ബെംഗളൂരു:  കര്‍ണാടക ഭരണം പിടിക്കാനുള്ള വീറും വാശിയും കോടതി കയറിയിറങ്ങിയപ്പോള്‍ മുന്‍തൂക്കം കോണ്‍ഗ്രസ് -ജെഡിഎസ് പക്ഷത്തിന്. കൃത്യമായ മുന്നൊരുക്കവും ആസൂത്രണവുമാണ് വിഷയം കോടതിയില്‍ വളരെപ്പെട്ടെന്ന് എത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞതിനു പിന്നില്‍. സത്യപ്രതിജ്ഞയില്‍ സ്റ്റേ എന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിലും കാര്യങ്ങള്‍ കോടതി വഴിയെത്തിയതും വിശ്വാസ വോട്ടെടുപ്പ് നാളെയാക്കി കിട്ടിയതും കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളാണ്. 

വിശ്വാസ വോട്ടെടുപ്പ് നാളെ നടത്താമോ എന്ന് കോടതി വാദത്തിനിടെ ചോദിച്ചപ്പോള്‍ കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഷേക് സിങ് ഉടന്‍ സമ്മതം അറിയിച്ചു. എന്നാല്‍ ബിജെപിയുടെ അഭിഭാഷകന്‍ മുന്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി ഇതിനെ എതിര്‍ത്തു. തിങ്കളാഴ്ച വരെ സമയം വേണമെന്നായിരുന്നു റോത്തഗിയുടെ ആവശ്യം. 24 മണിക്കൂറില്‍ കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് ജസ്റ്റിസ് എ.കെ സിക്രി പറഞ്ഞതോടെ വേറെ വഴിയില്ലാതായി. 

രഹസ്യ വോട്ടെടുപ്പ് എന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നിയമിക്കാനുള്ള നീക്കവും കോടതി തടഞ്ഞു. വിശ്വാസ വോട്ട് തെളിയിക്കുന്നത് വരെ നയപരമായ തീരുമാനങ്ങളോ നിയമങ്ങളോ നടത്തരുതെന്നും കോടതി യെദ്യൂരപ്പയ്ക്ക് നിര്‍ദേശം നല്‍കി. ഇതെല്ലാം കോടതിയുടെ മുന്നറിയിപ്പുകളാണ്

ഇനി സംഭവിക്കാന്‍ ഇടയുള്ള സാധ്യതകള്‍: 

എതിര്‍പാളയത്തില്‍നിന്ന് അംഗങ്ങളെ രാജിവെപ്പിച്ച് സഭയില്‍ അംഗങ്ങളുടെ എണ്ണം 207 ആക്കുക. ഇതിനു വേണ്ടത് 15 അംഗങ്ങള്‍ നിയമസഭയില്‍ എത്താതിരിക്കുകയോ ബി.ജെ.പിക്കു വേണ്ടി കൈ പൊക്കുകയോ ആണ്. വിപ്പുള്ളതിനാല്‍ ഇങ്ങനെ ചെയ്യുന്നവരുടെ അംഗത്വം റദ്ദാകും.

ഭൂരിപക്ഷം ഉറപ്പാകാതെ വന്നാല്‍ വിശ്വാസ വോട്ടിന് നില്‍ക്കാതെ യെദ്യൂരപ്പ രാജി നല്‍കിയേക്കാം. അല്ലെങ്കില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുകയും പരാജയം എറ്റുവാങ്ങുകയും ചെയ്യുക.

പതിനഞ്ച് പേരെ ചാക്കിടാന്‍ കഴിഞ്ഞാല്‍ അവരെ ഉപതിരഞ്ഞെടുപ്പില്‍ ജയിപ്പിക്കുക മറ്റൊരു വെല്ലുവിളിയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് ത്രികോണ മത്സരമാണെങ്കില്‍ ഇനി ഉപതിരഞ്ഞെടുപ്പില്‍ ഒരുവശത്ത് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യമാണ് മത്സരിക്കുക. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കില്ല. ഇത് മറുകണ്ടം ചാടുന്നവര്‍ക്ക് ഒരു ഭീഷണിയായി നില്‍ക്കുന്നു. 

ലിംഗായത്ത് മേധാവിത്തമുള്ളിടത്ത് നിന്നുള്ളതോ ബെല്ലാരി മേഖലയിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ സ്വാധീനിച്ചേക്കാം. അവരെ വീണ്ടും ജയിപ്പിച്ചെടുക്കാന്‍ ബിജെപിക്ക് ഒരു പക്ഷേ കഴിഞ്ഞേക്കാം. അപ്പോഴും രണ്ടോ മൂന്നോ പേരെയല്ല, 15 പേരെയെങ്കിലും രാജിവെപ്പിക്കണം. ഇതിനെല്ലാം ഉള്ളത് 24 മണിക്കൂര്‍ സമയം മാത്രം. ഒരുതരത്തിലുള്ള സ്വാധീനത്തിനും വഴങ്ങാതെ എംഎല്‍എമാരെ കോണ്‍ഗ്രസും ജെഡിഎസും ഹൈദരബാദിലാണ് എത്തിച്ചിരിക്കുന്നത്. നാളെ വിശ്വാസ വോട്ടെടുപ്പിന് മുമ്പ് മാത്രമായിരിക്കും ഇവരെ ബെംഗളൂരുവിലെത്തിക്കുക. 

Ghulam nabi Azad

ഹൈദരബാദിലെ റിസോര്‍ട്ടുകളിലാണെങ്കിലും ഫോണ്‍ വഴി എം.എല്‍.എമാരെ ബന്ധപ്പെടാതിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം മൊബൈല്‍ ആപ്പ് അടക്കമുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്.

ബിജെപിക്ക് തന്നെയായിരിക്കും ഗവര്‍ണറുടെ നറുക്ക് എന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് കോണ്‍ഗ്രസും ജെഡിഎസും കരുക്കള്‍ നീക്കിയത്. ഫലം വന്നയുടന്‍ വിലപേശലിന് നില്‍ക്കാതെ ജെഡിഎസിന് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത കോണ്‍ഗ്രസ് നടപടി ബിജെപിയെ ഞെട്ടിച്ചിരുന്നു. ആ ഷോക്കില്‍ നിന്നുണര്‍ന്ന ബിജെപി മറുതന്ത്രം പയറ്റി. അവര്‍ ഗവര്‍ണറുടെ കോര്‍ട്ടിലേക്ക് കളി നീക്കി. അവര്‍ പ്രതീക്ഷിച്ചത് പോലെ രാത്രി ഒമ്പതരയോടെ ഗവര്‍ണറുടെ വിളി യെദ്യൂരപ്പയ്ക്ക് എത്തി. ഗവര്‍ണറില്‍ നിന്ന് അനുകൂല തീരുമാനം വരില്ലെന്ന് ഉറപ്പിച്ച് തന്നെയായിരുന്നു ഫലം വന്നതുമുതല്‍ കോണ്‍ഗ്രസിന്റെ നീക്കം. 

ഗവര്‍ണറുടെ ക്ഷണം ബിജെപിക്ക് പോയാലുടന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കാണാന്‍ കോണ്‍ഗ്രസ് മനു അഭിഷേക് സിങ്‌വിയെ നിയോഗിച്ചു. ഗവര്‍ണര്‍ രാത്രി ഒമ്പതരയോടെ യെദ്യൂരപ്പയെ ക്ഷണിച്ചു. കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്ന് മനസ്സിലാക്കിയ ബിജെപി ക്യാമ്പ് സത്യപ്രതിജ്ഞ കോടതി കൂടുന്നതിന് മുമ്പായി രാവിലെ ഒമ്പതു മണിക്ക് നിശ്ചയിച്ചു. അത് കോണ്‍ഗ്രസ് പ്രതീക്ഷിച്ചില്ല. അതോടെ അര്‍ധരാത്രി തന്നെ കോടതി വിളിച്ചുണര്‍ത്തി കേസ് അവിടെയെത്തിച്ചു. ഒടുവില്‍ മൂന്നരമണിക്കൂര്‍ നീണ്ട വാദത്തിനൊടുവില്‍ സത്യപ്രതിജ്ഞ നടക്കട്ടെ എന്ന് കോടതി ഉത്തരവായി. അതോടെ ഇരുട്ടി വെളുത്തപ്പോള്‍ ചിരിച്ചത് യെദ്യൂരപ്പ. ബിജെപി ക്യാമ്പ് ആഘോഷിച്ചു. പക്ഷേ അത് അധികം നീണ്ടില്ല. 

ഇനി ഇരുപക്ഷവും തന്ത്രങ്ങളുമായി വിധാന്‍സൗധയിലേക്ക് നീങ്ങുകയാണ്. നാളെ നാല് മണി നിര്‍ണായകമാണ്. ഒരു പക്ഷെ, അതിന് മുമ്പ് യെദ്യൂരപ്പ രാജിവെച്ചേക്കാം. അല്ലെങ്കില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കും. അതുമല്ലെങ്കില്‍ നിയമസഭയില്‍ പരാജയം ഏറ്റുവാങ്ങാം. 

കര്‍ണാടകയില്‍ നടമാടുന്ന പുതിയ പരീക്ഷണങ്ങള്‍ ഭരണഘടന അടക്കമുള്ള നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങള്‍ക്കു നേരെയുള്ള വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ജനാധിപത്യം 100 കോടിയിലേക്കും റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്കും ചാക്ക് രാഷ്ട്രീയത്തിലേക്കും വഴിതെറ്റുന്ന നഗ്‌നദൃശ്യങ്ങളാണ് അനാവരണം ചെയ്യപ്പെട്ടു. പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം തന്നെ കൊടുത്തത് പോലെയായിരുന്നു വാജുഭായ് വാലയുടെ നടപടി. യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കാന്‍ ഏഴ് ദിവസം ചോദിച്ചപ്പോള്‍ ഗവര്‍ണര്‍ അനുവദിച്ചത് 15 ദിവസം. 

മുമ്പെങ്ങുമില്ലാത്ത വിധം പ്രതിപക്ഷം ഐക്യത്തോടെ നീങ്ങുന്നതും കര്‍ണാടകയില്‍ കണ്ടു. ഒരു പക്ഷെ, ബി.ജെ.പിയെ ഏറ്റവുമധികം പ്രകോപിപ്പിക്കുന്നതും ഇതുതന്നെ. പൊതു തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പ്രതിപക്ഷം ഒരുമിക്കുന്നത് മോദിയുടെ രണ്ടാം വരവെന്ന സ്വപ്‌നങ്ങളെ ആയിരിക്കുമെന്ന് അവര്‍ക്ക് നന്നായറിയാം. ഈ കളി ജയിച്ചില്ലെങ്കില്‍ ബിജെപിക്ക് അതുണ്ടാക്കുന്ന നാണക്കേട് ചെറുതായിരിക്കില്ല. മറിച്ചാണെങ്കില്‍ കോണ്‍ഗ്രസ് പഞ്ചാബ് പോണ്ടിച്ചേരി പരിവാര്‍ പാര്‍ട്ടിയായി ചുരുങ്ങും.

Content Highlights: Karnataka Election Result 2018