്ത്യയിലേക്കുള്ള തിരിച്ചുവരവ് ബിജെപി ഏറെക്കാലമായി കാണുന്ന സ്വപ്നമാണ്. മുമ്പ് രണ്ട് തവണ അധികാരത്തിലേറിയപ്പോഴും ഭൂരിപക്ഷമില്ലായിരുന്നു. വലിയ ഒറ്റകക്ഷിയായി ഭരിച്ചെങ്കിലും കാലാവധി തികയ്ക്കാന്‍ കഴിഞ്ഞില്ല. ഇത്തവണ എല്ലാ അടവും ബിജെപി പ്രയോഗിച്ചു. മോദി എന്ന താരപ്രചാരകന്‍ തന്നെയായിരുന്നു അവരുടെ മൂലധനം. അമിത് ഷാ നടത്തിയ തന്ത്രങ്ങളില്‍ യോഗി ആദിത്യനാഥിനും കൃത്യമായ റോളുണ്ടായിരുന്നു. കോണ്‍ഗ്രസിനെ കര്‍ണാടകത്തില്‍ തടയുക എന്നതിന് പിന്നില്‍ ബിജെപിക്ക് പല ലക്ഷ്യങ്ങളായിരുന്നു. കോണ്‍ഗ്രസ് കര്‍ണാടകത്തിലും പുറത്തായാല്‍ പിന്നെ പഞ്ചാബിലും പുതുച്ചേരിയിലും മിസോറാമിലുമായി ചുരുങ്ങും. കര്‍ണാടകം നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസിന്റെ ഫണ്ട് വരവ് നിലയ്ക്കും. അതാണ് കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ വിട്ടുകൊടുക്കാതെ കര്‍ണാടകത്തിനായി പോരടിച്ചത്. കര്‍ണാടകം കൈവിട്ടുപോയാലും അത് ബിജെപിയുടെ രാഷ്ട്രീയത്തെ തുറന്നുകാട്ടിയാകണം എന്നാണ് പാര്‍ട്ടി ആഗ്രഹിച്ചത് അതില്‍ അവര്‍ വിജയിച്ചു. റിസോര്‍ട്ട് രാഷ്ട്രീയവും ചാക്കിട്ടുപിടിത്തവും നിര്‍ബാധം അന്തരീക്ഷത്തില്‍ അലയടിച്ചപ്പോള്‍ ജനാധിപത്യത്തിന് ഒരു കറുത്ത അധ്യായം കൂടി രചിക്കപ്പെട്ടു. 

ബിജെപി വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടക്കാതെ പോയത് കോണ്‍ഗ്രസിന്റേയും ജെഡിഎസിന്റേയും ജാഗ്രതയും റിസോര്‍ട്ട് രാഷ്ട്രീയവുമായിരുന്നെങ്കിലും രാജിവെപ്പിച്ചാല്‍ ഉപതിരഞ്ഞെടുപ്പില്‍ ജയം ഉറപ്പാക്കാത്ത സാഹചര്യമാണ്. കാരണം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ത്രികോണ പോരാട്ടമായിരുന്നെങ്കില്‍ ഇനി നടക്കുന്നത് ബിജെപിയും എതിര്‍ചേരിയും തമ്മിലുള്ള പോരാട്ടമായിരിക്കും. ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണവും എംഎല്‍എമാരെ കടുത്ത തീരുമാനത്തില്‍നിന്ന് പിന്തിരിപ്പിച്ചേക്കാം

ഗോവയിലും അരുണാചലിലും മണിപ്പൂരിലും നടത്തിയ ഓപ്പറേഷന്‍ ബിജെപി കര്‍ണാടകത്തിലും ശ്രമിച്ചു എന്നത് മാത്രമേയുള്ളൂ. പക്ഷേ അവിടങ്ങളില്‍ ഈ തന്ത്രം പയറ്റിയപ്പോള്‍ ഉയരാത്ത നാണക്കേട് ഈ ഒറ്റ എപ്പിസോഡിലൂടെ ബിജെപിക്ക് പാപഭാരമായി. അഭിമാന പോരാട്ടമായി മാറിയ കര്‍ണാടക പോരാട്ടം ക്ലൈമാക്സിലേക്കെത്തുമ്പോള്‍ തന്നെ അധികാരം പിടിച്ചാലും ഇല്ലെങ്കിലും നാണക്കേട് കൂടുതല്‍ ബിജെപിക്ക് മാത്രമായി മാറി. അധികാരം പിടിച്ചാല്‍ അത് കോടികള്‍ എറിഞ്ഞ് നേടിയത് എന്ന ആക്ഷേപം. 

അഹമ്മദ് പട്ടേലിനെ രാജ്യസഭയിലെത്തിക്കാതിരിക്കാന്‍ നടത്തിയ കളി പാളിയതിന്റെ ക്ഷീണം ബാക്കി നില്‍ക്കെ വീണ്ടും ഒരു രാഷ്ട്രീയ പരാജയം സംഭവിച്ചിരിക്കുന്നു. ഒപ്പം റെഡ്ഡിമാരുടെ സംഭാഷണവും യെദ്യൂരപ്പയുടെ മകന്റെയും  യെദ്യൂരപ്പയുടെയും ശ്രീരാമുലുവിന്റെയും ചാക്കിട്ടുപിടുത്തത്തിന്റേതായി പുറത്തുവന്ന ഓഡിയോയും അടക്കം അന്തരീക്ഷയില്‍ നില്‍ക്കുന്നു. ഈ തോല്‍വിയിലും ലിംഗായത്ത് നേതാവിനെ പുറത്താക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും ഒന്നിച്ചു എന്ന് സ്ഥാപിച്ച് അടുത്ത തിരഞ്ഞെടുപ്പില്‍ ലിംഗായത്ത് വോട്ട് ഉറപ്പിക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. 

ഉത്തരേന്ത്യയില്‍ നഷ്ടപ്പെടുന്ന സീറ്റുകള്‍ക്ക് പകരമായി അമിത് ഷാ നോട്ടമിട്ടിരിക്കുന്നത് ദക്ഷിണേന്ത്യയില്‍നിന്നുള്ള അധികസീറ്റുകളാണ്. അതില്‍ പാര്‍ട്ടിക്ക് ഏറെ വേരോട്ടമുള്ള കര്‍ണാടകത്തെ ഏറെ ആശ്രയിക്കുന്നുണ്ട്. അധികാരത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ലോക്സഭയിലേക്ക് കാര്യങ്ങള്‍ സുഗമമാകില്ല. തമിഴ്നാട്ടിലും ആന്ധ്രയിലും തെലുങ്കാനയിലും ഒരു ഉറപ്പുമില്ല. കേരളത്തിലാണെങ്കില്‍ കാലങ്ങളായി ശ്രമിച്ചിട്ടും കര പറ്റാനായിട്ടില്ല. 

കോണ്‍ഗ്രസിനെ സംബന്ധിച്ച് കര്‍ണാടകം നിലനില്‍പിന്റെ പ്രശ്നമാണ്. മോദിയുടെ തട്ടകത്തില്‍ വിജയത്തിനടുത്ത് എത്താനായി. അത് വലിയ ആത്മവിശ്വാസം രാഹുലിനും നല്‍കി. പക്ഷെ, തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഗതി മനസ്സിലാക്കിയ കോണ്‍ഗ്രസ് വോട്ടെണ്ണലിന് മുന്നെ തയ്യാറാക്കിയ പ്ലാന്‍ ബി പ്രയോഗിച്ചു. 78 സീറ്റുണ്ടായിട്ടും മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശമുന്നയിക്കാതെ തങ്ങളുടെ പകുതി സീറ്റ് മാത്രമുണ്ടായിട്ടും ജെഡിഎസിന് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത് നിരുപാധിക പിന്തുണ വച്ചു. ജെഡിഎസിന് അതിലും മികച്ച ഒരു ഓഫര്‍ ലഭിക്കാനുമില്ലായിരുന്നു. ബിജെപിക്ക് ഇങ്ങനെ ഒരു പിന്തുണ നല്‍കാന്‍ കഴിയില്ലെന്ന് സോണിയ ഗാന്ധി അശോക് ഗെലോട്ടിനോടും ഗുലാം നബിയോടും പറഞ്ഞു. അങ്ങനെ സോണിയ മായാവതിയെ വിളിച്ച് ജെഡിഎസ് നേതൃത്വത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചു. കര്‍ണാടകത്തില്‍ ബിഎസ്പി ജെഡിഎസിനൊപ്പമായിരുന്നു മത്സരിച്ചത്. മായാവതി കുമാരസ്വാമിയുമായി സംസാരിച്ചു. അതിനെ തുടര്‍ന്ന് സോണിയ ദേവഗൗഡയെ വിളിക്കുന്നു. ഓഫര്‍ മുന്നോട്ടുവെക്കുന്നു. അതോടെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം ബിജെപി വിജയം ആഘോഷിക്കുന്നതിനിടെ രൂപപ്പെട്ടു. അത് ബിജെപി ക്യാമ്പ് പ്രതീക്ഷിച്ചതല്ല. സോണിയ ഗാന്ധിയുടെ ആ രാഷ്ട്രീയ തീരുമാനമാണ് ഇന്ന് കര്‍ണാടകത്തില്‍ ബി.ജെ.പിയെ തറ പറ്റിച്ചത്.

കര്‍ണാടക മോഡല്‍ ഗോവയിലും മേഘാലയയിലും മണിപ്പൂരിലും പിന്തുടരണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടപ്പോള്‍ ആര്‍ജെഡി ഇതേ ആവശ്യം ബിഹാറിലും ഉന്നയിച്ചു. ബിജെപിയുടെ നാവായ ചാനലുകള്‍ പോലും ഈ വിഷയം റിപ്പോര്‍ട്ട് ചെയ്യുന്നത് കണ്ടു. നൂറും നൂറ്റമ്പതും കോടി വാഗ്ദാനം ചെയ്യുന്നുവെന്ന ആരോപണം ബിജെപിക്ക് മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലേക്ക് നോക്കുമ്പോഴും ശുഭകരമായ വാര്‍ത്തയാകില്ല. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ പാര്‍ട്ടി ഒട്ടും പ്രതീക്ഷ കാണുന്നില്ല. മൂന്നു ടേമായി ഭരിക്കുന്ന മധ്യപ്രദേശില്‍ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നു. ചത്തീസ്ഗഢിലും സ്ഥിതി മറിച്ചല്ല. അജിത് ജോഗി വിട്ടുപോയതോടെ കോണ്‍ഗ്രസ് ദുര്‍ബലമാണ് എന്നതാണ് ചത്തീസ്ഗഢില്‍ ബിജെപിക്ക് ഇപ്പോഴും മുന്‍തൂക്കം നല്‍കുന്നത്. തെന്നിന്ത്യയിലും അധികാരത്തിലേക്കുള്ള ബിജെപിയുടെ വഴി അടഞ്ഞുതന്നെയെന്നാണ് ഇപ്പോഴത്തെ സാഹചര്യം വ്യക്തമാക്കുന്നത്.